ചെന്നൈ: ലോക്സഭാ സീറ്റുകൾ 850 ആക്കി പുനർനിർണയിച്ചാൽ ഇന്ത്യയിൽ ജനാധിപത്യം അവസാനിക്കുമെന്നും ആർഎസ്എസ് തമിഴ്‌നാടിന് എതിരാണെന്നും കോൺഗ്രസ് നേതാവും പാർലമെന്റിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ആർഎസ്എസിന് തമിഴ് സംസ്കാരത്തോട് വെറുപ്പാണെന്നും ബിജെപിയുടെ തന്ത്രത്തിൽ വീഴരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

To advertise here,

കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച മണ്ഡലപുനർനിർണയ (ഡീലിമിറ്റേഷൻ) ബില്ലിനെ പിന്തുണയ്ക്കാനുള്ള ഡിഎംകെയുടെ തീരുമാനത്തിന് പിന്നാലെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഇന്ത്യാ സഖ്യത്തിലെ മറ്റ് നേതാക്കളും ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു. ഒരു മണിക്കൂർ നീണ്ട ചർച്ചയിൽ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാനുള്ള തന്റെ നിലപാടിൽ മാറ്റമില്ലെന്ന് സ്റ്റാലിൻ അറിയിച്ചതോടെയാണ് രാഹുൽ ഗാന്ധി മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

'സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി, ഞങ്ങളുടെ കാഴ്ചപ്പാടുകൾ അദ്ദേഹത്തോട് വിവരിച്ചു. മണ്ഡല പുനർനിർണയത്തിലൂടെ (ഡീലിമിറ്റേഷൻ) ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്താനും ആ മണ്ഡലങ്ങളുടെ സ്വഭാവം ബിജെപിക്ക് അനുയോജ്യമായ രീതിയിൽ മാറ്റിമറിക്കാനും അനുവദിച്ചാൽ ഇന്ത്യയിലെ ജനാധിപത്യം പൂർണമായും അവസാനിക്കും. മണ്ഡല പുനർനിർണയമെന്ന ഈ ആശയം ബിജെപി ഇതിനകം അസമിലും ജമ്മു കശ്മീരിലും പരീക്ഷിച്ചു കഴിഞ്ഞതാണ്.' രാഹുൽ പറഞ്ഞു.

'ഇത് രാജ്യത്തുടനീളം ഇത് നടപ്പിലാക്കാനാണ് അവർ പദ്ധതിയിടുന്നത്. സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിച്ച് മണ്ഡലങ്ങളുടെ ഘടന മാറ്റാനുള്ള നീക്കം ഇന്ത്യയ്ക്ക് മൊത്തത്തിലും, പ്രത്യേകിച്ച് ദക്ഷിണേന്ത്യയ്ക്കും തമിഴ്നാടിനും വലിയ ആഘാതമുണ്ടാക്കും. ആർഎസ്എസ് തമിഴ് വിരുദ്ധ ശക്തിയാണ് അവർ തമിഴ്‌നാടിന് എതിരാണ്. തമിഴരോട് അവർക്ക് വെറുപ്പാണ്. തമിഴ് സംസ്‌കാരം, ഭാഷ, നാഗരികത തുടങ്ങി എല്ലാത്തിനേയും നശിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള അവരുടെ ശ്രമത്തിന്റെ ഭാഗമാണിത്.' രാഹുൽ ആരോപിച്ചു.

തമിഴ്നാടിന്റെ അവകാശങ്ങളുടെയും സംസ്‌കാരത്തിന്റെയും ഉറച്ച കാവലാളായ എം.കെ. സ്റ്റാലിൻ ബിജെപിയുടെ ഈ നീക്കത്തിനെതിരെ മുന്നിൽ നിന്ന് പോരാടണമെന്നും തമിഴ്നാടിനെ സംരക്ഷിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. 'ഇത് തമിഴ് ഭാഷയ്ക്കും ജനങ്ങൾക്കും മാത്രമല്ല രാജ്യത്തെയൊന്നാകെ ബാധിക്കുന്ന, രാജ്യം നേരിടാൻ പോകുന്ന വലിയ ഭീഷണിയാണെന്നും രാജ്യസ്‌നേഹികളായ എല്ലാവരും ഇതിനെതിരെ ഒന്നിച്ചു നിൽക്കണമെന്നുമാണ് സ്റ്റാലിനുമായി ചർച്ച ചെയ്തത്.' അദ്ദേഹം പറഞ്ഞു.

അതേസമയം, കോൺഗ്രസുമായുള്ള ബന്ധത്തെക്കുറിച്ച് ഡിഎംകെ കൈക്കൊണ്ട തീരുമാനങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് രാഹുൽ മറിപടി നൽകിയത്. തമഴ്‌നാട്ടിൽ ഇന്ത്യാസഖ്യത്തിൽ ഒപ്പമുള്ള ഡിഎംകെയെ കൈവിട്ട് സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ.യെ സർക്കാർ രൂപീകരിക്കാൻ പിന്തുണച്ചതോടെയാണ് കോൺഗ്രസും ഡിഎംകെയും തമ്മിലുള്ള ബന്ധം വഷളായത്.