ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ 'ഇന്ത്യ' സഖ്യം നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനത്ത് റാലി നടത്താൻ കോൺഗ്രസിന് അനുമതി നൽകി ഡൽഹി പോലീസ്.
കഴിഞ്ഞ മാസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ച റാലിക്ക് പോലീസ് അനുമതി ലഭിച്ചതോടെ പാർട്ടി പ്രവർത്തകർ തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു. ജന്തർ മന്തറിൽ പ്രക്ഷോഭങ്ങൾ നിരോധിച്ചതിനു പകരമായി കേന്ദ്രം അനുവദിച്ച സമരകേന്ദ്രങ്ങളിലൊന്നാണ് രാംലീലാ മൈതാനം.
ഡൽഹി മുൻസിപ്പൽ കോർപറേഷനിൽനിന്ന് അന്നേദിവസം മൈതാനത്ത് മറ്റുപരിപാടികൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കോൺഗ്രസ് അനുമതിക്കായി പോലീസിനെ സമീപിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ (സെൻട്രൽ) രോഹിത് രാജ്ബീർ സിങ് വ്യക്തമാക്കി. ഒക്ടോബർ 25 മുതൽ നവംബർ മൂന്നുവരെ രാംലീല മൈതാനം ലഭ്യമാണെന്ന് എം.സി.ഡി അറിയിച്ചതിനെ തുടർന്ന്, സുരക്ഷാ മുൻകരുതലുകൾ വിലയിരുത്തിയാണ് ഡൽഹി പൊലീസ് നിരാക്ഷേപ പത്രം (എൻഒസി) അനുവദിച്ചത്. റാലി തടസ്സമില്ലാതെ നടത്തുന്നതിനും ഗതാഗത നിയന്ത്രണം കാര്യക്ഷമമാക്കുന്നതിനുമായി സംഘാടകരുമായും ട്രാഫിക് പൊലീസുമായും ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് പോലീസ് അറിയിച്ചു.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുക, ജനാധിപത്യ സംരക്ഷണ മാർച്ചുകൾ സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കോൺഗ്രസ് റാലി സംഘടിപ്പിക്കുന്നത്.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷണർമാർ തന്നെ എതിർപ്പുകൾ പ്രകടിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ 'ഇന്ത്യ' മുന്നണി പ്രതിഷേധം ശക്തമാക്കിയത്.
Content Highlights: Delhi Police issued an NOC for the Congress rally at Ramlila Maidan., The permitted timeframe for the rally events is from October 25 to November 3., The rally is part of the INDIA bloc's joint action plan regarding the Special Intensive Revision (SIR) voter list and EVM concerns., Election Commissioners reportedly expressed written dissent on several decisions, adding momentum to political discussions.
Published: 17 Oct 2026, 06:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented