കൊൽക്കത്ത: ഡാർജിലിങ്ങിലെ സിറ്റോങ്ങിൽ ഹണിമൂണിനിടെ ബാർബിക്യൂവിൽ നിന്ന് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ യുവതിക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്പുർ ജില്ലയിലെ ചോപ്ര സ്വദേശിയായ നികിത സാഹ ആണ് വ്യാഴാഴ്ച മരിച്ചത്. രണ്ടുമാസത്തോളമായി ചികിത്സയിൽ തുടരുകയായിരുന്നു. സെപ്റ്റംബർ 13-ന് ഭർത്താവ് സമീറിനൊപ്പം സിറ്റോങ്ങിലെ ഒരു ഹോംസ്റ്റേയിൽ തങ്ങുമ്പോഴായിരുന്നു അപകടം.

To advertise here,

അപകടത്തിന് പിന്നാലെ സിലിഗുരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നികിതയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് മാറ്റിയിരുന്നു. നാല് ദിവസം മുൻപ് ആരോഗ്യനില വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

രാത്രിയിൽ ഹോംസ്റ്റേയിൽ ബാർബിക്യൂ നടത്തുന്നതിനിടെ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമായതെന്ന് ഭർത്താവ് സമീർ ആരോപിക്കുന്നു. തീയുടെ സമീപത്ത് ഓയിൽ ഡ്രം ഉപയോഗിച്ചതാണ് പെട്ടെന്ന് തീ ആളിപ്പടരാൻ ഇടയാക്കിയതെന്നും, ഭാര്യയുടെ ശരീരത്തിൽ 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഹോംസ്റ്റേ ഉടമ നിഹാൽ ഈ ആരോപണങ്ങൾ നിഷേധിച്ചു. തീയോട് ചേർന്ന് ഇരിക്കരുതെന്ന് ദമ്പതികൾക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു. തണുപ്പ് സഹിക്കാൻ വയ്യാതെ ദമ്പതികൾ ആവശ്യപ്പെട്ടതിനെ തുടർന്ന് പുറത്തുനിന്നുള്ള മറ്റൊരാളാണ് തീയിലേക്ക് മണ്ണെണ്ണ ഒഴിച്ചതെന്നും തങ്ങളുടെ ജീവനക്കാരല്ല ഇതിന് പിന്നിലെന്നും അവർ പറഞ്ഞു.

തങ്ങളുടെ വാദങ്ങൾ സാധൂകരിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങളും റിസോർട്ട് ഉടമ മുന്നോട്ടുവെച്ചിട്ടുണ്ട്. അതുമാത്രമല്ല, അപകടസമയത്ത് യുവതി നൈലോൺ വസ്ത്രമാണ് ധരിച്ചിരുന്നതെന്നും, അതുകാരണമാണ് തീ പെട്ടെന്ന് ശരീരത്തിലേക്ക് പടർന്നതെന്നും ഹോംസ്റ്റേ അധികൃതർ അവകാശപ്പെട്ടു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.