മനാമ: ബഹ്റൈനിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം. ഞായറാഴ്ചയാണ് ബഹ്റൈനിലെ യു.എസ്. താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ ഡ്രോണുകൾ അയച്ചത്. ഇറാന്റെ വ്യോമാക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തടയുകയും തകർക്കുകയും ചെയ്തതായി ബഹ്റൈൻ വ്യക്തമാക്കി.

To advertise here,

അമേരിക്കയുടെ ശത്രുതാപരമായ നടപടികൾക്കുള്ള തിരിച്ചടിയായി ബഹ്റൈനിലെ യു.എസ് സൈനിക താവളത്തിന് നേരെ ആറ് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വ്യക്തമാക്കിയതായി ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

രണ്ട് ദിവസം മുമ്പ് ബഹ്റൈനിലെ അമേരിക്കയുടെ എർലി വാണിംഗ് (ആദ്യ മുന്നറിയിപ്പ്) റഡാർ സംവിധാനത്തിന് നേരെ ആക്രമണം നടത്തിയതായും റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടിരുന്നു. എന്നാൽ റഡാർ സംവിധാനം ആക്രമിക്കപ്പെട്ടെന്ന അവകാശവാദം അമേരിക്കൻ സൈന്യം തള്ളി. യാതൊരു നാശനഷ്ടവും കൂടാതെ ഇറാന്റെ രണ്ട് ഡ്രോണുകൾ തടഞ്ഞതായി യു.എസ് സൈന്യം വ്യക്തമാക്കി.

ബഹ്റൈന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ശക്തമായി അപലപിച്ചു. ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.