മുംബൈ: ലോകത്ത് സാങ്കേതികവിദ്യ ഏറ്റവും ജനകീയമാക്കിയ രാജ്യമായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർക്കൊപ്പം മുംബൈയിലെ ജിയോവേൾഡ് സെന്ററിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

കഴിഞ്ഞ ഒരു ദശാബ്ദംകൊണ്ട് ഇന്ത്യ സാങ്കേതികവിദ്യയെ ജനാധിപത്യവത്കരിച്ചു. മറ്റു രാജ്യങ്ങൾ സാങ്കേതികവിദ്യയെ താഴെത്തട്ടിലെത്തിക്കാനുള്ള പ്രയാസങ്ങൾ ചർച്ച ചെയ്യുന്നതിനിടെയാണ് ഇന്ത്യ അതു മറികടന്ന് എല്ലാവരിലേക്കും ഇറങ്ങിച്ചെന്നത്. ‘ജൻധൻ, ആധാർ, മൊബൈൽ’ എന്ന ത്രയത്തിൽ ഡിജിറ്റൽ ഇടപാട് ഇന്ത്യയിൽ സാധാരണമായി മാറി. ആഗോളതലത്തിൽ 100 ഡിജിറ്റൽ ഇടപാടുകൾ എടുത്താൽ അതിൽ 50 എണ്ണവും ഇന്ത്യയിലാണ്. മാസം 2,000 കോടി ഡിജിറ്റൽ ഇടപാടുകളാണ് രാജ്യത്തു നടക്കുന്നത്. ഇതുവഴി 25 ലക്ഷം കോടി രൂപ കൈമാറ്റം ചെയ്യപ്പെടുന്നു. ഇന്ത്യയുടെ യുപിഐ, ആധാർ അധിഷ്ഠിത പേമെന്റ്, ഭാരത് ബിൽ പേമെന്റ് സിസ്റ്റം, ഭാരത് ക്യുആർ, ഡിജി ലോക്കർ, ഡിജി യാത്ര എന്നിവ ഇന്ത്യയുടെ കരുത്തായി മാറി. ആർബിഐയുടെ ഡിജിറ്റൽ കറൻസി ഭാവിയിൽ കാര്യങ്ങൾ കൂടുതൽ മികച്ചതാക്കും.

കഴിഞ്ഞവർഷം ഫിൻടെക്കിൽ വന്നപ്പോൾ 2024 പൊതുതിരഞ്ഞെടുപ്പ് അടുത്തായിരുന്നു. അടുത്തവർഷത്തെ മേളയ്ക്ക് വരുമെന്ന് അന്ന് പറഞ്ഞു. വേദിയിലിരുന്നവർ അന്ന് ഉച്ചത്തിൽ കൈയടിച്ചു. രാഷ്ട്രീയ പരിജ്ഞാനമുള്ളവരാണ് അന്നു പറഞ്ഞതിനെ കൈയടിച്ച് സ്വീകരിച്ചത്. ഇപ്പോൾ ഞാൻ വന്നിരിക്കുന്നെന്നു പറഞ്ഞാണ് മോദി സംസാരം തുടങ്ങിയത്. മുംബൈ ഊർജത്തിന്റെ നഗരമാണ്. ഇന്ത്യയുടെ ജനാധിപത്യത്തിലുള്ള അടിയുറച്ച വിശ്വാസത്തെ മുൻനിർത്തി ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

എഐ എന്നാൽ ഇന്ത്യക്ക് എല്ലാവരെയും ഉൾക്കൊള്ളുക (ഓൾ ഇൻക്ലുസീവ്) എന്നാണ്. കഴിവുകളിലും കണ്ടെത്തലുകളിലും നേതൃത്വത്തിലും നിക്ഷേപം നടത്തി പുതിയ തലത്തിലേക്കു വളരാനാകണം. ‘ലഭ്യതയിലുള്ള തുല്യത, എല്ലാവർക്കും വൈദഗ്ധ്യം, ഉത്തരവാദിത്വത്തോടെ നടപ്പാക്കൽ’ എന്നിങ്ങനെ മൂന്നു തത്ത്വങ്ങളിലധിഷ്ഠിതമാണ് നിർമിത ബുദ്ധിയോടുള്ള ഇന്ത്യയുടെ സമീപനം. നിർമിതബുദ്ധി ഉത്പന്നങ്ങളുടെ രൂപകല്പന ജനകീയമായിരിക്കണം. വലിയ അളവിലുള്ള വിവരങ്ങൾ (ഡേറ്റ) കൈകാര്യം ചെയ്യുന്നതിനും സുരക്ഷയും സ്വകാര്യതയും കാത്തുസൂക്ഷിക്കുന്നതിനും ഭാരത് എഐ മിഷന് ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വളർച്ചയ്ക്കൊപ്പം മുന്നേറുന്നതിനായി ആഗോള നിക്ഷേപകരോട് ഇന്ത്യയിലേക്കു വരാൻ പ്രധാനമന്ത്രി അഭ്യർഥിച്ചു. ബ്രിട്ടനൊപ്പം ഇന്ത്യയുമായി സഹകരിക്കുന്നതിന് മറ്റു രാജ്യങ്ങളെയും ക്ഷണിക്കുകയാണ്. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള പങ്കാളിത്തം വിജയകരമാക്കി ലോകത്തിനുമുന്നിൽ ഉദാഹരണമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയും ജനങ്ങളും സാഹോദര്യത്തോടെ വർത്തിക്കുന്ന ഒരു ഫിൻടെക് ലോകം വാർത്തെടുക്കേണ്ടതുണ്ട്. അവിടെ ആളുകളെ സാങ്കേതികവിദ്യ പരിപോഷിപ്പിക്കണം. പുതിയ കണ്ടെത്തലുകൾ നന്മയ്ക്കായിരിക്കണം. സമ്പത്ത് മനുഷ്യരുടെ പുരോഗതിക്കാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.