ന്യൂഡൽഹി: അങ്കിത ഭണ്ഡാരി വധക്കേസിൽ ആരോപണം നേരിടുന്ന ബി.ജെ.പി. നേതാവ് ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ചതിനെതിരെ എൻ.എസ്.യു.ഐ. പ്രതിഷേധം. ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ പ്രവർത്തകർ മെഴുകുതിരി കത്തിച്ച് പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കേസിൽ സി.ബി.ഐ. അന്വേഷണം പൂർത്തിയാകുന്നതുവരെ ദുഷ്യന്ത് കുമാറിൻ്റെ നിയമനം തടയണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

To advertise here,

ഉത്തരാഖണ്ഡിലെ അങ്കിത ഭണ്ഡാരി വധക്കേസിൽ ആരോപണം നേരിടുന്ന വ്യക്തിയാണ് ദുഷ്യന്ത് കുമാർ. കഴിഞ്ഞ ദിവസം അങ്കിതയുടെ മാതാപിതാക്കൾ ഡൽഹി ഇന്ത്യാ ഗേറ്റിൽ ധർണ നടത്തിയിരുന്നു. ഈ സമരത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പങ്കാളികളായിരുന്നു. വിവാദം ശക്തമായ സാഹചര്യത്തിൽ, ദുഷ്യന്ത് ഗൗതമിന്റെ നിയമനം നിർത്തിവെക്കണമെന്ന് രാഹുൽ ഗാന്ധി രാഷ്ട്രപതിക്ക് കത്തയച്ചിട്ടുണ്ട്.

2022 സെപ്റ്റംബറിലാണ് ഋഷികേശിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരി കൊല്ലപ്പെടുന്നത്. കാണാതായി നാല് ദിവസത്തിന് ശേഷം കനാലിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്. കേസിൽ മുൻ ബി.ജെ.പി. നേതാവിന്റെ മകനും റിസോർട്ട് ഉടമയുമായ പുൽകിത് ആര്യ ഉൾപ്പെടെയുള്ള മൂന്ന് പേർക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. സംഭവത്തിൽ ഒരു വി.ഐ.പി. കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു ആരോപണം. ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറിയും ഉത്തരാഖണ്ഡിന്റെ ചുമതലയുണ്ടായിരുന്ന നേതാവുമായ ദുഷ്യന്ത് കുമാർ ഗൗതമിന്റെ പേരാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നത്.