ഹരിപ്പാട്: ഡോക്ടറാകാനുള്ള സ്വപ്നങ്ങളുമായി ഉസ്ബെക്കിസ്താനിലേക്ക് പറന്ന ഹരിപ്പാട് സ്വദേശിനി സാവര്യ ബസന്തിന്റെ ജീവൻ സഹപാഠിയുടെ ക്രൂരതയിൽ പൊലിഞ്ഞിട്ട് നാല് മാസം. കേരളത്തെ നടുക്കിയ ആ കൊലപാതകക്കേസിൽ, പ്രതിയായ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സദറുൾ അനമിന് ഉസ്ബെക്കിസ്താൻ വിചാരണക്കോടതി എട്ടരവർഷം തടവുശിക്ഷ വിധിച്ചു.

To advertise here,

നാട്ടിലേക്ക് മടങ്ങാൻ വിമാനടിക്കറ്റ് എടുത്തു കാത്തിരുന്ന 22-കാരിയെ രണ്ടുദിവസത്തോളം മുറിയിൽ പൂട്ടിയിട്ട് അതിക്രൂരമായി മർദിച്ചും ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ചുമാണ് പ്രതി കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. നാലുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി കോടതി വിധി പ്രസ്താവിക്കുമ്പോൾ, നീതിയുടെ ആദ്യപടിയിലേക്കുള്ള ആശ്വാസത്തിനൊപ്പം മകളുടെ വേർപാടിന്റെ തീരാവേദനയിലാണ് സാവര്യയുടെ കുടുംബം.

മലയാളി മെഡിക്കൽ വിദ്യാർഥിനി സാവര്യ ബസന്ത് (22) ഉസ്‌ബെക്കിസ്താനിൽ കൊല്ലപ്പെട്ട കേസിലാണ് സഹപാഠി മലപ്പുറം പെരിന്തൽമണ്ണ എരുവത്ത് കിഴക്കേത്തൊടിയിൽ സദറുൾ അനമിന് (23) തടവുശിക്ഷ വിധിച്ചത്. ഉസ്‌ബെക്കിസ്താനിലെ വിചാരണക്കോടതിയാണ് ശിക്ഷ വിധിച്ചതെന്ന് സാവര്യയുടെ അച്ഛൻ ബസന്ത് പറഞ്ഞു.

ഡോക്ടറാകണമെന്നമോഹം

ഉസ്‌ബെക്കിസ്താനിൽ മെഡിക്കൽപഠനം നടത്തിവരികയായിരുന്ന സാവര്യ അതിക്രൂരമായാണ് കൊല്ലപ്പെട്ടത്. 2025 ഡിസംബറിലാണ് സാവര്യ ഉപരിപഠനത്തിനായി ഉസ്‌ബെക്കിസ്താനിലെത്തിയത്. സാവരിയയും അനാമും തമ്മിൽ സംസാരിച്ചുനിൽക്കുന്നതിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തെത്തുടർന്ന് പ്രതി ലാപ്ടോപ്പ് കൊണ്ട് സാവരിയയുടെ തലയ്ക്കടിക്കുകയായിരുന്നു എന്നാണ് പ്രാഥമികഘട്ടത്തിൽ പറഞ്ഞത്. എന്നാൽ, അന്വേഷണത്തിൽ അതിക്രൂര മർദനത്തിനിരയായാണ് സാവര്യ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി.

സംഭവമറിഞ്ഞ് ഉസ്ബെക്കിസ്താനിലെത്തുമ്പോൾ സാവര്യയുടെ ശരീരത്തിലാകെ മർദനമേറ്റ പാടുണ്ടായിരുന്നെന്ന് ബന്ധു ജനീഷ് പറഞ്ഞു. സാവര്യയുടെ അമ്മ മിനിയുടെ സഹോദരീഭർത്താവാണ് ജനീഷ്. സാവര്യ അപകടത്തിൽപ്പെട്ടെന്നാണ് കുടുംബത്തെ ആദ്യം വിളിച്ച് അറിയിച്ചത്. തലയ്ക്കു പരിക്കേറ്റെന്നും ഓപ്പറേഷൻ തിയേറ്ററിലാണെന്നുമാണ് പറഞ്ഞത്. ഇതറിഞ്ഞ് ഉടൻതന്നെ ദുബായിൽനിന്നു സാവര്യയുടെ ബന്ധു പുറപ്പെട്ടു. അപ്പോഴേക്കും സാവര്യ മരിച്ചെന്ന വിവരവും ലഭിക്കുകയായിരുന്നു.

തടവിലാക്കി ക്രൂരമായി ആക്രമിച്ചു

മൃതദേഹം നാട്ടിൽ എത്തിച്ചശേഷം വണ്ടാനം മെഡിക്കൽ കോളേജിൽവെച്ച് വിദഗ്ധ ഡോക്ടർമാരുടെ സംഘം പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. അതിക്രൂരമായ മർദനത്തിനിരയായിരുന്നുവെന്ന് കണ്ടെത്തി. കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുൻപുമുതൽ സാവര്യയെ തടവിലാക്കി പ്രതി ക്രൂരമായി ആക്രമിച്ചെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഇതു ശരിവെക്കുന്ന വിധത്തിൽ സാവര്യയുടെ ശരീരത്താകെ പാടുകൾ കാണപ്പെട്ടതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.

നാലുമാസം കൊണ്ട് വിധി

ജൂലായ് നാലിനാണ് സാവര്യ കൊല്ലപ്പെട്ടത്. നാലുമാസം കഴിഞ്ഞപ്പോഴേക്കും കേസിൽ വിധിയുണ്ടായി. സാവര്യയെ ലാപ്‌ടോപ്പുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അന്നുതന്നെ സദറുൾ അനം അറസ്റ്റിലായിരുന്നു. വിചാരണയുടെ വിവരങ്ങളറിയാൻ സാവര്യയുടെ പിതാവ് ബസന്ത് ഒക്ടോബർ 23-ന് ഉസ്ബെക്കിസ്താനിൽ പോയിരുന്നു. അവിടെ കോടതിയിൽ മൊഴി നൽകുകയും ചെയ്തു. പ്രതിക്കു പരമാവധി ശിക്ഷ നൽകാൻ അപേക്ഷിക്കുകയും ചെയ്തു. കോടതിമുറിയിൽ സദറുൾ അനമിനെ കണ്ടതായി ബസന്ത് പറഞ്ഞു.

പ്രതിഭാഗവാദം തള്ളി

വീഴ്ചയിൽ പരിക്കേറ്റ സാവര്യയെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നെന്ന വാദമാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടും അന്വേഷണോദ്യോഗസ്ഥരുടെ മൊഴികളും പ്രതിക്ക് ശിക്ഷ ലഭിക്കാൻ പര്യാപ്തമായെന്നാണു വിലയിരുത്തൽ. ഉസ്ബെക്കിസ്താനിൽ കൊലപാതകത്തിന് പരമാവധി 10 വർഷമാണു ശിക്ഷ. വധശിക്ഷ നിരോധിച്ച രാജ്യമാണ്.

ക്രൈംബ്രാഞ്ചും കേസെടുത്തു

ബസന്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് പോലീസും കേസെടുത്തിരുന്നു. കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറി. കേസുമായി ബന്ധപ്പെട്ട രേഖകൾ ഉസ്ബെക്കിസ്താനിൽനിന്നു ശേഖരിക്കാൻ ക്രൈംബ്രാഞ്ച് നടപടി തുടങ്ങിയിട്ടുണ്ട്. ഇതിനുള്ള റിപ്പോർട്ട് അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന ഡിവൈ.എസ്.പി. ടി. മനോജ് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് അയച്ചിരിക്കുകയാണ്. ഉസ്ബെക്കിസ്താനിലെ ഇന്ത്യൻ എംബസി വഴിയാണ് രേഖകൾ കിട്ടേണ്ടത്.

സാവര്യയുടെ കുടുംബാംഗങ്ങൾ, ഉസ്ബെക്കിസ്താനിൽ ഒപ്പം പഠിച്ചിരുന്നവർ, പ്രതിയുടെ കുടുംബാംഗങ്ങൾ തുടങ്ങിയവരുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചിരുന്നു. പ്രതിയുടെ സഹോദരൻ ഇപ്പോഴും ഉസ്ബെക്കിസ്താനിൽ തങ്ങുകയാണെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു.

ജീവനറ്റ മടക്കം

ജൂലായ് മൂന്നിന് സാവര്യ നാട്ടിലേക്കുള്ള വിമാനടിക്കറ്റെടുത്തിരുന്നു. എന്നാൽ, അവസാനനിമിഷം അത് റദ്ദായി. തുടർന്ന്, ജൂലൈ ഒമ്പതിന് ഡൽഹിയിലേക്കുള്ള ടിക്കറ്റു കിട്ടി. ജീവനോടെയുണ്ടായിരുന്നെങ്കിൽ അന്ന് ഉച്ചയോടെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി വൈകുന്നേരത്തോടെ വീട്ടിലെത്തുമായിരുന്ന സാവര്യ, ഏതാണ്ട് അതേസമയത്താണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടിലെത്തിച്ചത്.

സാവര്യ നാട്ടിലേക്കു തിരിക്കാൻ ആദ്യം തീരുമാനിച്ച മൂന്നാംതീയതിയാണ് സദറുൾ അനം അവളെ ക്രൂരമായി കൊലപ്പെടുത്തിയത്. നിശ്ചയിച്ച ദിവസം യാത്ര പുറപ്പെട്ടിരുന്നെങ്കിൽ ഒരുപക്ഷേ, സാവര്യ ജീവനോടെയുണ്ടാകുമായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഡോക്ടറാകാനുള്ള മോഹത്തോടെ വിദേശത്തേക്കുപോയ പെൺകുട്ടിയുടെ വലിയ സ്വപ്നങ്ങൾകൂടിയാണ് ആ ചിതയിൽ എരിഞ്ഞടങ്ങിയത്.