മീററ്റ്: വിവാഹത്തിന്റെ തലേദിവസം സ്ത്രീധനം ചോദിച്ചെത്തിയ വരന്റെ വീട്ടുകാർക്ക് അപൂർവവും രസകരവുമായ മറുപടി കൊടുത്ത് കല്യാണം നിർത്തിച്ച ഒരു വധുവിന്റെ കുടുംബത്തിന്റെ നിശ്ചയദാർഢ്യത്തിന്റെയും ഒത്തൊരുമയുടെയും വാർത്തയാണ് ഉത്തർപ്രദേശിലെ മീററ്റിൽനിന്നും വരുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. മഹീന്ദ്ര ഥാർ SUV ആവശ്യപ്പെട്ട വരന്, ഒരു കളിപ്പാട്ട എസ്‌യുവി വാങ്ങി, വരന്റെ പിതാവിന്റെ കൈയിൽ കൊടുത്തുവിടുകയായിരുന്നു വധുവന്റെ ബന്ധുക്കൾ ചെയ്തത്.

To advertise here,

മീററ്റിലെ സോലാനയിൽ ശനിയാഴ്ചയാണ് ഈ രസകരമായ സംഭവം നടന്നത്. റിപ്പോർട്ടുകൾ പ്രകാരം, അഞ്ചുമാസം മുമ്പാണ് ഗ്യാൻപുർ ഗ്രാമവാസിയായ ഷംഷേർ തന്റെ മകന്റെ വിവാഹം സോലാനയിലെ ഒരു യുവതിയുമായി ഉറപ്പിച്ചത്. വിവാഹനിശ്ചയ വേളയിൽ വധുവിന്റെ കുടുംബം സ്ത്രീധന വസ്തുക്കളും ഒരുലക്ഷം രൂപയും വരന്റെ വീട്ടുകാർക്ക് നൽകിയിരുന്നു.

വിവാഹത്തോടനുബന്ധിച്ച് വധുവിന്റെ കുടുംബം വരന്റെ കുടുംബത്തെയും നാട്ടുകാരെയും ഔദ്യോഗികമായി ക്ഷണിക്കുന്ന പരമ്പരാഗത ചടങ്ങാണ് 'ലാൽ ഖാത്' (Lal Khat). ഈ ചടങ്ങിനായുള്ള ക്ഷണപ്രകാരമാണ് വരന്റെ വീട്ടുകാർ വധുവിന്റെ വീട്ടിലെത്തിയത്. ചടങ്ങിന്റെ ഭാഗമായി കൈമാറുന്ന കത്തുമായി എത്തിയ സംഘം അത് വധുവിന്റെ വീട്ടുകാർക്ക് നൽകി. ഇത് സാധാരണഗതിയിലുള്ള ഒരു സന്ദർശനമായിരിക്കുമെന്ന് കരുതിയ വരന്റെ വീട്ടുകാർക്ക് അധികം വൈകാതെ കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് മനസിലായി.

റിപ്പോർട്ട് അനുസരിച്ച്, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വധുവിന്റെ കുടുംബം ഒരു സ്ഥലം വിറ്റിരുന്നു. വിവരമറിഞ്ഞതോടെ വരന്റെ വീട്ടുകാർ സ്ത്രീധനമായി കാർ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വധുവിന്റെ കുടുംബം അവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ചർച്ചകൾ പരാജയപ്പെട്ടു. തുടർന്നാണ് അവർ ശനിയാഴ്ച ലാൽ ഖാത് ചടങ്ങിനായി വരന്റെ വീട്ടുകാരെ ക്ഷണിച്ചത്. രാവിലെ എത്തിയ വരന്റെ വീട്ടുകാരെ രാത്രി 10 മണി വരെ വധുവിന്റെ വീട്ടുകാർ അവിടെ കാത്തിരിപ്പിച്ചു.

ഒടുവിൽ മടങ്ങാൻ നേരത്ത്, വരനും കുടുംബവും ആവശ്യപ്പെട്ടതുപോലെ ഒരു എസ്‌യുവി കാർതന്നെ വധുവിന്റെ വീട്ടുകാർ നൽകി, എന്നാൽ അതൊരു കളിപ്പാട്ട കാർ ആയിരുന്നു എന്നുമാത്രം. വരന്റെ പിതാവിന് കളിപ്പാട്ടം നൽകിക്കൊണ്ട് വധുവിന്റെ കുടുംബത്തിലെ ഒരാൾ പറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം, 'നിങ്ങൾക്ക് ഒരു മനുഷ്യനെയല്ല ആവശ്യമുണ്ടായിരുന്നത്, ഒരു കാറിനെയായിരുന്നു. ഞങ്ങളിതാ നിങ്ങൾക്കായി ഒരു സ്‌കോർപിയോ തന്നെ നൽകിയിരിക്കുന്നു. ഇനി ഇത് ഓടിച്ചോളൂ.'

പിന്നാലെ തന്നെ കുടുംബത്തിലെ ഒരു മുതിർന്ന വ്യക്തി, വിവാഹനിശ്ചയ തുക തിരികെ നൽകി വിവാഹം റദ്ദാക്കിയതായി പ്രഖ്യാപിക്കുന്നതും വീഡിയോയിൽ കേൾക്കാം. വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. വധുവിന്റെ കുടുംബത്തോട് എന്തുമാകാം എന്ന വരന്റെ കുടുംബക്കാരുടെ അഹങ്കാരത്തിന് കിട്ടിയ ചുട്ടമറുപടിയാണ് ഇതെന്നാണ് നെറ്റിസൺസിന്റെ വാദം. അതേസമയം, വീഡിയോയുടെ നിജസ്ഥിതി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.