
ന്യൂഡൽഹി: തമിഴ്നാട്ടിലെ മധുര തിരുപ്പരൻകുണ്ഡ്രം കുന്നിലെ ദർഗ്ഗയ്ക്ക് സമീപമുള്ള 'ദീപത്തൂണിൽ' കാർത്തിക ദീപം തെളിക്കാൻ അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. എന്നാൽ വരാനിരിക്കുന്ന കാർത്തിക ദീപ ഉത്സവത്തോട് അനുബന്ധിച്ച് നവംബർ 24-ന് കർശന ഉപാധികളോടെ ദീപം തെളിക്കാൻ ഒറ്റത്തവണ ക്രമീകരണമായി സുപ്രീം കോടതി ഭാഗിക അനുമതി നൽകിയിട്ടുമുണ്ട്. ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ക്ഷേത്രത്തിലെയും സർക്കാരിലെയും നിയുക്തരായ ഉദ്യോഗസ്ഥർ അടങ്ങുന്ന ചെറിയ സംഘത്തിന് മാത്രമേ നവംബർ 24-ന് ദീപം തെളിക്കാൻ അനുമതിയുള്ളൂ.
പ്രതിനിധി സംഘത്തിന്റെ വലിപ്പവും സുരക്ഷാ ക്രമീകരണങ്ങളും മധുര ജില്ലാ കളക്ടർ തീരുമാനിക്കും. ഇതിനായി ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ , പോലീസ് കമ്മീഷണർ എന്നിവരുമായി കളക്ടർ ചർച്ച നടത്തണം. ആവശ്യമെങ്കിൽ സി.ആർ.പി.എഫ് സേനയുടെ സുരക്ഷ ഉറപ്പാക്കാം. ചടങ്ങ് കഴിഞ്ഞ് 3 ദിവസത്തിനകം കളക്ടർ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശമുണ്ട്.
ദർഗയിലെയും പള്ളിയിലെയും ആരാധന തടസ്സപ്പെടരുത്
ദീപം തെളിയിക്കാൻ ഒറ്റത്തവണ അനുമതി നൽകിയതുകൊണ്ട് ദീപത്തൂണിൽ ആചാരപരമായ അവകാശം സ്ഥാപിക്കപ്പെടില്ലെന്ന് സുപ്രീംകോടതി പ്രത്യേകം വ്യക്തമാക്കി. മലമുകളിലെ ഭൂമിയുടെ ഉടമസ്ഥാവകാശം, ദീപത്തൂണിന്റെ സ്വഭാവം, അവിടെ ദീപം തെളിയിക്കുന്നതിന് നിലവിലുള്ള ആചാരപരമായ അവകാശം തുടങ്ങിയ വിഷയങ്ങളിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, മലമുകളിലുള്ള ദർഗയിലെയും പള്ളിയിലെയും പതിവ് ആരാധനകൾക്കും നിയമാനുസൃതമായ പ്രവേശനത്തിനും തടസ്സമുണ്ടാകരുത്. ദീപം തെളിയിക്കാനുള്ള അനുമതി മലമുകളിൽ പ്രവേശിക്കാനോ അവിടെ നിയന്ത്രണാവകാശം സ്ഥാപിക്കാനോ ഉള്ള അധിക അവകാശമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
നിയമപോരാട്ടത്തിന് തുടക്കം ഹൈക്കോടതി ഉത്തരവോടെ
മലമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കണമെന്ന ആവശ്യമാണ് തമിഴ്‌നാട്ടിൽ നിയമപരവും രാഷ്ട്രീയവുമായ തർക്കങ്ങൾക്ക് വഴിവെച്ചത്. ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബാദുഷാ ദർഗയ്ക്ക് സമീപമാണ് വിവാദമായ ദീപത്തൂൺ സ്ഥിതി ചെയ്യുന്നത്. 2025 ഡിസംബർ ഒന്നിന് മദ്രാസ് ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് ദീപത്തൂണിൽ ദീപം തെളിയിക്കാൻ അനുമതി നൽകിയിരുന്നു. ക്ഷേത്രത്തിന്റെ ചരിത്രപരമായ ആചാരാവകാശങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. തുടർന്ന് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചും ഉത്തരവ് ശരിവെച്ചു.
എന്നാൽ, ദീപത്തൂണിൽ ദീപം തെളിയിക്കുന്നതിന് സ്ഥാപിതമായ ആചാരമില്ലെന്നും ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള ദീപമണ്ഡപത്തിലാണ് പതിവായി ദീപം തെളിയിക്കുന്നതെന്നുമായിരുന്നു തമിഴ്‌നാട് സർക്കാരിന്റെ വാദം. ദർഗയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കങ്ങളും വിഷയത്തിൽ ഉയർന്നിരുന്നു.
ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് കേസ് സുപ്രീം കോടതിയുടെ പരിഗണനയിലെത്തിയത്. ആചാരാവകാശം, ഭൂമിയുടെ ഉടമസ്ഥാവകാശം, മതപരമായ ആരാധനാ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ അന്തിമ തീരുമാനമെടുക്കാതെ ഇത്തവണത്തേക്ക് മാത്രം ദീപം തെളിയിക്കാൻ അനുമതി നൽകുകയാണ് സുപ്രീംകോടതി ചെയ്തിരിക്കുന്നത്.
Content Highlights: Supreme Court stayed the Madras High Court order allowing Deepam lighting near the Dargah., Granted a one-time permission specifically for November 24 with strict conditions., No public entry allowed; only designated officials from the temple and government can participate., Madurai District Collector to decide security and size of the delegation., Regular prayers at the Dargah and Mosque to remain uninterrupted.
Published: 20 Nov 2026, 03:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented