ജയ്പുർ: രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് വൻ മുന്നേറ്റമാണ് നടത്തുന്നത്. സംസ്ഥാനത്തെ 37 ജില്ലകളിലെ 7,543 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കും 1,275 ജില്ലാ പരിഷത്ത് സീറ്റുകളിലേക്കും നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്.

To advertise here,

രാജസ്ഥാനിൽ ആകെയുള്ള 41 ജില്ലകളിലും തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഇതിൽ നാല് ജില്ലകളിലെ വോട്ടെണ്ണൽ ഡിസംബർ 17 ലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടുത്തെ ജില്ലാ പരിഷത്തുകളുടെയും പഞ്ചായത്ത് സമിതികളുടെയും അഞ്ച് വർഷത്തെ കാലാവധി അടുത്ത മാസം അവസാനിക്കുന്നതിനാലാണിത്.

7,543 പഞ്ചായത്ത് സമിതി സീറ്റുകളിൽ 6050 ഇടങ്ങളിലെ ഫലമാണ് ഇപ്പോൾ പുറത്തുവന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ പ്രകാരം ഇതിൽ 2990 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചിട്ടുണ്ട്. ബിജെപിക്ക് 1795 സീറ്റുകളാണ് നേടാനായത്.

രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (ആർഎൽപി) 438 സീറ്റുകളും, ഭാരത് ആദിവാസി പാർട്ടി (ബിഎപി) 215 സീറ്റുകളും, സിപിഎം 50, ബിഎസ്പി 44, ആം ആദ്മി പാർട്ടി രണ്ട് സീറ്റുകളും നേടിയിട്ടുണ്ട്. കൂടാതെ സ്വതന്ത്രർ 516 സീറ്റുകളിലും വിജയിച്ചു.

ഫലം പ്രഖ്യാപിച്ച 239 ജില്ലാ പരിഷത്ത് സീറ്റുകളിൽ കോൺഗ്രസിന് 143 സീറ്റുകളിലാണ് വിജയിക്കാനായത്. 83 സീറ്റുകളാണ് ബിജെപിക്ക് നേടാനായത്. സ്വതന്ത്രർ അഞ്ച് സീറ്റുകളും, ആർഎൽപി നാലും, സിപിഎം മൂന്നും, ബിഎസ്പി ഒരു സീറ്റും നേടി.

37 ജില്ലാ പരിഷത്തുകളിൽ 24 ഇടങ്ങളിൽ കോൺഗ്രസ് ലീഡ് നേടിയിട്ടുണ്ട്. എട്ട് ജില്ലാ പരിഷത്തുകളിലാണ് ബിജെപിക്ക് ലീഡുള്ളത്. നാലിടങ്ങളിൽ സ്വതന്ത്രർ മുന്നേറുമ്പോൾ ഒരിടത്ത് ആർക്കും കേവലഭൂരിപക്ഷം സ്വന്തമാക്കാനായിട്ടില്ല.

പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പ്രമുഖ ബിജെപി സ്ഥാനാർത്ഥികളിൽ നഗരവികസന ഭവന നിർമ്മാണ മന്ത്രി ഝാബർ സിങ് ഖർറയുടെ ഭാര്യ ശാന്തി ദേവി, മകൻ അജയ് സിങ് എന്നിവരും ഉൾപ്പെടുന്നു. സിക്കാർ ജില്ലയിലെ 17, 20 വാർഡുകളിലാണ് ഇരുവരും മത്സരിച്ചത്. സ്വതന്ത്രനായി 19-ാം വാർഡിൽ മത്സരിച്ച ഖർറയുടെ മറ്റൊരു മകൻ ദുർഗാ സിങ്ങും പരാജയപ്പെട്ടു.

ചുരുവിൽ മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ രാജേന്ദ്ര റാത്തോഡിന്റെ മകൻ പരാക്രം സിങ് റാത്തോഡും മരുമകൾ കനിക സിങ്ങും ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചു.