തിരുവനന്തപുരം: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയുടെ പേരിലുള്ള ഫുട്‌ബോൾ സ്‌പോൺസർഷിപ്പ് വിവാദത്തിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്‌മാനെ പ്രതിചേർക്കാൻ ആഭ്യന്തര വകുപ്പ് അനുമതി നൽകി. ഇതുമായി ബന്ധപ്പെട്ട ആഭ്യന്തരവകുപ്പ് ഉത്തരവ് പുറത്തിറക്കി. അബ്ദുറഹ്‌മാനെ പ്രതിചേർക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് നേരത്തെ നിയമോപദേശം തേടിയിരുന്നു.

To advertise here,

ഇതിന്റെ അടിസ്ഥാനത്തിലാണ് അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ അടക്കം ചുമത്തി കേസ് എടുക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചതും ഉത്തരവിറക്കിയിരിക്കുന്നതും. ലയണൽ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാം എന്ന് പറഞ്ഞ് നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്.

വിഷയത്തിൽ റിപ്പോർട്ടർ ടിവിക്ക് അപ്പുറത്തേക്ക് അന്വേഷണം നീളണം എന്നും അബ്ദുറഹ്‌മാനെതിരെ അന്വേഷണം നടത്തണമെന്നും നേരത്തേതന്നെ ആവശ്യം ഉയർന്നിരുന്നു. ഇതിന്റെ ബാക്കിയെന്നോണമാണ് മുൻ മന്ത്രിയേയും പ്രതിചേർത്ത് അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടിരിക്കുന്നത്.

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം നൽകിയതിലും, തുടർന്ന് ഒരു സ്വകാര്യ സ്ഥാപനം മുൻകൈയെടുത്ത് നടത്തിയ പദ്ധതിക്ക് മന്ത്രി തന്നെ നേതൃത്വം നൽകുന്നു എന്ന തരത്തിൽ പ്രതിച്ഛായ ഉണ്ടാക്കിയതിലും അന്വേഷണം നടക്കും. ഇതുമായി ബന്ധപ്പെട്ട് മന്ത്രി വിദേശ സന്ദർശനങ്ങൾ നടത്തുകയും കൂടിക്കാഴ്ചകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

അങ്ങനെ നോക്കുമ്പോൾ ഈ തട്ടിപ്പിൽ മന്ത്രിക്കും പങ്കുണ്ടെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ. കേസിൽ അബ്ദുറഹ്‌മാന്റെ പങ്ക് ഏത് തരത്തിലാണെന്ന് കൃത്യമായി പരിശോധിക്കാൻ ആഭ്യന്തരവകുപ്പ് ഇപ്പോൾ നിർദേശം നൽകിയിരിക്കുന്നത്. വിഷയത്തിൽ വേഗത്തിൽ അന്വേഷണ നടപടികളുമായി മുന്നോട്ടുപോകാനാണ് ഉത്തരവിൽ പറയുന്നത്.