ഇന്‍ഡോര്‍: സ്റ്റാന്‍ഡ്അപ് ഹാസ്യതാരം മുനാവര്‍ ഫറൂഖി ജയില്‍ മോചിതനായി. മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായിരുന്നു മുനാവര്‍. ശനിയാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് മുനാവര്‍ ജയില്‍മോചിതനായത്.
സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ഇന്‍ഡോറിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിനെ ബന്ധപ്പെട്ട ശേഷമാണ് മോചനം ലഭിച്ചത്. വെള്ളിയാഴ്ച സുപ്രീംകോടതി മുനാവറിന് ജാമ്യം നല്‍കിയിരുന്നു.എന്നാല്‍ ഉത്തരവിന്റെ സര്‍ട്ടിഫൈഡ് പകര്‍പ്പ് ലഭിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് പോലീസ് ജയില്‍ മോചനം വൈകിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് സുപ്രീംകോടതി ജഡ്ജി നേരിട്ട് ഇന്‍ഡോറിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിനെ ടെലിഫോണില്‍ ബന്ധപ്പെടുകയും സുപ്രീംകോടതിയുടെ നിര്‍ദേശം പാലിക്കണമെന്ന് വാക്കാല്‍ നിര്‍ദേശിക്കുകയുമായിരുന്നു.
ഹാസ്യ പരിപാടിക്കിടയില്‍ ഹിന്ദുദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തി മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ജനുവരി ഒന്നിനാണ് ഇന്‍ഡോര്‍ പോലീസ് മുനാവര്‍ ഫാറൂഖിയെ അറസ്റ്റ് ചെയ്തിരുന്നത്. മധ്യപ്രദേശ് ഹൈക്കോടതി മുനാവറിന് ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെതിരായ അപ്പീലിലാണ് കഴിഞ്ഞ വെളളിയാഴ്ച സുപ്രീംകോടതി മുനാവറിന് ഇടക്കാല ജാമ്യം അനുവദിച്ചത്.
Content Highlights: Munawar Faruqui released from Indore Jail
Published: 07 Feb 2021, 06:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented