ചെന്നൈ: ജുഡീഷ്യൽ ചുമതലകൾ എങ്ങനെ നിർവഹിക്കണമെന്ന് തനിക്ക് ഉപദേശം നൽകിയ സി.പി.എം. മധുര എം.പി. സു. വെങ്കടേശന്റെ ജീവിതശൈലിയെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ. തമിഴ്‌നാട്ടിലെ പൊതുലൈബ്രറികളിലേക്ക് പുസ്തകങ്ങൾ വാങ്ങിയതിലെ ക്രമക്കേട് സംബന്ധിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ബ്രാൻഡഡ് വസ്ത്രങ്ങളും വിലകൂടിയ മെഴ്സിഡസ് ബെൻസ് കാറും ഉപയോഗിക്കുന്ന എം.പിയുടെ രീതികളെയും അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് ആശയങ്ങളെയും ജഡ്ജി പരസ്യമായി വിമർശിച്ചത്.

To advertise here,

ഏകദേശം ആറുമാസം മുമ്പ് ചെന്നൈ റെയിൽവേ സ്റ്റേഷനിൽവെച്ച് എം.പിയെ കണ്ടുമുട്ടിയ സംഭവം ജസ്റ്റിസ് സ്വാമിനാഥൻ കോടതിയിൽ ഓർത്തെടുത്തു. ചെന്നൈയിൽനിന്ന് മധുരയിലേക്കുള്ള പാണ്ഡ്യൻ എക്സ്പ്രസ് ട്രെയിനിൽ കയറാൻ എത്തിയപ്പോൾ സ്റ്റേഷന് പുറത്ത് ഒരു മെഴ്സിഡസ് ബെൻസ് കാർ നിൽക്കുന്നത് കണ്ടതായി ജഡ്ജി പറഞ്ഞു. ബ്രാൻഡഡ് വസ്ത്രങ്ങളും ഷൂസും ധരിച്ച് കാറിൽ നിന്നിറങ്ങിയ വ്യക്തിയെ കണ്ടപ്പോൾ ഏതെങ്കിലും കോർപ്പറേറ്റ് എക്സിക്യൂട്ടീവ് ആയിരിക്കും എന്നാണ് താൻ ആദ്യം കരുതിയത്. പിന്നീട് സൂക്ഷിച്ചു നോക്കിയപ്പോഴാണ് അത് സു. വെങ്കടേശൻ എം.പിയാണെന്ന് മനസ്സിലായതെന്നും അദ്ദേഹം വ്യക്തമാക്കി.

വെങ്കടേശൻ ഫസ്റ്റ് എ.സി കോച്ചിലേക്കാണ് പോയതെന്നും താൻ സ്ലീപ്പർ ക്ലാസ് കോച്ചിലേക്കാണ് പോയതെന്നും ജഡ്ജി പറഞ്ഞു. ‘സർ, ജഡ്ജ് സർ, താങ്കൾ എവിടെയ്ക്കാണ് പോകുന്നത്?’ എന്ന് എം.പി ചോദിച്ചപ്പോൾ. ‘ഞാൻ സാധാരണയായി സ്ലീപ്പർ ക്ലാസിലാണ് യാത്ര ചെയ്യാറുള്ളത്’ എന്ന് താൻ മറുപടി നൽകിയതായി ജസ്റ്റിസ് സ്വാമിനാഥൻ വ്യക്തമാക്കി.

‘ഇദ്ദേഹം ഒരു കമ്യൂണിസ്റ്റ് നേതാവാണെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ, വരുന്നത് വിലകൂടിയ ബെൻസ് കാറിലാണ്, ധരിച്ചിരിക്കുന്നത് മുഴുവൻ ബ്രാൻഡഡ് സാധനങ്ങളും. പുസ്തകങ്ങളുടെ റോയൽറ്റി കൊണ്ട് ഇത്തരമൊരു ജീവിതശൈലി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമോ എന്ന് എനിക്കറിയില്ല’ ജഡ്ജി പറഞ്ഞു. ഇത്തരമൊരു വ്യക്തിയാണ് ഒരു ജഡ്ജി എന്ന നിലയിൽ താൻ എന്താണ് ചെയ്യേണ്ടതെന്ന് ഇപ്പോൾ തന്നെ ഉപദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോയമ്പത്തൂരിലെ പെരിയാർ അറിവുലകം ലൈബ്രറി ക്രമക്കേട് കേസിന്റെ പശ്ചാത്തലത്തിൽ ജസ്റ്റിസ് സ്വാമിനാഥൻ നടത്തിയ പരാമർശങ്ങളെ വെങ്കടേശൻ വിമർശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടിയത്. ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവേ വിവാദമായ പുസ്തകങ്ങൾ പിൻവലിച്ചതിനെത്തുടർന്ന് ഒഴിഞ്ഞുകിടക്കുന്ന അലമാരകളിൽ, കാഞ്ചി ശങ്കരാചാര്യരുമായി ബന്ധപ്പെട്ട ആത്മീയ പുസ്തകങ്ങൾ വെക്കാമെന്ന് ജസ്റ്റിസ് സ്വാമിനാഥൻ തമാശരൂപേണ പറഞ്ഞിരുന്നു. 

പിന്നാലെ ഇതിനെ വിമർശിച്ച് വെങ്കടേശനും രംഗത്തെത്തി. ലൈബ്രറി ക്രമക്കേട് എന്നത് അഴിമതിയാണെന്നും കുറ്റക്കാർക്കെതിരെ നിയമപ്രകാരം ശിക്ഷ ഉറപ്പാക്കുകയാണ് വേണ്ടതെന്നും എം.പി ചൂണ്ടിക്കാട്ടി. അഴിമതിക്ക് ശിക്ഷ നൽകുക എന്നത് ജഡ്ജിമാരുടെ ചുമതലയാണെന്നും എന്നാൽ പാപപരിഹാരം നിശ്ചയിക്കുന്നത് ജ്യോത്സ്യന്മാരുടെ പണിയാണെന്നും അദ്ദേഹം വിമർശിച്ചു.

ഇതിന് മറുപടിയായി, തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ തന്റെ മുൻ പരാമർശം ഒരു തമാശ മാത്രമായിരുന്നുവെന്ന് ജസ്റ്റിസ് സ്വാമിനാഥൻ വ്യക്തമാക്കി. ‘ഞാൻ വെറുമൊരു തമാശ പറഞ്ഞതാണ്. അത് തമാശയായി മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു’ എന്ന് അദ്ദേഹം പറഞ്ഞു. വ്യാജ പുസ്തകങ്ങൾ വാങ്ങി അവിടെ വെച്ചതിലൂടെ അവർ പാപം ചെയ്തുവെന്നും, ആത്മീയ പുസ്തകങ്ങൾ പകരംവെച്ച് ആ പാപം കഴുകിക്കളയട്ടെ എന്ന അർത്ഥത്തിലാണ് ലഘുവായി അങ്ങനെ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.