ന്യൂഡല്‍ഹി: ലഷ്കര്‍ ഇ ത്വയ്ബ ഭീകരവാദി അബു ഖത്തല്‍ പാകിസ്താനില്‍ വെടിയേറ്റു മരിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിന് പിന്നില്‍ ആരാണെന്ന വിവരം പുറത്തുവന്നിട്ടില്ല.
ജമ്മു കശ്മീരില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് ഖത്തല്‍. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയിദിന്റെ അടുത്ത സഹായിയായിരുന്നു ഖത്തല്‍. ഹാഫിസ് സയിദാണ് ലഷ്കര്‍ ഈ ത്വയ്ബയുടെ ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡറായി ഖത്തലിനെ നിയമിക്കുന്നത്.
ജമ്മു കാശ്മീരിലെ ശിവ്ഖോരി സന്ദര്‍ശിക്കാനെത്തിയ തീര്‍ഥാടകര്‍ക്ക് നേരേയുണ്ടായ ആക്രമണത്തിന്റെ സൂത്രധാരനാണ് ഖത്തല്‍. 2024 ജൂണ്‍ 9 ന് റാസി ജില്ലയിലാണ് സംഭവം നടന്നത്. തീര്‍ഥാടകരുടെ ബസിന് നേരേ ഭീകരസംഘം വെടിയുതിര്‍ക്കുകയും തുടര്‍ന്ന് ബസ് മലയിടുക്കിലേക്ക് മറിയുകയും ചെയ്തു. രണ്ടു വയസ്സുള്ള ഒരു കുഞ്ഞടക്കം ഒന്‍പത് പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. 41 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആകെ പത്ത് പേര്‍ക്കാണ് ഭീകരുടെ വെടിയേറ്റിരുന്നത്.
2023 ജനുവരി 1 മുതല്‍ 2 വരെ നടന്ന രാജസ്ഥാനിലെ രജൗരി ആക്രമണത്തിലും ഖത്തലിന് പങ്കുണ്ട്. രജൗരിയിലെ ദാംഗ്രി വില്ലേജിലെ സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഭീകരര്‍ ആക്രമണം നടത്തിയത്. രണ്ട് കുട്ടികളടക്കം ഏഴു പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. 12 പേര്‍ക്ക് പരിക്കേറ്റു.
2023 ജനുവരി ഒന്നിന് നടന്ന രജൗരി ആക്രമണം സംബന്ധിച്ച ദേശീയ അന്വേഷണ ഏജന്‍സിയുടെ കുറ്റപത്രത്തില്‍ അബു ഖത്തലും ഉള്‍പ്പെട്ടിരുന്നു. ലഷ്കര്‍ ഇ ത്വയ്ബയുടെ മൂന്നു ഭീകരര്‍ ഉള്‍പ്പെടെ അഞ്ചു പേരായിരുന്നു സംഭവത്തിലെ പ്രതികള്‍. ദേശീയ അന്വേഷണ ഏജന്‍സിയുടെ 'മോസ്റ്റ് വാണ്ടഡ്'' പട്ടികയില്‍ ഉണ്ടായിരുന്ന ഭീകരവാദിയാണ് ഖത്തല്‍. സുരക്ഷാസേനയും സുരക്ഷാ ഏജന്‍സികളും കുറച്ചുകാലങ്ങളായി ഇയാള്‍ക്ക് പിറകിലായിരുന്നു.
Content Highlights: Lashkar-e-Taiba terrorist Abu Qatal, mastermind of Rajouri attack, shot dead, Terrorism
Published: 16 Mar 2025, 10:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented