കൊൽക്കത്ത: വടക്കൻ കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 19 പേരാണ് മരിച്ചത്. ഒട്ടേറെയാളുകൾക്ക് പരിക്കേറ്റു. മഴ പെയ്തതോടെ ഇടുങ്ങിയ കവാടങ്ങളിലൂടെ വൻ ജനക്കൂട്ടം അകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് ദുരന്തത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ദൃക്സാക്ഷികളുടെ പ്രതികരണങ്ങളും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

To advertise here,

" അമ്മ എന്റെ കൺമുന്നിൽ വെച്ചാണ് മരിച്ചത്. എനിക്കും ജീവൻ നഷ്ടപ്പെട്ടേക്കാമായിരുന്നു,"- 25 കാരനായ സോനു പാൽ ഞെട്ടലോടെ പറഞ്ഞു. "പുറത്ത് മഴയായിരുന്നതിനാൽ ആർക്കും പന്തലിന് പുറത്തിറങ്ങാൻ തോന്നിയില്ല. മഴയിൽ നിന്ന് രക്ഷപ്പെടാൻ പ്രവേശന കവാടത്തിൽ നിന്നിരുന്ന ആളുകൾ അകത്തേക്ക് പ്രവേശിക്കാനായി തള്ളിക്കയറി. അതോടെ വൻ തിരക്കായി. - സോനു പറഞ്ഞു.

"എല്ലാവരും ഒന്നിനുമേൽ ഒന്നായി വീണു. ഞാനും ആ തിക്കിലും തിരക്കിലും പെട്ടുപോയി. ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നെങ്കിലും അമ്മ അവിടെയുണ്ടായിരുന്നില്ല." - സോനു പറഞ്ഞു. കുമർത്തൂലി സ്വദേശിയായ സോനു പാൽ മാതാവിനൊപ്പമാണ് ഇവിടേക്ക് വന്നത്.

പ്രവേശന കവാടവും പുറത്തുകടക്കുന്ന കവാടവും വളരെ ഇടുങ്ങിയതായിരുന്നുവെന്നും ആ പ്രദേശത്ത് വെളിച്ചം ഉണ്ടായിരുന്നില്ലെന്നും ഒരു നാട്ടുകാരൻ പറഞ്ഞു. തിക്കിലും തിരക്കിനും ഇടയിൽ പന്തലിന്റെ ഒരു ഭാഗം തകർന്നുവീണതായി മറ്റൊരാൾ പറഞ്ഞു.

"പ്രവേശന കവാടത്തിൽ ഒന്നര മണിക്കൂർ നീണ്ട ക്യൂ ഉണ്ടായിരുന്നു. മഴയായതിനാൽ ആളുകൾ പെട്ടെന്ന് അകത്തേക്ക് കയറാൻ തിരക്കുകൂട്ടി. അത് വളരെ ഇടുങ്ങിയതായിരുന്നു. അവിടെ ഇരുട്ടായിരുന്നു. ഒരൊറ്റ ലൈറ്റ് പോലും ഉണ്ടായിരുന്നില്ല. ഇരുട്ട് കാരണം രണ്ടുപേർ വീണു. ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയും. ഞാനും വീണു. എങ്ങനെയോ ഞാൻ എഴുന്നേറ്റു. എന്നാൽ ആ പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും മുകളിൽ ഒട്ടേറെപ്പർ വീണു. അവിടെ പൊലീസോ വൊളന്റിയർമാരോ ഉണ്ടായിരുന്നില്ല." - ഒരാൾ പ്രതികരിച്ചു.

ദുർഗാപൂജ പരിപാടിക്കിടെ മഴപെയ്തതോടെ ചോർബഗാൻ ദുർഗാപൂജ പന്തലിനുപുറത്ത്‌ നിൽക്കുകയാായിരുന്ന വൻ ജനക്കൂട്ടം പന്തലിനകത്തേക്കുകയറിയതാണ് അപകടത്തിന് വഴിവെച്ചത്. ഇതോടെ ഉന്തുംതള്ളുമായി. ചിലർ നിലത്തുവീണു. ഇതോടെ ആളുകൾ പരിഭ്രാന്തരായി ഓടിയതാണ് വലിയ ദുരന്തത്തിന് കാരണമായത്. പരിക്കേറ്റവരെ കൊൽക്കത്ത മെഡിക്കൽ കോളേജിലെത്തിച്ചു. മുഖ്യമന്ത്രി സുവേന്ദു അധികാരിയും ആരോഗ്യമന്ത്രി ശാരദ്വത് മുഖർജിയും ഉൾപ്പെടെയുള്ളയുള്ളവർ ആശുപത്രിയിലെത്തി. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രസർക്കാർ രണ്ടുലക്ഷംരൂപയും സംസ്ഥാന സർക്കാർ 25 ലക്ഷവും സഹായധനം പ്രഖ്യാപിച്ചു.