ന്യൂഡൽഹി: 'ഇത്രയധികം കഷ്ടപ്പെട്ട് നേടിയെടുത്ത ആ നീതി എനിക്ക് നഷ്ടപ്പെടുന്നതായി തോന്നുന്നു. പഴയ ഭയങ്ങൾ വീണ്ടും ഉയർന്നുവരുന്നു. ഞാൻ ഒരിക്കൽ കൂടി ഭയപ്പെടുന്നു. എനിക്കുവേണ്ടി, എന്റെ കുടുംബത്തിനുവേണ്ടി, എന്റെ മക്കൾക്കുവേണ്ടി. നീതിയിലുള്ള വിശ്വാസം ഒരിക്കൽ കൂടി നഷ്ടപ്പെടുമോ എന്ന് ഞാൻ ഭയപ്പെടുന്നു. എന്നോട് ഇത് ചെയ്തവരുടെ ശിക്ഷ ബഹുമാനപ്പെട്ട സുപ്രീം കോടതിക്ക് എങ്ങനെ ഇത്ര ലളിതമായി മരവിപ്പിക്കാൻ കഴിയും? എന്നെ അറിയിക്കുക പോലും ചെയ്യാതിരിക്കാൻ അവർക്ക് എങ്ങനെ കഴിഞ്ഞു? അവരുടെ കോടതിമുറിയിൽ എന്റെ ശബ്ദം കേൾക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പോലും അവർക്ക് എങ്ങനെ കഴിയാതെ പോയി?' ചോദ്യം ബിൽക്കിസ് ബാനുവിന്റേതാണ്. 2002-ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ രണ്ടു പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിൽക്കിസ് ബാനുവിന്റെ പ്രതികരണം.

To advertise here,

പ്രതികൾ 17 വർഷത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നും അതിലൊരാൾ ഭിന്നശേഷിക്കാരനാണെന്നും നിരീക്ഷിച്ചാണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരുടെ ബെഞ്ചിന്റെ നടപടി. ബിപിൻ ചന്ദ്ര ജോഷി, പ്രദീപ് മോർധിയ എന്നിവർക്കാണ് സുപ്രീംകോടതി ഒക്ടോബർ 28-ന് ജാമ്യം അനുവദിച്ചത്. ഉത്തരവിന്റെ പകർപ്പ് തിങ്കളാഴ്ചയാണ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത്.

പ്രതികൾക്ക് ജാമ്യം അനുവദിച്ചപ്പോൾ കോടതി തന്നെ അറിയിക്കുകയോ തന്റെ ഭാഗം കേൾക്കുകയോ ചെയ്തില്ലെന്നാണ് ബിൽക്കിസ് ബാനു പറയുന്നത്. പതിറ്റാണ്ടുകളായി പോരാടി മറികടക്കാൻ ശ്രമിച്ച ഭയം ഈ ഉത്തരവിലൂടെ വീണ്ടും തിരിച്ചുവന്നിരിക്കുകയാണെന്നും അവർ വ്യക്തമാക്കി.

'വേദനയുടെയും ഞെട്ടലിന്റെയും അവിശ്വസനീയതയുടെയും പുതിയ കണ്ണീർക്കണങ്ങൾക്കിടയിലൂടെ വാക്കുകൾ പതുക്കെ മാത്രമാണ് പുറത്തുവരുന്നതെങ്കിലും ഞാൻ ഈ പ്രസ്താവന നടത്തുന്നു. എന്നെ വിളിക്കാതെയും എന്റെ ഭാഗം കേൾക്കാതെയും ഒരിക്കൽ കൂടി, രണ്ടാം തവണയും സുപ്രീം കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചു എന്ന് എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. മാധ്യമവാർത്തകളിലൂടെയാണ് ഞാൻ ഇക്കാര്യം അറിഞ്ഞത്' ബിൽക്കിസ് ബാനു സീനിയർ അഭിഭാഷക ശോഭാ ഗുപ്ത മുഖേന ഇറക്കിയ പ്രസ്താവനയിൽ കുറിച്ചു.

'എന്റെ ലോകവും, എന്റെ കുഞ്ഞുമകളും, എന്റെ കുടുംബവും, എന്റെ വീടും, മനുഷ്യത്വത്തിലുള്ള എന്റെ വിശ്വാസവും എന്നിൽ നിന്ന് ക്രൂരമായി പിടിച്ചുപറിക്കപ്പെടുമ്പോൾ ഞാൻ വെറും 19 വയസ്സുള്ള ഒരു പെൺകുട്ടിയായിരുന്നു. അന്ന് മുതൽ നീണ്ട 24 വർഷക്കാലം, എനിക്ക് വേണ്ടിയും ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് വേണ്ടിയും നീതിക്കായി ഞാൻ വീണ്ടും വീണ്ടും പോരാടി. എന്നിലുണ്ടെന്ന് എനിക്ക് പോലും അറിയാതിരുന്ന ധൈര്യത്തിന്റെ ഉറവുകൾ ഈ 24 വർഷക്കാലം ഞാൻ തേടുകയും കണ്ടെത്തുകയും ചെയ്തത്, ദശലക്ഷക്കണക്കിന് ആളുകളുടെ പിന്തുണയും ഐക്യദാർഢ്യവും എന്നിലേക്ക് എത്തിയത് കൊണ്ട് മാത്രമാണ്. ഞാൻ ഓരോ കോടതിമുറിയിലേക്കും നടന്നു കയറി, ഓരോ തവണയും എന്റെ ഭാഗം ന്യായീകരിക്കപ്പെട്ടപ്പോഴും നീതി എന്ന ആശയത്തിലുള്ള എന്റെ വിശ്വാസം വീണ്ടെടുക്കപ്പെട്ടപ്പോഴും ഞാൻ ആശ്വസിച്ചു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സ്നേഹത്തോടെ, തകർന്നടിഞ്ഞ എന്റെ ജീവിതത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് ഞാൻ ജീവിതം വീണ്ടും കെട്ടിപ്പടുത്തു. സമാധാനത്തിനായി ഞാൻ കൊതിച്ചു. ഞാൻ പുഞ്ചിരിക്കാൻ പഠിച്ചു. ഇത്രയധികം കഷ്ടപ്പെട്ട് നേടിയെടുത്ത ആ നീതി എനിക്ക് നഷ്ടപ്പെടുന്നതായി ഞാനിപ്പോൾ കാണുന്നു. പഴയ ഭയങ്ങൾ വീണ്ടും ഉയർന്നുവരുന്നു' ബിൽക്കിസ് ബാനു കുറിച്ചു.

പ്രതികൾക്ക് ജാമ്യം അനുവദിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ താൻ പോരാടുമെന്നും അവർ വ്യക്തമാക്കി. 'ഈ ഉത്തരവിനെതിരെ ഞാൻ പോരാടും. ഞാൻ പോരാടിയേ തീരൂ. ജീവിതകാലം മുഴുവൻ ഈ ഭയങ്ങളുടെയും മുറിവുകളുടെയും നിഴലിൽ ജീവിക്കാൻ വിധിക്കപ്പെടരുതാത്ത എന്റെ മക്കൾക്ക് വേണ്ടിയാണ് ഞാൻ ഇത് ചെയ്യുന്നത്. ജീവിക്കാൻ അർഹതയുണ്ടായിരുന്ന, ഓർമ്മകൾ നീതി ആവശ്യപ്പെടുന്ന എന്റെ 3 വയസ്സുകാരി മകൾക്ക് വേണ്ടിയാണ് ഞാൻ ഇത് ചെയ്യുന്നത്. ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് വേണ്ടിയാണ് ഞാൻ ഇത് ചെയ്യുന്നത്. കാരണം, ഒരു സ്ത്രീയും, അതിജീവിച്ച ഒരാളും, ഒരു പൗരനും തന്റെ അസ്തിത്വത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള ഈ അനന്തമായ പരീക്ഷണത്തിന് വിധേയയാകാനും, ജീവിതകാലം മുഴുവൻ നീതിക്കായി പോരാടാനും ഇടവരരുത്' ബിൽക്കിസ് ബാനു കൂട്ടിച്ചേർത്തു.