പാട്‌ന: ബിഹാറിലെ ലഖിസരായ് ജില്ലയിലുള്ള പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശൈവ വിശ്വാസികൾ വിശുദ്ധമായി കണക്കാക്കുന്ന ശ്രാവണ മാസത്തിലെ മൂന്നാം തിങ്കളാഴ്ച ആരാധനയ്ക്കായി വൻതോതിൽ ഭക്തർ ഒത്തുകൂടിയതാണ് ദുരന്തത്തിന് കാരണമായത്. ട്രെയിനുകളിൽ ക്ഷേത്രത്തിലേക്ക് വലിയതോതിൽ ഭക്തർ എത്തിയതാണ് ദുരന്തത്തിലേക്ക് വഴിതെളിച്ചത്. രാവിലെ 6:30-നും 6:45-നും ഇടയിൽ രണ്ട് ട്രെയിനുകൾ എത്തിയതോടെ ക്ഷേത്രപരിസരത്തെ ജനക്കൂട്ടം അനിയന്ത്രിതമായി വർദ്ധിച്ചു.
തിരക്ക് വർദ്ധിച്ചതിനെത്തുടർന്ന് ക്ഷേത്രത്തിന് പുറത്തുള്ള ബാരിക്കേഡ് തകരുകയും ആളുകൾ പരസ്പരം മുകളിലേക്ക് വീഴുകയുമായിരുന്നുവെന്ന് ലഖിസരായ് ജില്ലാ മജിസ്ട്രേറ്റ് ശൈലേന്ദ്ര കുമാർ അറിയിച്ചു. പരിക്കേറ്റ 10-15 പേരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ ഭരണകൂടം രക്ഷാപ്രവർത്തനങ്ങൾക്കും ആൾക്കൂട്ട നിയന്ത്രണത്തിനും നേതൃത്വം നൽകുന്നുണ്ട്. സംഭവം അങ്ങേയറ്റം ദാരുണമാണെന്ന് വിശേഷിപ്പിച്ച ബീഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി, പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ശ്രീ ഇന്ദ്രദമനേശ്വർ മഹാദേവ ക്ഷേത്രം എന്നപേരിലറിയപ്പെടുന്ന ഇവിടെ വലിയൊരു ശിവലിംഗമാണുള്ളത്. ശ്രാവണ മാസത്തിൽ വലിയ തോതിൽ ഭക്തർ എത്തുന്ന ഇടമാണിത്.
Published: 17 Aug 2026, 09:54 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented