മുംബൈ: മുഗള്‍ രാജാവ് ഔറംഗസേബിനെ പുകഴ്ത്തിക്കൊണ്ടുള്ള പരാമര്‍ശം വിവാദമായതിന് പിന്നാലെ മഹാരാഷ്ട്രയിലെ എം.എല്‍.എ. അബു ആസ്മിയെ നിയമസഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സഭയുടെ ഈ സമ്മേളനകാലത്തുനിന്നുമാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്. സമാജ്‌വാദി പാര്‍ട്ടി അംഗമാണ് ആസ്മി. 

To advertise here,

പാര്‍ലമെന്ററി കാര്യമന്ത്രി ചന്ദ്രകാന്ത് പാട്ടീലാണ് ആസ്മിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള പ്രമേയം കൊണ്ടുവന്നത്. ഇത് സഭ പാസാക്കി. മാര്‍ച്ച് 26-വരെയാണ് സഭയുടെ ഈ സമ്മേളനകാലാവധി. അബു ആസ്മിയുടെ പരാമര്‍ശത്തിന് പിന്നാലെ വലിയതോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം, തന്നെ സസ്‌പെന്‍ഡ് ചെയ്ത നടപടി അനീതിയാണെന്ന് വിമര്‍ശിച്ച് ആസ്മി രംഗത്തെത്തി. എന്നെ സസ്‌പെന്‍ഡ് ചെയ്തത് അനീതിയാണ്, എന്നോടു മാത്രമല്ല എന്നെ തിരഞ്ഞെടുത്ത ലക്ഷക്കണക്കിനായ ആളുകളോടും കൂടിയുള്ള അനീതിയാണ്. സംസ്ഥാനത്ത് എന്തുകൊണ്ടാണ് ഇരട്ടനീതി നടപ്പാക്കപ്പെടുന്നതെന്ന് സര്‍ക്കാരിനോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അബു ആസ്മിക്ക് ഒരു നിയമം, പ്രശാന്ത് കൊരട്കര്‍ക്കും രാഹുല്‍ ഷോലാപുര്‍കര്‍ക്കും മറ്റൊരു നിയമം- ആസ്മി സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. 

ഔറംഗസേബിനേക്കുറിച്ചുള്ള പരാമര്‍ശം താന്‍ നിയമസഭയ്ക്കുള്ളിലല്ല നടത്തിയത്. പുറത്ത്, ചില പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് പറഞ്ഞത്. ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയ കാര്യങ്ങളാണ് പറഞ്ഞതെന്നും ആസ്മി കൂട്ടിച്ചേര്‍ത്തു. 

അതേസമയം, ഛത്രപതി ശിവജി മഹാരാജിനേക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ നടന്‍ രാഹുല്‍ ഷൊലാപുര്‍കര്‍ക്കും മുന്‍ മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കൊരട്കര്‍ക്കുമെതിരേ നടപടി എടുക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുമുണ്ട്.