
കോഴിക്കോട് ബീച്ചിൽ സിനിമാ പ്രൊമോഷനിടെ കുട്ടികളെ കാണാതായ സംഭവത്തിൽ വൈറലായ വീഡിയോയിൽ വിശദീകരണവുമായി അവതാരക രഞ്ജിനി ഹരിദാസ്. ബേസിൽ ജോസഫും ടൊവിനോ തോമസും പ്രധാനവേഷത്തിലെത്തിയ അതിരടി സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കോഴിക്കോട് ബീച്ചിൽ രണ്ടാഴ്ചമുമ്പ് ഒരു പരിപാടി നടത്തിയിരുന്നു. പരിപാടി നടക്കുന്നതിനിടെ തിക്കിലും തിരക്കിലുംപെട്ട് ഒട്ടേറെ കുട്ടികളെ കാണാതായി. ഇവരെ കണ്ടെത്താൻ മൈക്കിലൂടെ പേര് വിളിച്ചുപറയവെ പരിഹസിച്ച യുവാക്കൾക്ക് രഞ്ജിനി നൽകിയ മറുപടി വൈറലായിരുന്നു. അന്ന് നടന്ന കാര്യങ്ങൾ എന്താമെന്ന് വിശദീകരിച്ചിരിക്കുകയാണ് സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ രഞ്ജിനി ഹരിദാസ്.
കാണാതായ കുട്ടികളുടെ പേര് വിളിച്ചുപറയുമ്പോൾ മോശം കമന്റ് പറഞ്ഞ യുവാക്കളോട് രഞ്ജിനി കടുത്ത ഭാഷയിലായിരുന്നു പ്രതികരിച്ചത്. 'നിന്റെ അമ്മയാണെങ്കിൽ നീ പറയുവോടാ, അങ്ങനെ?. എന്തുവാടേ, എന്ത് ബോറാണ്. ഒരാളെ കാണുന്നില്ലെന്ന് പറയുമ്പോഴാണോ തമാശ. ഇതാണ് മനുഷ്യരുടെ പ്രശ്നം. പത്തുപേർ ചാവുമ്പോൾ കിടന്നുചിരിക്കും. നിങ്ങൾ ഇത്രയും മനോഹരമായി നിൽക്കുമ്പോൾ ഇടയ്ക്കൊരെണ്ണം. നിന്റെ മുഖം ഞാൻ മറക്കില്ല', എന്നായിരുന്നു രഞ്ജിനി യുവാവിനോട് പറഞ്ഞത്.
വീഡിയോ വൈറലായതോടെ രഞ്ജിനിയെ പ്രശംസിച്ച് നിരവധിപ്പേരാണ് എത്തിയത്. ഗൗരവമേറിയ കാര്യം പറയുമ്പോഴും പരിഹാസത്തോടെ മറുപടി നൽകിയ യുവാക്കളെ കടുത്ത ഭാഷയിലാണ് സാമൂഹികമാധ്യമങ്ങൾ വിമർശിച്ചത്.
രഞ്ജിനി ഹരിദാസിന്റെ വിശദീകരണത്തിലെ പ്രസക്തഭാഗങ്ങൾ:
അതിരടി ഫെസ്റ്റിൽ വലിയ ആൾക്കൂട്ടമായിരുന്നു. ഒരുലക്ഷത്തിൽപ്പരം ആളുകളായിരുന്നു ആ പരിപാടിക്ക് എത്തിയത്. 6.30-ന് ആയിരുന്നു പരിപാടി തുടങ്ങേണ്ടിയിരുന്നത്.
ആറ് മണിക്ക് ഞാൻ ഹോട്ടലിൽനിന്ന് ഇറങ്ങി. 15 മിനിറ്റ് ദൂരമേയുള്ളൂ. ആറുമണിക്ക് ഇറങ്ങിയ ഞാൻ ട്രാഫിക് ബ്ലോക്കിൽപ്പെട്ടിട്ട് ഏഴുമണിക്കും എത്തിയില്ല. ഞാൻ സ്റ്റേജിൽ കയറിയപ്പോൾ തന്നെ ഒരുമണിക്കൂർ വൈകിയിരുന്നു. അവർ സ്‌റ്റേജ് ഷോ തുടങ്ങാതെ എനിക്കുവേണ്ടി കാത്തിരുന്നു.
വണ്ടിക്ക് സ്‌റ്റേജിന് അടുത്തേക്ക് എത്താൻ കഴിയാത്തതുകൊണ്ട് 200 മീറ്റർ ഇറങ്ങി നടന്നാണ് ഞാൻ സ്‌റ്റേജിൽ എത്തിയത്. 7.30 ആയി ഞാൻ സ്‌റ്റേജിൽ കയറുമ്പോൾ. അയാം ദി സോറി അളിയാ എന്ന് പറഞ്ഞാണ് ഞാൻ സ്റ്റേജിൽ കയറിയത്.
കാണികൾ ആദ്യം പറഞ്ഞതായി കേട്ടത് വെള്ളം ഇല്ലെന്നാണ്. സംഘാടകർക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഈ തിരക്കിൽ ഇറങ്ങാനോ വെള്ളം എത്തിക്കാനോ ഉള്ള സംവിധാനം അവിടെയില്ല. അപ്പോൾ ഞാൻ തന്നെ സ്‌റ്റേജിന്റെ പിന്നിൽപ്പോയി ഒരു കാർട്ടൺ വെള്ളം എടുത്ത് ഓരോ കുപ്പിയായി ആളുകൾക്ക് എറിഞ്ഞുകൊടുത്തു. കുറച്ചുനേരം മാനേജ് ചെയ്തു.
ഷോ തുടങ്ങിയ സമയം മുതൽ കുട്ടികളെ കാണുന്നില്ല എന്ന് പറയാൻ തുടങ്ങി. ഒരു കുട്ടിയെ അല്ല, പത്തിരുപത് കുട്ടികളെ ആ ദിവസം കാണാതായിട്ടുണ്ട്. ഒരു ലിസ്റ്റുതന്നെയുണ്ടായിരുന്നു. അത് മാറിക്കൊണ്ടിരുന്നു.
ഞാൻ പേര് അനൗൺസ് ചെയ്തപ്പോൾ, ആദ്യം നടന്ന സംഭവമാണ് നിങ്ങൾ കണ്ട ഒരു വീഡിയോ. എന്തു ബോറാണ് എന്ന് ഞാൻ ചോദിക്കുന്നത്. ഞാൻ പേര് വായിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു യുവാവ്, ആ കുട്ടി അവിടെ ഉണ്ടെന്ന് പറയുകയാണ്. ശരിക്കും അവിടെ ഉണ്ടായിരുന്നില്ല. അവൻ അറ്റൻഷനുവേണ്ടിയാണ് ചെയ്യുന്നത്. അവന്റെ ഫ്രണ്ട് ദുപ്പട്ട പോലെയൊരു സാധനംവെച്ച് പെണ്ണിനെപ്പോലെ ഡ്രസ് ചെയ്തുനിന്നു. ഒരു ഗൗരവമേറിയ സാഹചര്യത്തെ പരിഹസിക്കുകയാണ്. അതാണ് എനിക്ക് ദേഷ്യം വന്നത്.
ഇതേ സംഭവമാണ് കുറച്ചുനേരം കഴിഞ്ഞ് പിന്നേയും നടന്നത്. അപ്പോൾ ടൊവിനോ കൂടെയുണ്ടായിരുന്നു. ടൊവിനോയ്ക്ക് ദേഷ്യം വന്നു പക്ഷേ, എന്നേക്കാൾ പക്വതയുള്ളതുകൊണ്ടാവാം കുറച്ചൂടെ നന്നായി കൈകാര്യംചെയ്തു. എങ്കിലും ടൊവിനോയ്ക്കും നല്ല ദേഷ്യമുണ്ടായിരുന്നു.
വിവരമില്ലാത്ത, സ്വന്തം കാര്യം മാത്രം നോക്കുന്ന, ബോധമില്ലാത്ത, അറ്റൻഷൻ ആവശ്യമുള്ള യുവാക്കളാണ് ഇത് ചെയ്തത്. അതിൽ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല.
പരിപാടി താത്കാലികമായി മാറ്റിവെച്ച് കുട്ടികളെ കണ്ടുപിടിക്കാൻ ശ്രമിക്കുമ്പോൾ, ഇവർ കളിയാക്കുകയാണ്. അതുകൊണ്ടാണ് ഞങ്ങൾക്ക് ദേഷ്യം വന്നത്. രണ്ടും വേറെ സംഭവങ്ങളാണ്. ഇതുപോലെ പത്തോ ഇരുപതോ പ്രാവശ്യം ഞങ്ങൾ സ്റ്റേജിൽ കയറി പറഞ്ഞിട്ടുണ്ട്. എല്ലാകുട്ടികളേയും കിട്ടി.
ഇത്രയും അധികം ആളുകൾ ഒരുമിച്ച് വരുന്ന സ്ഥലത്ത് എങ്ങനെയാണ് സ്വന്തം മക്കളെ ആളുകൾക്ക് നഷ്ടപ്പെട്ടുപോവുന്നത്. അതും അഞ്ചും ആറും ഏഴും വയസ്സുള്ള കുട്ടികൾ. അത്രയും ഉത്തരവാദിത്തമില്ലാത്ത രക്ഷിതാക്കളാണോ നിങ്ങൾ. കോഴിക്കോട് നടന്ന സംഭവത്തെക്കുറിച്ച് മാത്രമല്ല ഞാൻ പറയുന്നത്. പൊതുവേ ഇങ്ങനെ വലിയ ആൾക്കൂട്ടം വരുന്ന സ്ഥലത്തൊക്കെ ആളുകളെ കാണാതാവുന്ന സംഭവങ്ങളുണ്ട്.
എന്തിനാണ് ഇത്രയും ചെറിയ കുട്ടികളെ കൊണ്ടുവരുന്നത്. അതും നിയന്ത്രിക്കാൻ കഴിയാത്ത ആൾക്കൂട്ടത്തിന് ഇടയിലേക്ക്. കുറച്ചൊന്ന് ആലോചിക്കുക. കുട്ടികളെ കാണാതെപോയാൽ അനുഭവിക്കുന്ന ട്രോമയുണ്ട്. എനിക്കത് ചിന്തിക്കാൻ പോലും കഴിയുന്നില്ല.
25 വയസ്സുള്ളവരെയൊക്കെ എങ്ങനെയാണ് കാണാതാവുന്നത്. കാണാതാവുന്നതാണോ അതോ കൂട്ടം വിട്ടുപോവുന്നതാണോ? അടുത്ത തവണ ഇങ്ങനെ ഷോകൾക്ക് പോവുമ്പോൾ, നിങ്ങൾ തന്നെ കൈയിൽ ഒരുകുപ്പി വെള്ളം കരുതുക. ആൾക്കൂട്ടതിന് ഇടയിലായാൽ പുറത്തിറങ്ങാൻ വലിയ ബുദ്ധിമുട്ടാണ്. എത്രപേരാണ് തളർന്നുവീണത് എന്നറിയുമോ?
Content Highlights: Clarification on the viral video during the Athiradi movie promotion in Kozhikode. Ranjini Haridas explains the chaotic situation caused by overcrowding. Condemnation of individuals who mocked the search for missing children. Critique of parental negligence in bringing young children to massive public gatherings. Call for better crowd management and personal responsibility at events
Published: 18 May 2026, 09:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented