ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുകയല്ലാതെ ബദലില്ലെന്ന് ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. അടുത്ത 25 വർഷത്തേക്കുള്ള തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭാവി തങ്ങൾ സുരക്ഷിതമാക്കി. തമിഴ്‌നാടാണ് തങ്ങൾക്ക് എപ്പോഴും ഒന്നാമതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് ഇന്ത്യ സഖ്യ നേതാക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു എം.കെ. സ്റ്റാലിൻ.

To advertise here,

1971-ലെ സെൻസസിന്റെ അടിസ്ഥാനത്തിലല്ല മണ്ഡല പുനർനിർണയം നടത്തുന്നതെങ്കിൽ അത് തമിഴ്‌നാടിനെ പ്രതികൂലമായി ബാധിക്കുമെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഒട്ടാകെ ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാർട്ടികൾക്ക് ഇത് നിലനിൽപ്പിനായുള്ള പോരാട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സാഹചര്യത്തിൽ ഈ ബില്ലിനെ പിന്തുണയ്ക്കുകയല്ലാതെ തങ്ങൾക്ക് മുന്നിൽ മറ്റ് വഴികളില്ലെന്നും മറ്റൊരു ബദൽ നിർദേശവും നിലവിലില്ലെന്നും സ്റ്റാലിൻ പറഞ്ഞു. പാർലമെന്റിലുള്ള തങ്ങളുടെ കരുത്ത് ഉപയോഗിച്ച് അടുത്ത 25 വർഷത്തേക്കുള്ള തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭാവി തങ്ങൾ സുരക്ഷിതമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയത്തിൽ വികാരപരമായോ തിടുക്കപ്പെട്ടോ ഉള്ള തീരുമാനം എടുക്കുന്നതിന് യാതൊരു സ്ഥാനവുമില്ലെന്ന് ഡി.എം.കെ. അധ്യക്ഷൻ ചൂണ്ടിക്കാട്ടി. ഇന്ത്യയിലുടനീളമുള്ള നേതാക്കൾ ഇവിടെ എത്തിച്ചേർന്നിരിക്കുന്ന ഈ വേളയിലും തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും അത് ഭൂതകാലത്തിലും വർത്തമാനകാലത്തിലും എന്നും ഒന്നുതന്നെയായിരിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. തമിഴ്‌നാടാണ് തങ്ങൾക്ക് എപ്പോഴും ഒന്നാമതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.