മുംബൈ: ഇന്റര്‍നെറ്റ് ബാങ്കിങ് ലളിതമായി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വഴിയൊരുക്കുക ലക്ഷ്യമിട്ട് 'ബാങ്കിങ് കണക്ട്' എന്ന പുതിയ പ്ലാറ്റ്‌ഫോം യാഥാര്‍ഥ്യമാക്കി എന്‍പിസിഐയുടെ കീഴിലുള്ള എന്‍ബിബിഎല്‍. സെപ്റ്റംബറില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ അവതരിപ്പിച്ച സംവിധാനം ആറു ബാങ്കുകള്‍ നടപ്പാക്കിത്തുടങ്ങി.

To advertise here,

ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയുള്ള പണം കൈമാറ്റരീതി റിസര്‍വ് ബാങ്കിന് തത്സമയം നിരീക്ഷിക്കാന്‍ സഹായിക്കുന്നതാണ് പുതിയ പ്ലാറ്റ്‌ഫോമെന്ന് എന്‍പിസിഐ ഭാരത് ബില്‍പേ ലിമിറ്റഡ് (എന്‍ബിബിഎല്‍) എംഡിയും സിഇഒയുമായ നൂപുര്‍ ചതുര്‍വേദി പറഞ്ഞു. ക്രിപ്‌റ്റോകറന്‍സി, ഗെയിമിങ് എന്നിവയിലേതടക്കമുള്ള ഇടപാടുകളും നിരീക്ഷണ വിധേയമാക്കാന്‍ ഇതുവഴി കഴിയും.

ബാങ്കിങ് കണക്ട്

പ്രാഥമികമായി വലിയ തുകയുടെ വ്യാപാര ഇടപാടുകള്‍ക്കുള്ള പുതിയ പ്ലാറ്റ്‌ഫോമാണിത്. മൊബൈല്‍ ഫോണ്‍ വഴി എല്ലാ ബാങ്കുകളുടെയും ഇന്റര്‍നെറ്റ് ബാങ്കിങ് പരസ്പരം ഉപയോഗിക്കാനാകുമെന്നതാണ് പ്രത്യേകത. പുതിയ സംവിധാനത്തില്‍ ബാങ്കുകളെയും പേമെന്റ് അഗ്രിഗേറ്റര്‍ കമ്പനികളെയും യോജിപ്പിക്കുന്ന ഏകീകൃത പ്ലാറ്റ്‌ഫോമായി ബാങ്കിങ് കണക്ട് മാറും. അതുകൊണ്ടുതന്നെ ഏതെങ്കിലുമൊരു പേമെന്റ് അഗ്രിഗേറ്റര്‍ വഴി വ്യാപാരികള്‍ക്ക് ഏതുബാങ്കിന്റെയും ഇന്റര്‍നെറ്റ് ബാങ്കിങ് ഉപയോഗിച്ച് ഇടപാട് സാധ്യമാകുന്നു. ഇതുവരെ പേമെന്റ് അഗ്രിഗേറ്ററാണ് ഓരോ ബാങ്കുകളുമായും ഇടപാടിന് വഴിയൊരുക്കിയിരുന്നത്. പല ബാങ്കുകളെ നെറ്റ് വര്‍ക്കിലെത്തിക്കാന്‍ പല അഗ്രിഗേറ്റര്‍ കമ്പനികളുമായി വ്യാപാരികള്‍ക്ക് ധാരണ വേണ്ടിയിരുന്നു. ഇനി മുതല്‍ ബാങ്കിങ് കണക്ട് വഴി പേമെന്റ് അഗ്രിഗേറ്റര്‍ കമ്പനികള്‍ക്ക് പല ബാങ്കുകളുമായി ഒരേ സമയം ഇടപാടു നടത്താനാകും. എന്‍ബിബിഎലും ബാങ്കുകളും പേമെന്റ് സേവനം ലഭ്യമാക്കുന്ന പേമെന്റ് അഗ്രിഗേറ്റര്‍ കമ്പനികളും ചേര്‍ന്നാണ് ബാങ്കിങ് കണക്ട് വികസിപ്പിച്ചിരിക്കുന്നത്.

പ്രത്യേകതകള്‍

  • പരസ്പരം ഉപയോഗിക്കാന്‍ കഴിയുന്നതിനാല്‍ പേമെന്റ് നടപടികള്‍ ലളിതമാകും. മൊബൈല്‍ ബാങ്കിങ് ആപ്പ് വഴി ഇടപാടു നടത്താമെന്നതിനാല്‍ ഇന്റര്‍നെറ്റ് ബാങ്കിങ്ങിനുള്ള യൂസര്‍ ഐഡിയും പാസ് വേഡും ഓര്‍ത്തിരിക്കേണ്ട ആവശ്യമില്ല.
  • മര്‍ച്ചന്റ് പേമെന്റ് പ്ലാറ്റ്‌ഫോമില്‍നിന്ന് ബാങ്കിങ് കണക്ട് വഴി ഇടപാടു നടത്തണമെന്നുണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഈ രീതി തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ യുപിഐ വഴിയോ പരമ്പരാഗത ഇന്റര്‍നെറ്റ് സംവിധാനം വഴിയോ ഇടപാടു നടത്താനുള്ള ഓപ്ഷനുകളും ലഭ്യമാകും
  • അതേ ദിവസം തന്നെ പേമെന്റ് അഗ്രിഗേറ്ററുടെ ഇടപാടുകള്‍ തീര്‍പ്പാക്കും
  • വിവിധ സേവനദാതാക്കള്‍ക്ക് ഒരേ ഇന്റര്‍ഫേസ് ലഭിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ആശയക്കുഴപ്പം ഒഴിവാകും. മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇടപാടുകള്‍ക്ക് മുന്‍തൂക്കം നല്‍കി ബയോമെട്രിക് സംവിധാനമുപയോഗിച്ചുള്ള ഇടപാടും ഇതില്‍ സാധ്യമാക്കിയിട്ടുണ്ട്.
  • വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ച് എത്ര ഉയര്‍ന്ന തുകയും ഇതുവഴി കൈമാറ്റം ചെയ്യാം

തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വിപുലമായ സംവിധാനങ്ങള്‍

ഇടപാടുകള്‍ക്ക് ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കുന്നു. ആര്‍ബിഐയുടെ തത്സമയ നിരീക്ഷണം സാധ്യമാകുന്നതിനാല്‍ സംശയകരമായ ഇടപാടുകളില്‍ വേഗത്തില്‍ നടപടികള്‍ സാധ്യമാകും. നിലവില്‍ ഇന്റര്‍നെറ്റ് ബാങ്കിങ് ഇടപാടുകളുടെ വിവരങ്ങള്‍ ബാങ്കുകളില്‍നിന്ന് ലഭിക്കുന്നതിന് ഒരാഴ്ച വരെ വേണ്ടിവന്നിരുന്നു. ചിലസമയങ്ങളില്‍ ഒരു വര്‍ഷംവരെ ഇതു വൈകാറുണ്ട്. പേമെന്റ് സംവിധാനത്തിലെ പോരായ്മകള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് പുതിയ സംവിധാനം.

ഇന്റര്‍നെറ്റ് ബാങ്കിങ് ഇടപാടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന്റെ നിരക്ക് ഇപ്പോള്‍ 50 ശതമാനം മാത്രമാണ്. യൂസര്‍ ഐഡിയും പാസ് വേഡും മറന്നുപോകുന്നതാണ് പ്രധാന കാരണം. ഇതിനു പരിഹാരമായി യൂസര്‍ ഐഡിയും പാസ് വേഡും ഇല്ലാതെ, മൊബൈല്‍ ഫോണില്‍ ബാങ്കുകളുടെ ആപ്പ് വഴി ഇന്റര്‍നെറ്റ് ബാങ്കിങ് ഇടപാട് പൂര്‍ത്തിയാക്കാമെന്നതിനാല്‍ ഇടപാടുകളുടെ വിജയശതമാനം കൂടുതലാകും.

ആറു ബാങ്കുകള്‍, 11 അഗ്രിഗേറ്റര്‍ കമ്പനികള്‍

തുടക്കത്തില്‍ എസ്ബിഐ, ഫെഡറല്‍ ബാങ്ക്, എച്ച്ഡിഎഫ് സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, യെസ് ബാങ്ക് എന്നിങ്ങനെ ആറു ബാങ്കുകളാണ് പുതിയ സംവിധാനത്തിനു തുടക്കമിട്ടിരിക്കുന്നത്. കാഷ്ഫ്രീ, സിസി അവന്യൂ, ഈസ് ബസ്, എച്ച്ഡിഎഫ് സി സ്മാര്‍ട്ട് ഗേറ്റ് വേ, ജസ്‌പേ, ഓപണ്‍, പേയു, പൈന്‍ ലാബ്‌സ്, റേസര്‍പേ, സോഹോ, എസ്ബിഐ ഇപേ എന്നിവയും നെറ്റ് വര്‍ക്കിന്റെ ഭാഗമായിട്ടുണ്ട്. ഒരുമാസത്തിനികം കൂടുതല്‍ ബാങ്കുകളും കമ്പനികളും ഇതിന്റെ ഭാഗമാകും.

ഭാരത് കണക്ട്

ഭാരത് ബില്‍പേമെന്റ് സംവിധാനം കൂടുതല്‍ വിപുലമാകുകയാണ്. ഫാസ് ടാഗ് റീച്ചാര്‍ജ്, എന്‍പിഎസ് പേമെന്റ് എന്നിവ ബില്‍ പേമെന്റ് എന്നതിനപ്പുറമുള്ള ഇടപാടുകളാണ്. ഈ ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി ഭാരത് ബില്‍പേയെ ഭാരത് കണക്ട് പുനര്‍ നാമകരണം ചെയ്തതായി നൂപുര്‍ ചതുര്‍വേദി അറിയിച്ചു. ഇതനുസരിച്ച് ഇനി ഭാരത് ബില്‍ പേമെന്റ് സിസ്റ്റം ഇനി ഭാരത് കണക്ട് എന്നായിരിക്കും അറിയപ്പെടുകയെന്നും അവര്‍ വ്യക്തമാക്കി. ഡിജിറ്റല്‍ ബില്‍ പേമെന്റ് എന്നതിലുപരി പല പ്ലാറ്റ്‌ഫോമുകളില്‍ പരസ്പരം പ്രവര്‍ത്തിക്കുന്നതു മുന്‍നിര്‍ത്തിയാണ് മാറ്റം.