ന്യൂഡൽഹി: രാജ്യത്തെ ആഭ്യന്തര വിമാന സർവീസ് നിരക്കുകൾ കുത്തനെ വർധിക്കുന്നു. ദുർഗ്ഗാ പൂജ, ദസറ, ദീപാവലി ഉത്സവക്കാലങ്ങൾക്ക് ആളുകൾ വിമാനസർവീസുകളെ കൂടുതൽ ആശ്രയിക്കുന്ന സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്ക് ഉയർന്നിരിക്കുന്നത്. സാധാരണയായി 6,500 മുതൽ 7,000 രൂപ വരെ മാത്രം ഈടാക്കിയിരുന്ന ടിക്കറ്റുകൾക്ക് ഇപ്പോൾ ചില റൂട്ടുകളിൽ ഏകദേശം 15,000 രൂപ വരെയാണ് ആവശ്യപ്പെടുന്നത്. സാധാരണ നിരക്കിന്റെ രണ്ട് മടങ്ങിലധികമാണ് നിലവിൽ ടിക്കറ്റുകൾക്കായി യാത്രക്കാർ നൽകേണ്ടി വരുന്നത്.

To advertise here,

ഒക്ടോബർ മൂന്നാം വാരം മുതൽ നവംബർ പകുതി വരെയുള്ള യാത്രാ തിരക്ക് മുന്നിൽക്കണ്ടാണ് ഈ നിരക്ക് വർദ്ധനവ്. ഒക്ടോബർ 17-ന് മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസിന് നിലവിൽ കുറഞ്ഞത് 15,568 രൂപയാണ് ഈടാക്കുന്നത്. ഈ റൂട്ടിലെ സാധാരണ നിരക്ക് വെറും 7,000 രൂപ മാത്രമാണ്. സമാനമായ സാഹചര്യമാണ് ബെംഗളൂരു-കൊൽക്കത്ത റൂട്ടിലുമുള്ളത്, ഇവിടെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 16,340 രൂപയായി ഉയർന്നു.

ദീപാവലിക്ക് ഇനിയും രണ്ട് മാസത്തോളം ബാക്കിയുണ്ടെങ്കിലും ഡൽഹി-മുംബൈ റൂട്ടിലെ നിരക്കുകളിൽ വലിയ വർദ്ധനവാണ് കാണിക്കുന്നത്. സാധാരണയായി 6,500 രൂപ ഈടാക്കുന്ന ഈ റൂട്ടിൽ നിലവിൽ ടിക്കറ്റ് നിരക്ക് 9,878 രൂപയായി ഉയർന്നിട്ടുണ്ട്. ഒരു മാസം മാത്രം ബാക്കിയുള്ള ദുർഗ്ഗാ പൂജ, ദസറ സമയങ്ങളിൽ കൊൽക്കത്തയിലേക്കുള്ള നേരിട്ടുള്ള വിമാന ടിക്കറ്റുകൾക്ക് 14,163 രൂപ മുതൽ പരമാവധി 25,000 രൂപ വരെയാണ് ഈടാക്കുന്നത്.

നിരക്കുകൾ ഇത്രയധികം ഉയരുന്നതിന് പിന്നിൽ വിമാന ഇന്ധന വിലയിലുണ്ടായ വർദ്ധനവാണ് പ്രധാന കാരണം. സെപ്റ്റംബർ ഒന്നിന് ഏവിയേഷൻ ടർബൈൻ ഫ്യൂവൽ വില ലിറ്ററിന് 6.28 രൂപ (5.46 ശതമാനം) വർദ്ധിച്ച് 121.28 രൂപയായി ഉയർന്നിരുന്നു. ഇതിന് മുൻപ് ഓഗസ്റ്റിലും ലിറ്ററിന് 5 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. വിമാന കമ്പനികളുടെ പ്രവർത്തന ചിലവിന്റെ 35 മുതൽ 40 ശതമാനം വരെ വരുന്നത് ഈ ഇന്ധന ചിലവാണ്. ഇതിനൊപ്പം ഉത്സവക്കാലത്തെ വലിയ ജനത്തിരക്കും, ആവശ്യക്കാർ കൂടുന്നതിനനുസരിച്ച് നിരക്ക് വർദ്ധിപ്പിക്കാൻ അനുവദിക്കുന്ന 'ഡൈനാമിക് പ്രൈസിങ്' രീതിയുമാണ് ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാൻ കാരണം.