ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ എൻസിപി (എസ്.പി) തീരുമാനിച്ചതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ പാർട്ടിയിൽ ഭിന്നതയും പ്രതിഷേധവും. പാർട്ടി ഔദ്യോഗിക നിലപാട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ബി.ജെ.പി സർക്കാരിന്റെ ബില്ലിനെ പിന്തുണയ്ക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് രണ്ട് നേതാക്കൾ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ചുമതലകളിൽ നിന്നും രാജിവെച്ചു.

To advertise here,

പാർട്ടിയുടെ സോഷ്യൽ മീഡിയ സെൽ മഹാരാഷ്ട്ര ജനറൽ സെക്രട്ടറിയായ രമേശ്വർ ഖാംക്കറാണ് ആദ്യം രാജിക്കത്ത് നൽകിയത്. തനിക്ക് ബി.ജെ.പിയെ പിന്തുണയ്ക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും, സ്വന്തം ആശയങ്ങളെ വഞ്ചിച്ചുകൊണ്ട് പദവിയിൽ തുടരാൻ കഴിയില്ലെന്നും ഖാംക്കർ വ്യക്തമാക്കി. ഖാംക്കറിന് പിന്നാലെ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മൻ-ഖതാവ് മണ്ഡലം പ്രസിഡന്റുമായ അഭയ് സിങ് ജഗ്താപും പാർട്ടിയിൽ നിന്ന് രാജിവെച്ചു.

എൻ.സി.പി പിളർന്ന സമയത്ത് ശരദ് പവാറിനൊപ്പം ഉറച്ചുനിൽക്കുകയും പാർട്ടിയുടെ പുതിയ ചിഹ്നം വീടുതോറും എത്തിക്കുകയും ചെയ്ത നേതാവാണ് ജഗ്താപ്. മണ്ഡല പുനർനിർണയം എന്നത് എം.പിമാരുടെ എണ്ണം വർധിപ്പിക്കുന്നതിനോ വനിതാ സംവരണത്തിനോ മാത്രമല്ലെന്നും ലോക്‌സഭാ മണ്ഡലങ്ങളുടെ അതിർത്തികൾ ബി.ജെ.പിക്ക് അനുകൂലമായി പുനർനിർണയിക്കാനുള്ള നീക്കമാണെന്നും ജഗ്താപ് ആരോപിച്ചു. പ്രതിപക്ഷത്തെ രാജ്യത്തുനിന്ന് പൂർണമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുമായി കൈകോർക്കുന്നതിലും നല്ലത് പാർട്ടി പ്രവർത്തകർ നേരിട്ട് ബി.ജെ.പിയിൽ ചേരുന്നതാണെന്നും അദ്ദേഹം തന്റെ രാജിക്കത്തിൽ കുറിച്ചു.

അതേസമയം, ബില്ലിലെ വ്യവസ്ഥകൾ പരിശോധിച്ചശേഷം മാത്രമേ പാർട്ടി ഔദ്യോഗിക നിലപാട് എടുക്കുകയുള്ളൂവെന്ന് എൻ.സി.പി (എസ്.പി) വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ വ്യക്തമാക്കി. തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ തയാറെടുക്കുകയാണ്. ആവശ്യമായ ഭൂരിപക്ഷം ഉറപ്പാക്കാൻ എൻ.ഡി.എ മുന്നണി പ്രതിപക്ഷ പാർട്ടികളുമായി ചർച്ചകൾ നടത്തിവരികയാണ്.