ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കൈവശമുള്ള 36 റഫാൽ യുദ്ധവിമാനങ്ങളിൽ നാലെണ്ണം കാണാനില്ലെന്ന് ബ്രിട്ടീഷ് ഏവിയേഷൻ മാഗസിനായ ഫ്‌ളൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട്. ഇന്ത്യയുടെ കൈവശം ആകെയുള്ള 36 റഫാൽ വിമാനങ്ങളിൽ 32 എണ്ണം മാത്രമേ നിലവിൽ പ്രവർത്തനക്ഷമമായി ഉള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റിപ്പോർട്ട് പൂർണമായും തള്ളി ഇന്ത്യൻ വ്യോമസേനയുടെ മുൻ ഉപമേധാവി എയർ മാർഷൽ നർമദേശ്വർ തിവാരി രംഗത്തെത്തി. പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് വ്യോമസേനയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് തിവാരി.

To advertise here,

ഫ്‌ളൈറ്റ് ഗ്ലോബലിന്റെ പുതിയ വേൾഡ് എയർ ഫോഴ്സസ് ഡയറക്ടറിയിലാണ് ഇന്ത്യയുടെ കൈവശമുള്ള റഫാൽ വിമാനങ്ങളുടെ എണ്ണം 32 ആയി രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം വിമാനങ്ങൾ കുറഞ്ഞതിന്റെ കാരണമോ അതിനുള്ള തെളിവോ ഫ്‌ളൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ടിൽ നൽകിയിട്ടില്ല.

ഇന്ത്യൻ വ്യോമസേനയുടെ പട്ടികയിൽ യുദ്ധവിമാനങ്ങളുടെ വിഭാഗത്തിലാണ് റഫാൽ ഡിഎച്ച്/ഇഎച്ച് എന്ന പേരിൽ വിമാനങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പ്രവർത്തനക്ഷമമായ വിമാനങ്ങളുടെ എണ്ണം 32 എന്നാണ് നൽകിയിരിക്കുന്നത്. ഡിഎച്ച് എന്നത് രണ്ട് പൈലറ്റുമാർക്ക് ഇരിക്കാവുന്ന ഇരട്ടസീറ്റ് വിമാനത്തെയും ഇഎച്ച് എന്നത് ഒരാൾക്ക് ഇരിക്കാവുന്ന ഒറ്റസീറ്റ് വിമാനത്തെയും സൂചിപ്പിക്കുന്നു. ഇന്ത്യ ഫ്രാൻസിൽനിന്ന് 28 ഒറ്റസീറ്റ് വിമാനങ്ങളും എട്ട് ഇരട്ടസീറ്റ് വിമാനങ്ങളുമാണ് വാങ്ങിയത്.

കഴിഞ്ഞ വർഷം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് മാസങ്ങൾക്കുശേഷം ഫ്‌ളൈറ്റ് ഗ്ലോബൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇന്ത്യയുടെ 35 റഫാൽ വിമാനങ്ങൾ പ്രവർത്തനക്ഷമമാണ് എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടിൽ എണ്ണം 32 ആയി കുറച്ചു. ഇതിനെതിരെയാണ് എയർ മാർഷൽ തിവാരി സാമൂഹിക മാധ്യമമായ എക്‌സിലൂടെ പ്രതികരിച്ചത്. ഫ്‌ളൈറ്റ് ഗ്ലോബലിന്റെ കണക്കുകൾ പൂർണമായും തെറ്റാണെന്ന് പറഞ്ഞ അദ്ദേഹം, റിപ്പോർട്ടിനായി വിവരങ്ങൾ നൽകിയ ആളുകളുടെ വിശ്വാസ്യത പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇവർ നൽകിയ വിവരങ്ങൾ നേരത്തേയും തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം ഇന്ത്യ-പാക് സംഘർഷത്തിനിടെ വെടിവെച്ചിട്ടതായി പാകിസ്താൻ അവകാശപ്പെട്ട ചില ഇന്ത്യൻ റഫാൽ വിമാനങ്ങളുടെ പ്രത്യേക തിരിച്ചറിയൽ നമ്പറുകൾ ഇതേ ആളുകൾ പുറത്തുവിട്ടിരുന്നു. എന്നാൽ ആ നമ്പറുകളിലുള്ള വിമാനങ്ങൾ പിന്നീട് വിവിധ അന്താരാഷ്ട്ര സൈനിക അഭ്യാസങ്ങളിൽ പങ്കെടുത്തതായി തിവാരി പറഞ്ഞു. അതിനാൽ ഫ്‌ളൈറ്റ് ഗ്ലോബൽ തങ്ങൾക്ക് വിവരങ്ങൾ നൽകുന്നവരെ കുറിച്ച് കൂടുതൽ അന്വേഷിക്കണമെന്നും തിവാരി പറഞ്ഞു.

ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിതാ റഫാൽ പൈലറ്റായ സ്‌ക്വാഡ്രൺ ലീഡർ ശിവാംഗി സിങ്ങിനെക്കുറിച്ച് പാകിസ്താൻ പ്രചരിപ്പിച്ച വ്യാജവാർത്തയും അദ്ദേഹം ഓർമിപ്പിച്ചു. സംഘർഷത്തിനിടെ ശിവാംഗി സിങ്ങിന്റെ വിമാനം വെടിവെച്ചിട്ടെന്നും അവരെ പാകിസ്താൻ സൈന്യം തടവിലാക്കിയെന്നുമായിരുന്നു പാകിസ്താനിലെ ചില മാധ്യമങ്ങളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും പ്രചരിപ്പിച്ചത്. എന്നാൽ ഇന്ത്യൻ വ്യോമസേന ഈ ആരോപണം അന്ന് തന്നെ നിഷേധിച്ചിരുന്നു. പിന്നീട് ഹരിയാണയിലെ അംബാല വ്യോമതാവളത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനൊപ്പം പുഞ്ചിരിയോടെ നിൽക്കുന്ന ശിവാംഗിയുടെ ചിത്രം പുറത്തുവന്നതോടെ പ്രചാരണം പൊളിഞ്ഞു. ഫ്‌ളൈറ്റ് ഗ്ലോബലിന് തെറ്റായ കണക്കുകൾ നൽകിയ അതേ ആളുകളാണ് ശിവാംഗി യുദ്ധത്തടവുകാരിയായെന്ന് പറഞ്ഞതെന്നും തിവാരി ചൂണ്ടിക്കാട്ടി.

2025 മേയ് ഏഴിന് കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് തിരിച്ചടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. പാകിസ്താന്റെ ഉള്ളിലുള്ള ഭീകരക്യാമ്പുകൾക്ക് നേരെ ഇന്ത്യ ആക്രമണം നടത്തി. കൂടാതെ പാകിസ്താന്റെ 11 സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടു. മേയ് 10-ന് സംഘർഷം അവസാനിക്കുകയും വെടിനിർത്തൽ ഉണ്ടാകുകയും ചെയ്തു. പിന്നീട് അന്നത്തെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ ഉൾപ്പെടെയുള്ള മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥർ ഇന്ത്യയ്ക്ക് വിമാനനഷ്ടങ്ങളും തന്ത്രപരമായ പിഴവുകളും സംഭവിച്ചെന്ന് സമ്മതിച്ചിരുന്നു. എന്നാൽ നാല് റഫാൽ വിമാനങ്ങൾ നഷ്ടപ്പെട്ടെന്ന പാകിസ്താന്റെ അവകാശവാദം അവർ നിഷേധിച്ചു. പരീക്ഷയിൽ പ്രധാനം ഫലമാണെന്നും പെൻസിൽ ഒടിഞ്ഞോ പേന നഷ്ടമായോ എന്നതല്ലെന്നുമാണ് പിന്നീട് പാർലമെന്റിലെ ചർച്ചയ്ക്കിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇതേക്കുറിച്ച് പ്രതികരിച്ചത്.

ഫ്‌ളൈറ്റ് ഗ്ലോബലിന്റെ കണക്കുകൾ തെറ്റാണെന്ന വാദത്തിന് ബലമേകുന്ന മറ്റൊരു രേഖ ഈ വർഷം ജൂണിൽ ഇന്ത്യൻ വ്യോമസേന പുറത്തിറക്കിയ ടെൻഡറാണ്. വ്യോമസേനയുടെ കൈവശമുള്ള 36 റഫാൽ വിമാനങ്ങൾക്കും 'ബ്രിഡ്ജ് സപ്പോർട്ട്' നൽകുന്നതിനുള്ള കരാറിനാണ് ടെൻഡർ ക്ഷണിച്ചത്. വിമാനങ്ങളുടെ സാങ്കേതിക സഹായവും ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഉറപ്പാക്കുന്ന ഹ്രസ്വകാല ഇടക്കാല കരാറാണിത്. 36 വിമാനങ്ങൾക്കും പിന്തുണ ആവശ്യപ്പെട്ടത് മുഴുവൻ വിമാനങ്ങളും വ്യോമസേനയുടെ കൈവശമുണ്ടെന്നതിന്റെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ ഫ്രാൻസിൽനിന്ന് 114 റഫാൽ വിമാനങ്ങൾ കൂടി വാങ്ങാനും ഇന്ത്യ ആലോചിക്കുന്നുണ്ട്. നാവികസേനയ്ക്കായി 26 റഫാൽ വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിലും ഇതിനകം ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്.