കൊൽക്കത്ത: കൊൽക്കത്തയിൽ ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട് 17 പേർ മരിച്ചു. ചോർ ബഗാൻ സർവജനീൻ പൂജാ പന്തലിലാണ് സംഭവം. മരിച്ചവരിൽ 13 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. തിക്കിലും തിരക്കിലും പെട്ട് 35-ഓളം പേർക്ക് പരിക്കേറ്റു.

To advertise here,

ശനിയാഴ്ച വൈകീട്ട് 7.40 ഓടെയാണ് അപകടം. പൂജാ പന്തലിന്റെ എക്സിറ്റ് ഗേറ്റിൽ മഴയെത്തുടർന്ന് വൻ തിരക്ക് രൂപപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. തിക്കിലും തിരക്കിലും പെട്ട് പലരും ബോധരഹിതരായതായി ഒരു ദൃക്‌സാക്ഷി എഎൻഐ വാർത്താ ഏജൻസിയോട് പറഞ്ഞു. പലരെയും മോട്ടോർ സൈക്കിളുകളിലാണ് ആശുപത്രിയിൽ എത്തിച്ചത്.

സാഹചര്യങ്ങൾ വിലയിരുത്താൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചീഫ് സെക്രട്ടറി മനോജ് അഗർവാളും ആശുപത്രിയിലെത്തി. സംഭവത്തിൽ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി ഞെട്ടൽ രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 50,000 രൂപ വീതം ലഭിക്കും.