ന്യൂഡൽഹി: കേംബ്രിഡ്ജിലെ വാഴ്സിറ്റി റെസ്റ്റോറന്റിൽ തന്റെ പെൺസുഹൃത്തിനൊപ്പം പോയതിനേക്കുറിച്ച് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ വലിയ വാർത്തയായിരുന്നു. രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും ആദ്യമായി കണ്ടുമുട്ടിയ റെസ്റ്റോറന്റിൽ, താൻ പഠിക്കുന്ന കാലത്ത് പെൺസുഹൃത്തിനൊപ്പം പോയ അനുഭവമാണ് രാഹുൽ ഗാന്ധി പറ‍‌ഞ്ഞത്. സോണിയയുടെ ഓർമക്കുറിപ്പായ 'ബിലോങിങ്: എ ജേണി ഓഫ് ലവ്' പ്രകാശനച്ചടങ്ങിലായിരുന്നു രാഹുലിൽ ഇക്കാര്യം പറഞ്ഞത്. 

To advertise here,

രാഹുലിന്റെ വെളിപ്പെടുത്തലിനു പിന്നാലെ സദസ്സിൽനിന്നുണ്ടായ പ്രതികരണവും ശ്രദ്ധേയമായി. ആ പെൺസുഹൃത്ത് ആരാണെന്നും അവർ എവിടെയാണെന്നും ഒരാൾ സദസ്സിൽനിന്ന് ചോദിച്ചു. 'അവൾ ഇപ്പോൾ എന്റെ സുഹൃത്താണ്' എന്നായിരുന്നു രാഹുലിന്റെ മറുപടി.

വിദ്യാർഥികളായിരിക്കെ, കേംബ്രിഡ്ജിലെ വാഴ്സിറ്റി റെസ്റ്റോറന്റിലായിരുന്നു രാഹുലിന്റെ മാതാപിതാക്കളായ രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും ആദ്യമായി കണ്ടുമുട്ടിയത്. വർഷങ്ങൾക്കുശേഷം കേംബ്രിഡ്ജിലെത്തിയപ്പോൾ ഈ റസ്റ്റോറന്റ് കാണണമെന്ന് രാഹുലിന് ആഗ്രഹം തോന്നി. തുടർന്ന് അന്നത്തെ പെൺസുഹൃത്തിനൊപ്പം പോകുകയായിരുന്നു.

റെസ്റ്റോറന്റിലെ ജീവനക്കാരനോട് തന്റെ മാതാപിതാക്കൾ ഇവിടെവെച്ചാണ് കണ്ടുമുട്ടിയതെന്ന് രാഹുൽ പറഞ്ഞു. ഇത് കേട്ട ജീവനക്കാരൻ അവരെ തിരിച്ചറിഞ്ഞ കാര്യവും രാഹുൽ സംസാരത്തിനിടെ പറഞ്ഞു.

ഓർമക്കുറിപ്പിൽ പരാമർശിച്ചതിനേക്കാൾ തവണ അമ്മ അർബുദത്തിനോട് പോരാടിയിട്ടുണ്ടെന്നും നാലുതവണയാണ് അവർ അർബുദത്തെ അതിജീവിച്ചതെന്നും രാഹുൽ പറഞ്ഞു.

എന്റെ ജീവിതത്തിൽ ഒരിക്കൽപ്പോലും അമ്മ ഭയപ്പെടുന്നതായി ഞാൻ കണ്ടിട്ടില്ല. ഒരിക്കൽപ്പോലും അവർ പിന്നോട്ടുപോകുന്നതും കണ്ടിട്ടില്ല' - രാഹുൽ കൂട്ടിച്ചേർത്തു. രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും എല്ലാവരെയും എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നും പിതാവ് അമ്മയെക്കുറിച്ച് എത്രമാത്രം അഭിമാനിക്കുമായിരുന്നുവെന്നും രാഹുൽ ചടങ്ങിൽ പറഞ്ഞു. പ്രിയങ്ക ഗാന്ധിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.

രാജീവ് ഗാന്ധി വധത്തിനുശേഷമുള്ള അതികഠിനമായ കാലഘട്ടത്തെക്കുറിച്ച് സോണിയ ഗാന്ധി ചടങ്ങിൽ സംസാരിച്ചു. രാഹുൽ ഗാന്ധിയെ ഹാർവഡ് സർവകലാശാലയിൽനിന്ന് മറ്റൊരു അമേരിക്കൻ കോളേജിലേക്ക് മാറ്റേണ്ടിവന്നത് സുരക്ഷാഭീഷണിയെ തുടർന്നാണെന്നും അവർ പറഞ്ഞു.

ബാക്കിയുള്ളവരുടെ സുരക്ഷയും അപകടത്തിലാകുമെന്നതിനാൽ ഹാർവഡിൽ രാഹുൽ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ അനുവദിച്ചില്ലെന്നും തുടർന്ന് ഇവിടുത്തെ ഉദ്യോഗസ്ഥർ അവിടുത്തെ സുരക്ഷാ വിഭാഗവുമായി സംസാരിച്ച് മറ്റൊരു കോളേജിൽ പ്രവേശനം ഒരുക്കിയതായും സോണിയ വെളിപ്പെടുത്തി. അവിടെ ഭൂരിഭാഗവും അമേരിക്കൻ വിദ്യാർഥികളായിരുന്നു. രാഹുൽ വേറൊരു പേരിലാണ് അവിടെ പഠിച്ചത്. യഥാർഥ പേര് അവിടെയുള്ളവർ അറിയാതിരിക്കാൻ ശ്രദ്ധിച്ചു. കുടുംബത്തെക്കുറിച്ച് സംസാരിച്ചതേയില്ല. സുഹൃത്തുക്കളുമായി ഇടപഴകുന്നതും ആശയവിനിമയം നടത്തുന്നതും രാഹുലിന് ബുദ്ധിമുട്ടുണ്ടാക്കിയിരിക്കാം, സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.