ന്യൂഡൽഹി: വായുമലിനീകരണത്തിൽ വലഞ്ഞ് ഡൽഹി. ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് രേഖപ്പെടുത്തിയ എക്യുഐ 263 ആണ്. 201 മുതൽ 300 വരെയുള്ള ഗുണനിലവാരം ‘മോശം’ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. എന്നാൽ ചിലയിടങ്ങളിൽ വളരെ മോശം വിഭാഗത്തിലേക്ക് വായുവിന്റെ ഗുണനിലവാരം എത്തിച്ചേർന്നിട്ടുണ്ട്.

To advertise here,

നവംബർ 16 ഞായറാഴ്ച്ച ഉച്ചയോടെ വായു ഗുണനിലവാരം 90 ആയത് നേരിയ ആശ്വാസം നൽകിയിരുന്നു. എന്നാൽ, മലിനീകരണ തോത് ഉയർന്നതിനെ തുടർന്ന് വായുഗുണനിലവാരം വീണ്ടും മോശമാകുകയായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ അഞ്ചിന് ഡൽഹിയിലെ വിവിധ വായുനിലവാര നിരീക്ഷണ കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയ എക്യുഐ:

- ആനന്ദ് വിഹാർ – 222 (മോശം)

- അലിപുർ – 244 (മോശം)

- അയ നഗർ – 284 (മോശം)

- ബുരാരി – 261 (മോശം)

- ചാന്ദ്‌നി ചൗക്ക് – 326 (വളരെ മോശം)

- ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം (ടി3) – 242 (മോശം)

- ഐഐടി ഡൽഹി – 320 (വളരെ മോശം)

- ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം – 243 (മോശം)

- ജെഎൻയു – 315 (വളരെ മോശം)

- നരേല – 243 (മോശം)

- രോഹിണി – 263 (മോശം)

- വിവേക് വിഹാർ – 269 (മോശം)

- സിരിഫോർട്ട് – 358 (വളരെ മോശം)

സിരിഫോർട്ടിലാണ് ഏറ്റവും ഉയർന്ന എക്യുഐ രേഖപ്പെടുത്തിയത്. ചാന്ദ്‌നി ചൗക്കിലും ഐഐടി ഡൽഹിയിലും ജെഎൻയുവിലും വായുനിലവാരം വളരെ മോശം വിഭാഗത്തിലായിരുന്നു.

ചൊവ്വാഴ്ച ഡൽഹിയിൽ ആകാശം പൊതുവേ തെളിഞ്ഞ നിലയിലായിരിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാവിലെ മിക്കയിടങ്ങളിലും മൂടൽമഞ്ഞോ നേരിയ മൂടൽമഞ്ഞോ അനുഭവപ്പെട്ടേക്കും. ചിലയിടങ്ങളിൽ മിതമായ മൂടൽമഞ്ഞിനും സാധ്യതയുണ്ട്.

13 മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും കുറഞ്ഞ താപനില. ഉയർന്ന താപനില 26 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കാൻ സാധ്യതയുണ്ട്. നവംബർ 18, 19, 20 തീയതികളിലും ആകാശം തെളിഞ്ഞതായിരിക്കും.