കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവിൽ ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടിനെ വധിച്ചു. മസ്ജിദിനുള്ളിൽ ഒളിച്ച ഭീകരനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രദേശത്ത് ഏറ്റുമുട്ടൽ രൂക്ഷമായതോടെ സുരക്ഷാ സേന വീഡിയോ കോളിലൂടെ ഇയാളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയിരുന്നില്ല.

To advertise here,

തനിക്ക് ദൈവത്തെ കാണാനാണ് ആഗ്രഹമെന്നും അതിൽ വളരെ സന്തോഷവാനാണെന്നും മറുപടി നൽകിയ ഇയാൾ മസ്ജിദിനുള്ളിൽനിന്ന് സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തിരുന്നു. 

നവംബർ 11-ന് അഖ്‌റാനിൽ സി.ആർ.പി.എഫ്. ചെക്ക്‌പോസ്റ്റിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ലത്തീഫ് ഭട്ടായിരുന്നു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഈ ആക്രമണത്തിന് മുന്നോടിയായി പ്രദേശങ്ങളിൽ ഇയാൾ നിരീക്ഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. ആക്രമണത്തിൽ പങ്കാളിയായ ഇയാളുടെ കൂട്ടാളി ഉമർ നിസാർ ദാർ തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

കഴിഞ്ഞ ആറ് മാസമായി ഉമർ നിസാർ ദാറാണ് ഭട്ടിന് താവളവും മറ്റ് സഹായങ്ങളും നൽകിയിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജൂലൈ 22-ന് അനന്ത്നാഗിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ട ആക്രമണത്തിലും ഓഗസ്റ്റ് ഒന്നിന് കുൽഗാമിൽ രണ്ട് അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിലും ലത്തീഫ് ഭട്ടിന് പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു.

നിലവിൽ പ്രദേശത്ത് വ്യാപകമായ തിരച്ചിൽ തുടരുകയാണെന്നും സംഭവവുമായി ബന്ധപ്പെട്ട് അഞ്ഞൂറിലധികം പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.