
ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ് നടത്തിയ പ്രസംഗത്തിനിടയിൽ കാണിച്ച ആംഗ്യം വിവാദമായി. മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ സ്റ്റാലിനെ വിജയ് വ്യക്തിപരമായി പരിഹസിച്ചെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെയും സിപിഎമ്മും അടക്കം വിമർശനവുമായി രംഗത്തെത്തി. പിന്നാലെ വിജയ് വിശദീകരണം നൽകുകയും ചെയ്തു.
സംസ്ഥാന നിയമസഭയിൽ മുൻ ഡിഎംകെ സർക്കാരിനെതിരെ അഴിമതിയാരോപണങ്ങൾ ഉന്നയിച്ച് നടത്തിയ പ്രസംഗത്തിനിടെയാണ് വിജയ് തന്റെ താടി ഒരു കൈകൊണ്ട് ഉയർത്തിപ്പിടിക്കുന്നത് പോലെയുള്ള ആംഗ്യം കാണിച്ചത്. ഇത് അടിയന്തരാവസ്ഥക്കാലത്ത് പോലീസിന്റെ മർദനത്തിൽ താടിയെല്ലിന് പരിക്കേറ്റ സ്റ്റാലിനെ പരിഹസിച്ചതാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. ടിവികെ സർക്കാരിന് പിന്തുണ നൽകുന്ന സിപിഎമ്മും സിപിഐയും വിജയ്‌യുടെ നടപടിക്കെതിരെ രംഗത്തെത്തി. ഉത്തരവാദിത്വമില്ലാത്ത പ്രവൃത്തിയാണ് ഉണ്ടായതെന്ന് വിമർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി പി.ഷൺമുഖം ഒരാളുടെ രൂപത്തെ പരിഹസിക്കുന്നത് അപലപനീയമാണെന്നും അറിയിച്ചു.
പ്രതിപക്ഷത്ത് നിന്നും ഭരണപക്ഷത്ത് നിന്നും ഒരുപോലെ വിമർശനം ഉണ്ടായതോടെ വിജയ് വിശദീകരണം നടത്തി. തന്റെ ശരീരഭാഷ അവിചാരിതമായി സംഭവിച്ചതാണെന്നും ആരെയും ലക്ഷ്യമിട്ടുള്ളതല്ലെന്നും, അതിനു പിന്നിൽ യാതൊരുവിധ ദുരുദ്ദേശ്യവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'മറുപടി പ്രസംഗത്തിനിടയിൽ അറിയാതെ വന്നുപോയ എന്റെ ശരീരഭാഷ യാതൊരുവിധ ഉദ്ദേശ്യത്തോടെയും സംഭവിച്ചതല്ല എന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ, അത് ആരുടെയും വ്യക്തിപരമായ വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ഒരു പ്രവൃത്തിയായി വ്യാഖ്യാനിക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു' വിജയ് എക്‌സിൽ കുറിച്ചു.
പാർട്ടിഫണ്ടിന്റെ മറവിൽ ഡി.എം.കെ. വ്യാപകമായ അഴിമതി നടത്തിയിട്ടുണ്ടെന്ന ആരോപണം വിജയ് കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. ഇത്തരം അഴിമതിക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രംഗത്തെത്തിയിട്ടുണ്ട്. മുൻമുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിൻ, സെന്തിൽ ബാലാജി എന്നിവരുടെ പേരുകൾ ഇ.ഡി. പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. മുൻമുഖ്യമന്ത്രി എം. കരുണാനിധി ഔദ്യോഗികപദവി ദുരുപയോഗം ചെയ്തിട്ടുള്ള കാര്യം സർക്കാരിയ കമ്മിഷൻ റിപ്പോർട്ടിലും പറയുന്നുണ്ടെന്നും വിജയ് നിയമസഭയിൽ ആരോപിച്ചു.
തങ്ങളുടെ കഴിഞ്ഞ ഭരണകാലത്തെ അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകൾ തുറക്കാൻ ഡി.എം.കെ. വെല്ലുവിളിച്ചിട്ടുണ്ട്. എന്നാൽ, അതിലേക്കു കടക്കുന്നതിനുമുൻപ് 1988-ലെ ഡി.എം.കെ. സർക്കാരിന്റെ അഴിമതി വ്യക്തമാക്കുന്ന സർക്കാരിയ കമ്മിഷൻ റിപ്പോർട്ട് വായിക്കാൻ ആഗ്രഹിക്കുന്നു. സ്റ്റാലിൻ മുഖ്യമന്ത്രിയായിരുന്നപ്പോഴുള്ള രണ്ടു വകുപ്പുകളുടെ ഫയലുകൾ, പ്രത്യേകിച്ചും ടാസ്മാക് അഴിമതിതന്നെമതി എത്ര വലിയ ക്രമക്കേടുകളാണ് നടന്നതെന്നു വ്യക്തമാവാൻ. ഇനിയുള്ള ഫയലുകൾ തുറന്നാൽ സ്ഥിതി ഇതിനെക്കാൾ ഭീകരമാവും. ഡി.എം.കെ. എവിടെയുണ്ടോ അവിടെയൊക്കെ തെറ്റുകളും അഴിമതിയുമുണ്ട്. അഴിമതിയും തെറ്റുകളും എവിടെയൊക്കെയുണ്ടോ അവിടെ ഡി.എം.കെ. ഉണ്ട് -വിജയ് പറഞ്ഞു.
Published: 08 Sept 2026, 09:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented