ഡൽഹി ഹൈക്കോടതിയിലെ പൊതുതാത്പര്യ ഹർജി സുപ്രീം കോടതിയിലേക്ക് മാറ്റുന്ന കാര്യവും പരിഗണനയിലാണ്

ന്യൂഡൽഹി: സത്യനികേതനിൽ പി.ജി. കെട്ടിടം തകർന്ന് ഏഴുപേർ മരിച്ച സംഭവത്തിന് പിന്നാലെ നിർണായക ഇടപെടലുമായി സുപ്രീം കോടതി. രാജ്യത്തുടനീളമുള്ള പി.ജി, ഹോസ്റ്റൽ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധന നടത്തണമെന്ന സൂചന കോടതി നൽകി. ജസ്റ്റിസുമാരായ അഹ്‌സാനുദ്ദീൻ അമാനുല്ല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പാൻ-ഇന്ത്യാ തലത്തിൽ പരിഗണിക്കുന്ന കാര്യം ചിന്തിക്കുകയാണെന്ന് പറഞ്ഞത്. വിഷയത്തിൽ ഡൽഹി ഹൈക്കോടതിയിലുള്ള പൊതുതാത്പര്യ ഹർജി സുപ്രീം കോടതിയിലേക്ക് മാറ്റുന്ന കാര്യവും പരിഗണനയിലുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.
'ഇതിനകം ഞങ്ങളുടെ മനസിൽ ചില കാര്യങ്ങളുണ്ട്. അത് ഇന്ത്യ മുഴുവൻ വ്യാപിക്കേണ്ട കാര്യമാണ്. ഹൈക്കോടതിക്ക് മുമ്പാകെയുള്ള ഹർജി ഇവിടേക്ക് മാറ്റാവുന്നതുമാണ്. അത് ഞങ്ങൾ മറ്റന്നാൾ പരിഗണിക്കും.' -സുപ്രീം കോടതി ബെഞ്ച് പറഞ്ഞതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു.
ഡൽഹിയിലെ ഹോസ്റ്റലുകളും പി.ജികളും ഉൾപ്പെടെയുള്ള വിദ്യാർഥികൾ താമസിക്കുന്ന കെട്ടിടങ്ങൾ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കാൻ അടിയന്തര നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകനും സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുമായ അജിത്ത് കുമാർ സിൻഹയാണ് വിഷയം ബെഞ്ചിന്റെ ശ്രദ്ധയിൽ പെടുത്തിയത്. ഡൽഹി കെട്ടിട ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത് ഗൗരവതരമായ പ്രശ്‌നമാണെന്ന് അദ്ദേഹം സുപ്രീം കോടതിയോട് പറഞ്ഞു.
ഡൽഹി ഹൈക്കോടതിയിലെ നടപടികൾ സുപ്രീം കോടതിയിലേക്ക് മാറ്റുന്നതിനെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പിന്തുണച്ചു. ഡൽഹിയിൽ പി.ജി കെട്ടിടം തകർന്ന സംഭവം ഭീകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഞായറാഴ്ചയാണ് രാജ്യത്തെ നടുക്കിയ കെട്ടിടദുരന്തമുണ്ടായത്. അറ്റകുറ്റപ്പണി നടക്കുകയായിരുന്ന കെട്ടിടം പൊടുന്നനെ തകർന്നുവീഴുകയായിരുന്നു. സംഭവത്തിൽ കെട്ടിട ഉടമ ഹരിറാം ഗുപ്ത, ഭാര്യ ഊർമിള, മകൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തകർന്ന കെട്ടിടത്തിന്റെ രജിസ്‌ട്രേഷൻ രേഖകൾ ഊർമിളയുടെ പേരിലും വൈദ്യുതി കണക്ഷൻ മകന്റെ പേരിലുമാണ്.
Content Highlights: The Supreme Court signaled a pan-India safety audit of hostels and PGs after a Delhi building collapse killed seven in Satya Niketan. The bench is considering transferring related High Court petitions to itself.
Published: 08 Sept 2026, 09:06 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented