
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
അഞ്ഞൂറു രൂപയുടെയും 1000 രൂപയുടെയും കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ 2016 -ല്‍ അവതരിപ്പിച്ച യുപിഐ (യുണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ്) ഇന്ന് വെറും പേമെന്റിനുള്ള ഉപാധിയല്ല. 140 കോടിയിലധികം വരുന്ന ഇന്ത്യന്‍ ജനതയുടെ നിത്യജീവിതത്തില്‍ മിക്ക സാമ്പത്തിക ഇടപാടുകളിലും യുപിഐയും മൊബൈല്‍ ഫോണും സ്ഥാനം പിടിച്ചിരിക്കുന്നു. മാസം തോറും നടക്കുന്ന 2,000 കോടി യുപിഐ ഇടപാടുകള്‍ ഇതിനു തെളിവാണ്.
ഇതുവരെ യുപിഐ ആപ്പില്‍ പിന്‍ നമ്പര്‍നല്‍കിയായിരുന്നു ഇടപാടുകള്‍. സാങ്കേതിക വിദ്യയുടെ കുതിപ്പിനൊപ്പം അതും പഴങ്കഥയാവുകയാണ്. നിര്‍മിത ബുദ്ധി അല്ലെങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുപിഐയ്‌ക്കൊപ്പം കൈകൊടുത്തതോടെ ഈ പ്ലാറ്റ്‌ഫോം മറ്റൊരു തലത്തിലേക്കു കുതിക്കുകയാണ്. ലോകത്ത് ഇപ്പോള്‍തന്നെ രണ്ടിലൊന്ന് ഡിജിറ്റല്‍ ഇടപാടുകള്‍ ഇന്ത്യയിലാണ്. യുപിഐ ആണ് ഇതിലേറെയും. അതിലേക്ക് നിര്‍മിത ബുദ്ധികൂടി സന്നിവേശിപ്പിക്കുന്നതോടെ ഫിന്‍ടെക് രംഗത്ത് ഇന്ത്യ മറ്റൊരു കുതിപ്പിനാകും സാക്ഷ്യം വഹിക്കുകയെന്ന് ഒക്ടോബര്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളിലായി മുംബൈയില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് വ്യക്തമാക്കുന്നു.
ജെന്‍ സീ യുപിഐ
ജെന്‍ സീ തലമുറയ്ക്ക് സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റാനാകുംവിധം യുപിഐ സ്മാര്‍ട്ടായിക്കൊണ്ടിരിക്കുന്നു. യുപിഐയുമായി ബന്ധപ്പെട്ട് ആര്‍ബിഐയുടെ കീഴിലുള്ള നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുപിഐയില്‍ വലിയ ഗവേഷണ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പണമിടപാടുകള്‍ എങ്ങനെ ലളിതമാക്കാമെന്നാണ് പ്രധാന ചിന്ത. പ്രത്യേക കണ്ണട വെച്ച് ഒന്ന് നോക്കി രണ്ടു വാക്കു പറഞ്ഞാല്‍പോലും പണം കൈമാറുന്ന സാങ്കേതിക സംവിധാനമാണ് മേളയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ ഇടപാടുകള്‍ക്ക് മൊബൈല്‍ ഒരു അനിവാര്യതയായിരുന്നു. ഇനി അതും വേണ്ട. ഇന്റര്‍നെറ്റ് ബന്ധിപ്പിച്ച കാറില്‍നിന്നോ ടിവിയില്‍നിന്നോ ധരിക്കാവുന്ന കണ്ണടയില്‍നിന്നോ നേരിട്ട് പണം അയക്കാനുള്ള സംവിധാനം അവതരിച്ചുകഴിഞ്ഞു.
യുപിഐ ഓണ്‍ ഐഒടി
ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന പച്ചക്കറിയോ പാലോ അതുപോലുള്ള ഉത്പന്നങ്ങളോ തീര്‍ന്നുവെന്നു കരുതുക. ഇതിലുള്ള സെന്‍സറുകള്‍ എത്രമാത്രം സാധനങ്ങള്‍ ബാക്കിയുണ്ടെന്ന് പരിശോധിക്കും. നിശ്ചിത പരിധിയിലധികം കുറവാണെന്നു കണ്ടാല്‍ ഇന്റര്‍നെറ്റ് വഴി ഉത്പന്നം വാങ്ങാന്‍ ഇ കൊമേഴ്‌സ് അല്ലെങ്കില്‍ ക്വിക് കൊമേഴ്‌സ് പോര്‍ട്ടലുകളിലേക്ക് നേരിട്ട് ഓര്‍ഡര്‍ നല്‍കും. ഓര്‍ഡര്‍ നല്‍കുന്ന സമയത്ത് പേമെന്റിനുള്ള സ്ഥിരീകരണം മാത്രമേ ഉപഭോക്താവിന് നല്‍കേണ്ടതായുള്ളൂ. ഉത്പന്നം വീട്ടിലെത്തിയാല്‍ ഫ്രിഡ്ജിലെടുത്തുവെയ്ക്കുകയും വേണം. നടക്കാത്ത സ്വപ്നമൊന്നുമല്ല ഇന്നിത്. അധികം വൈകാതെ ഇതിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ അവതരിപ്പിക്കപ്പെടും. ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ അവതരിപ്പിച്ച യുപിഐ ഓണ്‍ ഐഒടി ഇതിലേക്കുള്ള ചവിട്ടുപടിയാണ്.
ഇന്റര്‍നെറ്റ് ബന്ധിതമായ ഉപകരണങ്ങളിലൊക്കെ യുപിഐ ഇടപാട് സാധ്യമാകുന്ന സാങ്കേതിക വിദ്യയാണ് യുപിഐ ഓണ്‍ ഐഒടി. സൂക്ഷ്മമായ സെന്‍സറുകളും സോഫ്റ്റ് വേറുകളും അനുബന്ധ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഇന്റര്‍നെറ്റിലൂടെ വിവിധ ഉപകരണങ്ങളില്‍നിന്ന് വിവരങ്ങള്‍ കൈമാറുന്ന സാങ്കേതികവിദ്യയായ ഐഒടി (ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്) യുപിഐയിലേക്കു ബന്ധിപ്പിക്കുകയാണ്. ഇതോടെ ഇന്റര്‍നെറ്റ് ലഭ്യമായ കാറുകള്‍, ടിവി, കണ്ണട എന്നിവയില്‍നിന്നെല്ലാം ഇടപാടുകള്‍ക്ക് അവസരമാകുകയാണ്. ചാറ്റ് ജിപിടി വഴിയും ജെമിനി പ്ലാറ്റ്‌ഫോം വഴിയും കാര്യങ്ങള്‍ വിശകലനം ചെയ്ത് സ്വയം നിര്‍ണയിക്കുന്ന ഷോപ്പിങ് സംവിധാനം അവതരിപ്പിക്കപ്പെട്ടു. ഇത് അല്‍പംകൂടി പരിഷ്‌കരിച്ചാല്‍ ഫ്രിഡ്ജില്‍നിന്ന് സ്വയം ഓര്‍ഡര്‍പോകുന്ന സംവിധാനം വിപണിയിലേക്കെത്തുക തന്നെചെയ്യും.
കാറില്‍നിന്ന് പേമെന്റ്
വൈദ്യുത കാര്‍ ചാര്‍ജ് ചെയ്തതിന്റെ തുകയും ഫാസ്ടാഗ് റീച്ചാര്‍ജുമടക്കം കാറിലെ ഡിജിറ്റല്‍ സ്‌ക്രീനില്‍നിന്ന് പേമെന്റ് നടത്താം. ഒടിടി പ്ലാറ്റ്‌ഫോമിലെ വരിസംഖ്യ അടയ്ക്കുന്നത് ടിവിയില്‍നിന്നുതന്നെയാകാം. അടുത്തിടെ യുപിഐ പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിച്ച യുപിഐ സര്‍ക്കിള്‍ എന്ന ഫീച്ചര്‍ ആണ് ഇതിനായി ഉപയോഗിക്കുന്നത്. അംഗീകൃത ഉപഭോക്താക്കള്‍ക്ക് പറഞ്ഞും ടെക്സ്റ്റ് സന്ദേശം നല്‍കിയും സെന്‍സര്‍ ഉപയോഗിച്ചും ഇടപാടു നടത്താനാകും. ഇവി ചാര്‍ജിങ്, പലവ്യഞ്ജനം, വിനോദ പരിപാടികള്‍ എന്നിവയിലാണ് പരീക്ഷണ പദ്ധതി വിജയിപ്പിച്ചിട്ടുള്ളത്. ടാറ്റ 'ഹാരിയര്‍ ഇവി'യുടെ ഡിജിറ്റല്‍ സ്‌ക്രീനിലെ ഡെമോയാണ് എന്‍പിസിഐ ഫിന്‍ടെക് ഫെസ്റ്റില്‍ അവതരിപ്പിച്ചത്. ഒരു തവണ ഒടിപി നല്‍കി യുപിഐ സര്‍ക്കിള്‍ കാറില്‍ ക്രമീകരിച്ചാല്‍ പേയ്‌മെന്റ് ആവശ്യമായി വരുമ്പോഴൊക്കെ ഒന്നു വിരല്‍തൊട്ടാല്‍ മതിയാകും.
യുപിഐ റിസര്‍വ് പേ
ആപ്പുകളില്‍ തുടര്‍ച്ചയായി ഇടപാടുകള്‍ നടത്തുന്നുണ്ടെങ്കില്‍ നിശ്ചിത തുക നീക്കിവെയ്ക്കാനുള്ള സൗകര്യം.
യുപിഐ ഹെല്‍പ്
യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പരിഹരിക്കാന്‍ കഴിയുന്ന സംവിധാനം. എന്‍പിസിഐ സ്വന്തം നിലയില്‍ വികസിപ്പിച്ച ഭാഷാ അധിഷ്ടിത മോഡലാണ്. പേമെന്റ് ഡേറ്റ ഉപയോഗിച്ച് പരിശീലിപ്പിച്ചെടുത്ത ഇതില്‍ ഉപഭോക്താക്കള്‍ക്ക് ഇടപാടുകളുടെ സ്ഥിതി പരിശോധിക്കാനും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതു പരിഹരിക്കാനും സൗകര്യമുണ്ട്. ആവര്‍ത്തിച്ചുള്ള ഇടപാടുകള്‍ക്കായുള്ള മാന്‍ഡേറ്റുകള്‍ നിയന്ത്രിക്കാനും ഇതിലൂടെ കഴിയും.
പിന്‍നമ്പര്‍ വേണ്ട
യുപിഐ വഴിയുള്ള ഇടപാടുകള്‍ പിന്‍നമ്പറില്ലാതെയും ചെയ്യാന്‍ സൗകര്യമാകുന്നു. ബയോമെട്രിക് സ്ഥിരീകരണമാണ് ഇതു സാധ്യമാക്കുന്നത്. വിരലടയാളം അല്ലെങ്കില്‍ മുഖം തിരിച്ചറിഞ്ഞാണ് ഇടപാട് അംഗീകരിക്കപ്പെടുന്നത്. വൈകാതെ യുപിഐ ആപ്പുകളിലേക്ക് ഈ സംവിധാനമെത്തുമെന്ന് എന്‍പിസിഐ അറിയിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണിലെ വിരലടയാളം നല്‍കുന്നയിടത്ത് വിരല്‍ പതിപ്പിച്ചോ ഫോണിലെ മുന്‍ക്യാമറയില്‍ മുഖം സ്‌കാന്‍ ചെയ്‌തോ ആണ് ഇതില്‍ ഇടപാടു നടത്തുക. സമയം ലാഭിക്കാമെന്നതാണ് ഇതിലെ പ്രധാന നേട്ടം.
കണ്ണടയിലെ യുപിഐ
കണ്ണടയിലെ ചെറു ക്യാമറയോ സെന്‍സറോ ഉപയോഗിച്ച് ക്യുആര്‍കോഡ് സ്‌കാന്‍ ചെയ്ത് പേമെന്റ് നടത്താനുള്ള സംവിധാനം. ഫെയ്‌സ്ബുക്ക് മാതൃകമ്പനിയായ മെറ്റയുടെ സ്മാര്‍ട്ട് ഗ്ലാസ് ഉപയോഗിച്ചാണ് എന്‍പിസിഐ ഈ സംവിധാനം അവതരിപ്പിച്ചത്. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് എത്രരൂപയാണെന്നു പറഞ്ഞ് ഇടപാടിന് സ്ഥിരീകരണം നല്‍കിയാല്‍ അക്കൗണ്ടില്‍നിന്ന് പണം കൈമാറും. 1000 രൂപ വരെ കൈമാറ്റം ചെയ്യാനുള്ള സൗകര്യമാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്. ഇതിനുമപ്പുറം പേമെന്റ് സൗകര്യത്തോടു കൂടിയ സണ്‍ഗ്ലാസ് ഉടന്‍ വിപണിയിലെത്തിക്കുമെന്ന് ലെന്‍സ്‌കാര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ അക്കൗണ്ടില്‍നിന്ന് നേരിട്ട് പണം കൈമാറുന്ന സൗകര്യമാണ് അവതരിപ്പിച്ചിരിക്കുന്നത്.
യുപിഐ കാഷ് പോയിന്റ്
എടിഎം ലഭ്യമല്ലാത്തയിടങ്ങളില്‍ അക്കൗണ്ടില്‍നിന്ന് പണമെടുക്കാനും പണം നിക്ഷേപിക്കാനും ഉപയോഗിക്കുന്ന സംവിധാനം. ബിസിനസ് കറസ്‌പോണ്ടന്റുമാരുടെ കൈവശമുള്ള ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യുപിഐ വഴി പണം പിന്‍വലിക്കാം. തത്തുല്യമായ തുക ബാങ്ക് മിത്ര കൈമാറും.
ജോയിന്റ് അക്കൗണ്ടുകള്‍
യുപിഐ പ്ലാറ്റ്‌ഫോമില്‍ ബിസിനസ് അക്കൗണ്ടുകളും ജോയിന്റ് അക്കൗണ്ടുകളും ചേര്‍ക്കാനുള്ള സൗകര്യമായി. ഇതുവരെ വ്യക്തിഗത അക്കൗണ്ടുകള്‍ മാത്രമാണ് യുപിഐയില്‍ രജിസ്റ്റര്‍ ചെയ്യാനായിരുന്നത്. ജോയിന്റ് അക്കൗണ്ടുകളില്‍ എത്രപേരുണ്ടെന്നു നോക്കി ഇവരെല്ലാം പാസാക്കിയാല്‍ മാത്രമേ ഇടപാടു പൂര്‍ത്തിയാകൂ. ജോയിന്റ് അക്കൗണ്ടിലെ ഓരോരുത്തര്‍ക്കും വ്യത്യസ്ത പിന്‍ നമ്പര്‍ ഉണ്ടാകും. ഒരാള്‍ പാസാക്കിയ ഇടപാട് രണ്ടാമത്തെയാള്‍ക്ക് അവരുടെ യുപിഐ ആപ്പില്‍ ലഭ്യമാകും. അവര്‍ക്ക് ഇടപാട് പാസാക്കി നല്‍കുകയോ ഒഴിവാക്കുകയോ ചെയ്യാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.
Content Highlights: Explore how AI is revolutionizing UPI, moving beyond PINs to voice, gesture, and IoT-based transactions. India`s FinTech future is here
Published: 10 Oct 2025, 03:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented