ഗുവാഹത്തി: കോണ്‍ഗ്രസിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്കും മാതാവിനുമെതിരേ കോണ്‍ഗ്രസ് അധിക്ഷേപങ്ങള്‍ നടത്തുകയാണെന്നും ശിവഭക്തനായ താന്‍ ആ അധിക്ഷേപങ്ങളെ വിഷം എന്നതുപോലെ വിഴുങ്ങുകയാണെന്നും മോദി പറഞ്ഞു. അസമിലെ ദാരങ്ങില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ജനങ്ങളാണ് തന്റെ യജമാനന്മാരും തന്നെ നിയന്ത്രിക്കുന്ന റിമോട്ട് കണ്‍ട്രോളുമെന്നും അവരുടെ മുന്നിലാണ് തന്റെ വേദന പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് സംവിധാനം തനിക്കെതിരേ ആക്രമണം നടത്തുമെന്നും ഞാന്‍ വീണ്ടും കരയുകയാണെന്ന് പറയുമെന്നും എനിക്കറിയാം. ജനങ്ങളാണ് എന്റെ ദൈവം. ഞാന്‍ ജനങ്ങള്‍ക്കു മുന്നില്‍ എന്റെ വേദന പ്രകടിപ്പിച്ചില്ലെങ്കില്‍ പിന്നെവിടെ അത് ചെയ്യും? ജനങ്ങളാണ് എന്റെ യജമാനന്മാര്, എന്റെ ദൈവങ്ങള്‍, എന്റെ റിമോട്ട് കണ്ട്രോള്. എനിക്ക് മറ്റൊരു റിമോട്ട് കണ്ട്രോളും ഇല്ല, മോദി വ്യക്തമാക്കി.
രാജ്യത്തിന്റെ മഹാനായ പുത്രനും അസമിന്റെ അഭിമാനവുമായ ഭൂപന്‍ ഹസാരികയ്ക്ക് ഭാരതരത്ന നല്കിയപ്പോള്, കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞത്, മോദി ഗായകര്‍ക്കും നര്‍ത്തകര്‍ക്കും പുരസ്കാരം നല്കുകയാണെന്നാണെന്നും മോദി പറഞ്ഞു. 2019-ല്‍ ഖാര്‍ഗെ നടത്തിയ പരാമര്‍ശം സൂചിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ പരാമർശം.
1962-ലെ ഇന്ത്യാ-ചൈന യുദ്ധത്തിന് ശേഷം 'വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ മുറിവുകള്‍ ഉണങ്ങിയിട്ടില്ലെ'ന്ന് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാര്‍ നെഹ്റു പറഞ്ഞത് മോദി ചൂണ്ടിക്കാട്ടി. 'കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ തലമുറ ആ മുറിവുകളില്‍ ഉപ്പ് വിതറുകയാണെന്നും മോദി വിമര്‍ശിച്ചു. ദശാബ്ദങ്ങളോളം കോണ്‍ഗ്രസ് അസം ഭരിച്ചിട്ടും ബ്രഹ്മപുത്ര നദിക്കു കുറുകേ മൂന്ന് പാലങ്ങള്‍ നിര്‍മിക്കാന്‍ മാത്രമാണ് അവര്‍ക്ക് കഴിഞ്ഞത്. എന്നാല്‍ തങ്ങള്‍ അധികാരത്തിലെത്തിയപ്പോള്‍ ഒരു പതിറ്റാണ്ടിനുള്ളില്‍ ആറ് പുതിയ പാലങ്ങള്‍ നിര്‍മിച്ചെന്നും മോദി പറഞ്ഞു.
തങ്ങളുടെ ഭരണകാലത്ത് ഭീകരാക്രമണങ്ങള്‍ നടന്നപ്പോള്‍ കോണ്‍ഗ്രസ് നിശബ്ദമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍, നമ്മുടെ സേന ഓപ്പറേഷന് സിന്ദൂര്‍ നടത്തുന്നു, പാകിസ്താന്റെ എല്ലാ കോണുകളില്‍നിന്നും ഭീകരതയെ പിഴുതെറിയുന്നു. എന്നാല്‍ കോണ്‍ഗ്രസുകാര്‍ പാകിസ്താന് സൈന്യത്തോടൊപ്പമാണ് നില്‍ക്കുന്നത്. പാകിസ്താന്റെ നുണകള്‍ കോണ്‍ഗ്രസിന്റെ അജണ്ടയായി മാറുന്നു. അതുകൊണ്ടുതന്നെ നിങ്ങള്‍ എപ്പോഴും കോണ്‍ഗ്രസിനെ സൂക്ഷിക്കണം-മോദി പറഞ്ഞു.
Content Highlights: PM Modi criticizes Congress for insults, says he will endure them
Published: 14 Sept 2025, 03:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented