
ന്യൂഡൽഹി: നീറ്റ് സമരത്തിനെതിരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര അന്വേഷണ സമിതിക്ക് (എച്ച്.പി.ഇ.സി.) പരാതി നൽകാൻ പുതിയ ഓൺലൈൻ പോർട്ടൽ ആരംഭിച്ചു. ജൂലായിൽ ജന്തർമന്ദറിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ അതിക്രമങ്ങളിൽ പരാതി നൽകാനാണ് പോർട്ടൽ. സംഘർഷങ്ങളിൽ ദുരിതമനുഭവിച്ചവർക്കും സംഭവങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ ആഗ്രഹിക്കുന്നവർക്കും പോർട്ടൽവഴി പരാതി നൽകാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
http://hpec.nic.in എന്ന വെബ്സൈറ്റിലൂടെയാണ് പരാതികൾ നൽകേണ്ടത്. സംഘർഷങ്ങളിൽ ദുരിതമനുഭവിച്ചവർക്കുപുറമേ പോലീസുകാർക്കും പോർട്ടൽവഴി പരാതികൾ നൽകാം. ദുർബലരായ സാക്ഷികളുടെ സംരക്ഷണത്തിനും വ്യക്തിത്വം വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിനും പോർട്ടലിൽ സംവിധാനങ്ങളുണ്ട്. ഡൽഹിയിലെ റൗസ് അവന്യൂ ഇൻസ്റ്റിറ്റിയൂഷനൽ ഏരിയയിലുള്ള ശിക്ഷാ സദനിലെ സമിതി ഓഫീസിൽ പ്രവൃത്തിദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെ നേരിട്ടെത്തിയും പരാതികൾ നൽകാം. തപാൽ വഴിയോ hpec2026.enquiry@nic.in എന്ന ഇ-മെയിൽ വഴിയോ നിവേദനങ്ങൾ അയയ്ക്കാനുള്ള സൗകര്യവുമുണ്ട്.
ജൂലായിൽ ഡൽഹിയിലും മറ്റിടങ്ങളിലും നടന്ന അക്രമസംഭവങ്ങളുടെ എല്ലാ വശങ്ങളും പരിശോധിക്കുന്നതിനാണ് സുപ്രീംകോടതി അഞ്ചംഗ ഉന്നതാധികാര സമിതി രൂപവത്കരിച്ചത്. വിരമിച്ച ജസ്റ്റിസ് റെഡ്ഡി, പഞ്ചാബ്-ഹരിയാണ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് രവി ശങ്കർ ഝാ, ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ശാലിന്ദർ കൗർ, മുൻ സി.ബി.ഐ. ഡയറക്ടർ ഋഷി കുമാർ ശുക്ല, മേഘാലയ മുൻ ഡി.ജി.പി. എൽ.ആർ. ബിഷ്ണോയ് എന്നിവരാണ് സമിതിയംഗങ്ങൾ.
കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി.) നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാർക്കെതിരേ പോലീസ് അതിക്രമം നടത്തിയെന്നാരോപിച്ചുള്ള ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നതിനിടെയാണ് സമിതി രൂപവത്കരിച്ചത്. പ്രതിഷേധത്തിനിടെ പോലീസുകാർക്കെതിരെയും അക്രമമുണ്ടായെന്ന ആരോപണങ്ങളും കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു.
നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജൂൺ 20-നാണ് ഡൽഹിയിലെ ജന്തർമന്ദറിൽ സി.ജെ.പി. പ്രതിഷേധം സംഘടിപ്പിച്ചത്. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുകയും സംഘടനയുടെ മറ്റാവശ്യങ്ങൾ സർക്കാർ അംഗീകരിക്കുകയും ചെയ്തതിനെത്തുടർന്ന് ജൂലായ് 25-ന് പ്രക്ഷോഭം അവസാനിപ്പിച്ചു.
Content Highlights: Supreme Court-appointed HPEC launched an online portal at hpec.nic.in for July 2026 violence complaints. Portal allows affected individuals and police personnel to submit complaints securely with confidentiality options.
Published: 17 Oct 2026, 09:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented