മുംബൈ: ഇന്ത്യയുടെ റിഫോം എക്സ്പ്രസ് ഇനിയും അതിവേഗത്തിൽ മുന്നോട്ട് കുതിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഫിൻടെക് യാത്ര തികച്ചും ശ്രദ്ധേയമാണെന്നും ഇതിന്റെ ഏറ്റവും വലിയ ചാലകശക്തി യുപിഐ പ്ലാറ്റ്‌ഫോം ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. യുപിഐ വരുത്തിയത് വലിയ മാറ്റങ്ങളാണെന്നും ഈ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിനെക്കുറിച്ച് പരാമർശിക്കാതെ ഇന്ത്യയുടെ ഫിൻടെക് മേഖലയെക്കുറിച്ചുള്ള ഒരു ചർച്ചയും പൂർണ്ണമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പുതിയ കാലഘട്ടം ഏജന്റിക് എഐ, ടോക്കണൈസേഷൻ, ക്വാണ്ടം സാങ്കേതികവിദ്യകൾ എന്നിവയിലൂടെ മുൻപത്തേക്കാൾ വലിയ സാധ്യതകളാണ് നമ്മളിലേക്ക് കൊണ്ടുവരുന്നത്. ഈ പുതിയ സാങ്കേതിക സാധ്യതകളെ പ്രായോഗികമായ സാമ്പത്തിക പരിഹാരങ്ങളാക്കി മാറ്റാൻ ഫിൻടെക് കമ്പനികൾ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ ലക്ഷ്യത്തിനായി ഫിൻടെക് വ്യവസായ മേഖല പ്രധാനമായും മുൻഗണന നൽകേണ്ട നാല് സുപ്രധാന മേഖലകളും പ്രധാനമന്ത്രി പരാമർശിച്ചു.
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തെ ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി ഏറ്റവും മികച്ച സൈബർ സുരക്ഷ കെട്ടിപ്പടുക്കണം, ഉപഭോക്തൃ വിവരങ്ങളുടെ സംരക്ഷണത്തിനായി ഫിൻടെക് വ്യവസായം സ്വന്തമായി മാനദണ്ഡങ്ങൾ രൂപീകരിക്കണം, സാമ്പത്തിക മേഖലയിലെ നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കമ്പനികളും റെഗുലേറ്റർമാരും മറ്റ് പങ്കാളികളും ഉൾപ്പെടുന്ന ശക്തമായ ഒരു ഇന്നൊവേഷൻ ഇക്കോസിസ്റ്റം നിർമ്മിക്കണം, ഉപഭോക്തൃ സംരക്ഷണ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഫിൻടെക് കമ്പനികൾക്ക് സുതാര്യമായ റേറ്റിങ് നൽകുന്നതിനായി ഒരു ഫിൻടെക് കൺസ്യൂമർ പ്രൊട്ടക്ഷൻ ഇൻഡക്സ് സ്ഥാപിക്കണം എന്നീ നിർദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ചത്.
പശ്ചിമേഷ്യൻ സംഘർഷങ്ങൾ ഊർജ്ജ, ഉൽപ്പന്ന വിതരണ ശൃംഖലകളിൽ കടുത്ത സമ്മർദ്ദം ചെലുത്തിയിട്ടും നടപ്പ് വർഷത്തെ ആദ്യ പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7.8 ശതമാനം വളർച്ച കൈവരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലും ഇന്ത്യ കൈവരിച്ച വളർച്ച ലോകത്തിന് പുതിയ ആത്മവിശ്വാസമാണ് നൽകുന്നത്. അടുത്തിടെ ഒരു ജാപ്പനീസ് ക്രെഡിറ്റ് റേറ്റിങ് ഏജൻസി ഇന്ത്യയുടെ സോവറിൻ റേറ്റിങ് 'എ' (A) വിഭാഗത്തിലേക്ക് ഉയർത്തിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ റേറ്റിങ് വർദ്ധനവ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ലോകത്തിനുള്ള വളരുന്ന വിശ്വാസത്തിന്റെ മറ്റൊരു ശക്തമായ തെളിവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Published: 08 Sept 2026, 09:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented