ന്യൂഡൽഹി: ഇസ്‌കോൺ, പെന്തകൊസ്ത്, താന്ത്രിക്, ഗോരഖ് നാഥ്, ശ്രീ റാം, ബിഷ്‌ണോയി തുടങ്ങി 287 വിഭാഗങ്ങളെ സെൻസസിന്റെ സെൽഫ് എന്യുമറേഷൻ പോർട്ടലിൽ ‘മറ്റ് മതങ്ങളുടെ’ പട്ടികയിൽ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയെന്ന് ദ ഹിന്ദു റിപ്പോർട്ട്. എന്നാൽ ഈ വർഗീകരണത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ചോദ്യമുന്നയിച്ചതിന് പിന്നാലെ പോർട്ടലിലെ ഡ്രോപ് ഡൗൺ മെനുവിൽനിന്ന് ഇവ അപ്രത്യക്ഷമായെന്നും റിപ്പോർട്ട് പറയുന്നു.
സെൻസസിന്റെ പോപ്പുലേഷൻ എന്യൂമറേഷൻ ഘട്ടത്തിൽ, വ്യക്തികൾക്ക് സ്വന്തം നിലയ്ക്ക് വിവരങ്ങൾ രേഖപ്പെടുത്താനുള്ളതാണ് സെൽഫ് എന്യുമറേഷൻ പോർട്ടൽ. അടുത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിൽനിന്നുള്ളവർക്ക് വിവരം ചേർക്കാൻ നവംബർ 16-നാണ് പോർട്ടൽ പ്രവർത്തന സജ്ജമായത്.
ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധമതം, ജൈനമതം, മറ്റുള്ളവർ എന്നിങ്ങനെ ഏഴ് വിഭാഗങ്ങളായിരുന്നു മതം രേഖപ്പെടുത്താൻ മുൻ സെൻസസുകളിൽ ഉണ്ടായിരുന്നത്. ഇതാദ്യമായാണ് ‘മറ്റുള്ളവർ’ എന്ന വിഭാഗം വിപുലപ്പെടുത്തുന്നത്. ഇപ്പോൾ കൂട്ടിച്ചേർത്ത ഈ 287 വിഭാഗങ്ങളിൽ പലതും മുൻപ്, മേൽപ്പറഞ്ഞ ആറ് മതങ്ങൾക്കകത്ത് ഉൾപ്പെടുത്തിയിരുന്നവയായിരുന്നു. മറ്റു ചില വിഭാഗങ്ങളാകട്ടെ, 2001, 2011 സെൻസസുകളിൽ 'മറ്റ് മതങ്ങളും വിശ്വാസരീതികളും' എന്ന വിഭാഗത്തിൽ പ്രതികരിച്ചവർ രേഖപ്പെടുത്തിയ പേരുകളായി കണക്കാക്കിയിരുന്നവയാണ്.
ഡ്രോപ് ഡൗൺ മെനു അപ്രത്യക്ഷമായതിന് പിന്നാലെ ആർജി ആൻഡ് സിസിഐ (രജിസ്ട്രാൾ ജനറൽ ആൻഡ് സെൻസസ് കമ്മിഷണർ ഓഫ് ഇന്ത്യ) പ്രതിനിധി നടത്തിയ പ്രതികരണത്തിൽ- ആറ് പ്രധാന മതങ്ങൾക്ക് പുറമെ 'മറ്റുള്ളവ' എന്നൊരു വിഭാഗം കൂടിയുണ്ടെന്നും മുൻ സെൻസസുകളിലേതുപോലെ ഈ വിഭാഗത്തിൽ പ്രതികരണം രേഖപ്പെടുത്തുന്ന വ്യക്തിക്ക് താൻ പിന്തുടരുന്ന മറ്റേതെങ്കിലും മതത്തിന്റെ പേര് സ്വതന്ത്രമായി രേഖപ്പെടുത്താമെന്നും വ്യക്തമാക്കി. പട്ടികയിൽ പരാമർശിച്ചിട്ടുള്ള വിഭാഗങ്ങളെ 'മറ്റ് മതങ്ങൾ' എന്ന നിലയിൽ ഉൾപ്പെടുത്തിയെന്ന വാദം തെറ്റാണെന്നും ആർജി ആൻഡ് സിസിഐ പ്രതിനിധി കൂട്ടിച്ചേർത്തു.
ഒരു വ്യക്തി, മറ്റേതെങ്കിലും മതവിശ്വാസമാണ് പിന്തുടരുന്നതെന്ന് അറിയിക്കുമ്പോൾ എന്യുമറേറ്റർക്ക് അക്ഷരത്തെറ്റുകളും മറ്റും ഒഴിവാക്കി ഫോം പൂരിപ്പിക്കാൻ സഹായിക്കുന്നതിനാണ് 'മറ്റുള്ളവ' എന്ന വിഭാഗത്തിൽ ഈ പേരുകൾ 'പ്രെഡിക്റ്റീവ് ടെക്സ്റ്റ് എൻട്രികൾ' ആയി ഉൾപ്പെടുത്തിയതെന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥൻ ദ ഹിന്ദുവിനോട് പറഞ്ഞു. ഉദാഹരണത്തിന്, താൻ ഇസ്‌കോണിന്റെ അനുയായിയാണെന്ന് ഒരു വ്യക്തി അറിയിച്ചാൽ, അക്ഷരത്തെറ്റുകളോ അക്ഷരവിന്യാസത്തിലെ വ്യത്യാസങ്ങളോ ഇല്ലാതെ ആ പേര് സ്വയം പൂരിപ്പിക്കാൻ ഈ പ്രെഡിക്റ്റീവ് ടെക്സ്റ്റ് സംവിധാനം സഹായിക്കുമെന്നാണ് അദ്ദേഹം വിശദീകരിച്ചത്. എന്നാൽ, ഇവ എങ്ങനെയാണ് ഡ്രോപ്പ്-ഡൗൺ മെനുവിൽ തിരഞ്ഞെടുക്കാവുന്ന ഓപ്ഷനുകളായി പ്രത്യക്ഷപ്പെട്ടതെന്ന കാര്യം പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
Content Highlights: Self-enumeration portal for census listed 287 groups under 'other religions'., Included sects like ISKCON, Pentecost, Tantrik, and Gorakh Nath., Dropdown menu options disappeared after queries to the Home Ministry., RGI clarified they are predictive text entries to avoid spelling mistakes, not separate religions.
Published: 17 Nov 2026, 01:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented