കഴിഞ്ഞ വർഷമാണ് രമേഷ് പത്തുലക്ഷം രൂപ അഞ്ചുവർഷക്കാലയളവിൽ ബാങ്കിൽ സ്ഥിരനിക്ഷേപമിട്ടത്. 6.35 ശതമാനമായിരുന്നു പലിശ. ഇതുപ്രകാരം കാലാവധിയെത്തുമ്പോൾ പലിശയിനത്തിൽ 3.60 ലക്ഷം രൂപ ലഭിക്കുമെന്നായിരുന്നു കരുതിയിരുന്നത്. 30 ശതമാനം നികുതി സ്ലാബിൽ വരുന്നതിനാൽ പലിശയുടെ ടി.ഡി.എസ്. കിഴിച്ചുള്ള തുകയാണ് ലഭിക്കുകയെന്ന് പിന്നീടാണ് അറിഞ്ഞത്. അതുപ്രകാരം ലഭിക്കുന്ന റിട്ടേൺ 4.60 ശതമാനം മാത്രവും. അതായത് അഞ്ചുവർഷം പൂർത്തിയായാൽ നികുതി പിടിച്ചശേഷം കൈയിൽ കിട്ടുക 2.52 ലക്ഷം രൂപമാത്രം. പ്രതീക്ഷിച്ച വരുമാനത്തിൽനിന്ന് 1.08 ലക്ഷത്തോളം നികുതിയിനത്തിൽ നൽകേണ്ടിവരും.

To advertise here,

ബാങ്കിലെ ഉറപ്പുള്ള വരുമാനവും ഉയർന്ന പലിശയും മോഹിച്ച് സ്ഥിരനിക്ഷേപമിടുന്നവർ തുടക്കത്തിൽ ഇതേക്കുറിച്ച് അത്രതന്നെ അറിവുള്ളവരായിരിക്കണമെന്നില്ല. ഉയർന്ന നികുതി സ്ലാബിലുള്ളവർക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശയും നികുതിക്കുശേഷം ലഭിക്കുന്ന ആദായവും തമ്മിൽ കാര്യമായ വ്യത്യാസം കാണാം. ഇവിടെ 6.35 ശതമാനം പലിശ പ്രകാരം നിക്ഷേപിച്ചാൽ നികുതി കിഴിച്ച് ലഭിക്കുന്ന ആദായം 4.60 ശതമാനം മാത്രമാണ്. അതായത് 30 ശതമാനം നികുതി സ്ലാബിൽ വരുന്ന നിക്ഷേപകന് അഞ്ചുവർഷക്കാലയളവിലെ 6.35 ശതമാനം പലിശയും നികുതിക്കുശേഷം ലഭിക്കുന്ന ആദായവും (4.60 ശതമാനം) തമ്മിൽ 1.75 ശതമാനത്തിന്റെ വ്യത്യാസമുണ്ടാകും.

അഞ്ചുവർഷക്കാലയളവിൽ സ്ഥിരനിക്ഷേപമിടുമ്പോൾ, നികുതി കിഴിച്ച് കൂടുതൽ ആദായം നൽകുന്നത് ഏതു ബാങ്കായിരിക്കും എന്ന് കണക്കുകൂട്ടുന്നത് നല്ലതാണ്. നിക്ഷേപങ്ങൾക്ക് ഓരോ ബാങ്കുകളിലും വ്യത്യസ്ത നിരക്കുകളായിരിക്കും ഉണ്ടാകുക.

 

നികുതിക്ക് മുൻപുള്ള

നിരക്ക്(5 Yr)

നികുതിക്ക്

ശേഷമുള്ള ആദായം

ICICI ബാങ്ക്

6.60%

4.79%

HDFC ബാങ്ക്

6.40%

4.64%

PNB

6.35%

4.60%

SBI

6.05%

4.38%

ശരാശരി

6.35%

4.60%

മുകളിൽ നൽകിയിട്ടുള്ള നിരക്ക് പരിശോധിക്കുമ്പോൾ ഉയർന്ന റിട്ടേൺ നൽകുന്ന ഐസിഐസിഐ ബാങ്കും (4.79%) ഏറ്റവും കുറഞ്ഞ റിട്ടേൺ നൽകുന്ന എസ്ബിഐയും (4.38%) തമ്മിൽ നികുതിക്ക് ശേഷമുള്ള ആദായത്തിൽ 0.41 ശതമാനം പോയിന്റിന്റെ വ്യത്യാസമുള്ളതായി കാണാം. ഒറ്റനോട്ടത്തിൽ നിസ്സാരമെന്ന് തോന്നാമെങ്കിലും വലിയ തുക അഞ്ച് വർഷത്തേക്ക് നിക്ഷേപിക്കുമ്പോൾ മൊത്തം പലിശയിൽ കാര്യമായ അന്തരമുണ്ടാകും. അതുകൊണ്ടുതന്നെ വ്യത്യസ്ത ബാങ്കുകൾ തമ്മിലുള്ള നിരക്ക് വ്യത്യാസത്തിന് പുറമേ, നിക്ഷേപ കാലാവധികൾ മാറുമ്പോൾ റിട്ടേണിൽ ഉണ്ടാകുന്ന മാറ്റങ്ങളും മനസ്സിലാക്കേണ്ടതുണ്ട്.

വിവിധ നിക്ഷേപ കാലയളവും റിട്ടേണും

വ്യത്യസ്ത കാലയളവിൽ വ്യത്യസ്ത പലിശനിരക്കാണ് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നത്. ദീർഘകാലയളവിലെ നിക്ഷേപത്തിന് ഉയർന്ന റിട്ടേൺ ലഭിക്കണമെന്നില്ല. സ്‌പെഷൽ എഫ്ഡികൾ പ്രഖ്യാപിച്ച് ചിലപ്പോൾ കൂടുതൽ പലിശ ബാങ്കുകൾ വാഗ്ദാനം ചെയ്യാറുണ്ട്.

കാലാവധി

നികുതിക്ക്

മുൻപുള്ള

ശരാശരി നിരക്ക്

നികുതിക്ക്ശേഷമുള്ള 

ശരാശരി

ആദായം

6 മാസം 

5.13%

3.57%

1 വർഷം

6.29%

4.40%

2 വർഷം

6.36%

4.49%

3 വർഷം 

6.40%

4.56%

5 വർഷം 

6.35%

4.60%

ആറുമാസക്കാലയളവിലെ പലിശയും (പ്രീ-ടാക്‌സ് 5.13 ശതമാനം / പോസ്റ്റ്-ടാക്‌സ് 3.57 ശതമാനം) ഒരു വർഷത്തെ റിട്ടേണും (പ്രീ-ടാക്‌സ് 6.29 ശതമാനം / പോസ്റ്റ്-ടാക്‌സ് 4.40 ശതമാനം) തമ്മിൽ പ്രകടമായ ആദായ വ്യത്യാസം കാണാം. എന്നാൽ മൂന്നുവർഷത്തെ നിക്ഷേപത്തിൽനിന്ന് (പ്രീ-ടാക്‌സ് 6.40 ശതമാനം / പോസ്റ്റ്-ടാക്‌സ് 4.56 ശതമാനം) അഞ്ചുവർഷത്തെ നിക്ഷേപത്തിലേക്ക് എത്തുമ്പോൾ പ്രീ-ടാക്‌സ് നിരക്ക് 6.35 ശതമാനമായി നേരിയ തോതിൽ കുറയുകയും പോസ്റ്റ്-ടാക്‌സ് നിരക്ക് 4.60 ശതമാനം ആകുകയും ചെയ്യുന്നു. കൂടുതൽ നീണ്ട കാലാവധി തിരഞ്ഞെടുത്തതുകൊണ്ടുമാത്രം നികുതിക്കുശേഷമുള്ള ആദായക്ഷമത ആനുപാതികമായി വർധിക്കണമെന്നില്ല.

പലിശ പരിമിതം

പണപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ നികുതി കിഴിച്ചുള്ള യഥാർഥ റിട്ടേൺ പരിമിതമാണെന്നു കാണാം. ഉപഭോക്തൃ വില സൂചിക പ്രകാരമുള്ള പണപ്പെരുപ്പം അഞ്ചുമുതൽ ആറു ശതമാനംവരെയാണ്. ഈ സാഹചര്യത്തിൽ 4.60 ശതമാനം ആദായം നെഗറ്റീവ് റിട്ടേൺ ആണെന്ന് പറയേണ്ടിവരും. സമ്പത്തിന്റെ ക്രയശേഷിയെയാണ് ഇത് കാര്യമായി ബാധിക്കുക.

എങ്ങനെ മറികടക്കാം

ഉയർന്ന ക്രെഡിറ്റ് നിലവാരമുള്ള ഹ്രസ്വകാല ഡെറ്റ് ഫണ്ടുകളിൽ നിശ്ചിത ശതമാനം സ്ഥിരനിക്ഷേപ വിഹിതം വകയിരുത്തി കൂടുതൽ ആദായം നേടാം. ഇത്തരം ഡെറ്റ് ഫണ്ടുകളിൽനിന്ന് ഏഴുമുതൽ എട്ടു ശതമാനം വരെ ആദായം ലഭിക്കാനുള്ള സാധ്യതയുണ്ട്.

പലിശ കൈയിൽ ലഭിച്ചില്ലെങ്കിലും സ്ഥിരനിക്ഷേപത്തിൽനിന്ന് ഓരോ വർഷവും നികുതി നൽകേണ്ടിവരുന്നു. എന്നാൽ ഗ്രോത്ത് ഓപ്ഷനിലുള്ള ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിലാകട്ടെ, നിക്ഷേപം പിൻവലിക്കുന്നതുവരെ നികുതി ബാധ്യതയില്ല. നികുതി പിടിക്കാതെ മൊത്തം തുക കൂട്ടുപലിശയായി വളരാൻ ഇത് സഹായിക്കുന്നു.

ഭാഗികമായോ മുഴുവനായോ എപ്പോൾ വേണമെങ്കിലും പിൻവലിക്കാമെന്നതും ഡെറ്റ് ഫണ്ടുകളുടെ പ്രത്യേകതയാണ്. സ്ഥിരനിക്ഷേപമാണെങ്കിൽ ഇട്ട തുകയിൽനിന്ന് കാലാവധിയെത്തുംമുൻപ് ഭാഗികമായി പണം പിൻവലിക്കാൻ കഴിയില്ല. ഡെറ്റ് ഫണ്ടുകളിൽനിന്നാകട്ടെ അപ്പപ്പോൾ ആവശ്യമുള്ള തുക, നൂറോ ആയിരമോ പതിനായിരമോ പിൻവലിക്കാം. അതുകൊണ്ടുതന്നെ സ്ഥിരനിക്ഷേപത്തിലേതുപോലെ മൊത്തം ആദായത്തെ ബാധിക്കുകയില്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ബാങ്കുകൾ പറയുന്നതുപ്രകാരമുള്ള പലിശ അതേപടി കൈയിൽ കിട്ടുമെന്ന് കരുതരുത്. ബാധകമായ നികുതി സ്ലാബ് കണക്കാക്കി നികുതിക്കുശേഷം ലഭിക്കുന്ന ആദായം എത്രയാണെന്ന് ഉറപ്പുവരുത്തുക.
  • ബാങ്കുകളിലെ പലിശ താരതമ്യം ചെയ്ത് നിരക്കിലെ വ്യത്യാസം പ്രയോജനപ്പെടുത്താം.
  • നികുതിക്കുശേഷം ലഭിക്കുന്ന ആദായം പണപ്പെരുപ്പ നിരക്കിനെക്കാൾ താഴെയാണെങ്കിൽ നിങ്ങളുടെ പണത്തിന്റെ യഥാർഥ വാങ്ങൽശേഷി കുറയുമെന്ന യാഥാർഥ്യം മനസ്സിലാക്കുക.
  • നിക്ഷേപ പോർട്ട്ഫോളിയോയുടെ കാര്യക്ഷമതയും നികുതിക്കുശേഷമുള്ള ആദായവും ഉറപ്പാക്കാൻ നിശ്ചിത ശതമാനം തുക ഹ്രസ്വകാല ഡെറ്റ് ഫണ്ടുകളിലേക്കും വകയിരുത്തുക.