ശ്രീനഗർ: ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ ഉന്നതകമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ടിനെതിരായ നടപടി അതിജാഗ്രതയോടെയാണ് സംയുക്തസേന പൂർത്തീകരിച്ചത്. നവംബർ 11-ന് കുൽഗാമിൽ സി.ആർ.പി.എഫ്. ക്യാമ്പ് ആക്രമിച്ചശേഷം വനമേഖലയിലൂടെ രക്ഷപ്പെട്ട ഇയാളെ കണ്ടെത്താൻ വ്യാപകതിരച്ചിലാണ് നടന്നുവന്നിരുന്നത്.

To advertise here,

രഹസ്യവിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ സർക്കാർ ഇനാം പ്രഖ്യാപിച്ചിരുന്നു. ഭട്ടിന്റെ കൂട്ടാളിയായ ഉമർ നിസാർ ദാറിനെ ഈ മാസം 16-ന് ലാറൂ ബൈപ്പാസ് മേഖലയിലെ ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. അന്ന്‌ രക്ഷപ്പെട്ട ലത്തീഫ് ഭട്ടിനെ ആ സ്ഥലത്തിന്റെ ഒൻപതുകിലോമീറ്റർ അകലെ, സാംഗൽപോറയിൽവെച്ചാണ് ബുധനാഴ്ച വധിച്ചത്.

ലത്തീഫ് ഭട്ടിനെ പിടികൂടാനുള്ള സേനയുടെ ഓപ്പറേഷൻ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിന് തൊട്ടുമുൻപാണ് ഭീകരൻ ഒളിച്ചിരുന്ന പള്ളിയോടുചേർന്ന മതപഠനശാലാ കെട്ടിടത്തിനകത്ത് 25 പെൺകുട്ടികളും രണ്ട് അധ്യാപകരും കുടുങ്ങിക്കിടക്കുന്നതായി സൈന്യം അറിഞ്ഞത്. ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയശേഷമാണ് സൈന്യം ഭീകരനുനേരേ അന്തിമനീക്കം നടത്തിയത്.

ലത്തീഫ് ഭട്ടും കൂട്ടാളിയായ ഉമർ നിസാർ ദാറും പ്രദേശത്ത് നിരീക്ഷണം നടത്തുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ സേനയ്ക്ക് ലഭിച്ചതിനെത്തുടർന്ന് സൈന്യവും പോലീസും സി.ആർ.പി.എഫും ഉൾപ്പെടുന്ന രണ്ടായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥർ കുൽഗാം, ഷോപിയാൻ, അനന്ത്‌നാഗ് ജില്ലകളിൽ തിരച്ചിൽ തുടങ്ങിയിരുന്നു. 2025 നവംബർ 18-നാണ് ലത്തീഫ് ഭട്ട് വീടുവിട്ടിറങ്ങി ലഷ്കറെ തൊയ്ബയിലും അതിന്റെ ഉപസംഘടനയായ ‘ദി റെസിസ്റ്റൻസ് ഫ്രണ്ടിലും’ ചേർന്നത്. തുടർന്ന് പാകിസ്താനിൽനിന്നുള്ള നിർദേശപ്രകാരം കശ്മീരിൽ ഒട്ടേറെ ആക്രമണങ്ങൾക്ക് നേതൃത്വം നൽകി. ജൂലായ് 22-ന് അനന്ത്‌നാഗിൽ ഒരു പോലീസുകാരനെ വെടിവെച്ചുകൊന്ന കേസിലും ജൂലായ് 31-ന് കുൽഗാമിൽ ഛത്തീസ്ഗഢ് സ്വദേശികളായ രണ്ട് അതിഥിതൊഴിലാളികളെ കൊലപ്പെടുത്തിയതിലും മുഖ്യപ്രതിയാണ്. മാതാപിതാക്കളും ഒരു സഹോദരനും സഹോദരിയുമുണ്ട്.

അഭിനന്ദിച്ച് രാജ്യം

ആ ഭീകരനെ സൂക്ഷ്മമായ ഇടപെടലിലൂടെ ഇല്ലാതാക്കിയ സുരക്ഷാസേനയെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉന്നത സൈനികോദ്യോഗസ്ഥരും അഭിനന്ദിച്ചു. ജമ്മു-കശ്മീർ പോലീസ്, സൈന്യം, സി.ആർ.പി.എഫ്., രഹസ്യാന്വേഷണ ഏജൻസികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തെ രാജ്യം അഭിനന്ദിക്കുന്നുവെന്ന് അമിത്ഷാ എക്സിൽ കുറിച്ചു.

‘അഭിനന്ദനങ്ങൾ കൂട്ടരേ, ചില വിഭവങ്ങൾ തണുപ്പുകാലത്താണെങ്കിൽപ്പോലും തണുപ്പോടെ വിളമ്പുന്നതാണ് നല്ലത്’ എന്നാണ് സി.ആർ.പി.എഫ്. ഡയറക്ടർ ജനറൽ ജി.പി. സിങ് പ്രതികരിച്ചത്. ‘നിങ്ങൾക്ക് ഓടാം; പക്ഷേ, ഒളിക്കാനാവില്ല’ എന്ന് ജമ്മു-കശ്മീർ പോലീസ് സാമൂഹികമാധ്യമത്തിൽ കുറിച്ചു. ഉത്തരമേഖലാ കരസേന കമാൻഡർ ലെഫ്റ്റനന്റ് ജനറൽ പ്രതീക് ശർമ്മ ദക്ഷിണകശ്മീരിലെത്തി സൈനികരെ അഭിനന്ദിച്ചു.