ന്യൂഡൽഹി: പശ്ചിമേഷ്യയിലുണ്ടായ സൈനിക സംഘർഷങ്ങളെത്തുടർന്ന് ലോകത്തെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടഞ്ഞത് ഇന്ത്യയുടെ ഇന്ധന സുരക്ഷയ്ക്ക് വലിയ ഭീഷണിയായിരുന്നു. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 90 ശതമാനവും എൽപിജി ആവശ്യകതയുടെ 60 ശതമാനവും ഈ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിൽ നിന്ന് 126 ഡോളർ വരെയായി കുതിച്ചുയർന്ന ഈ നാലു മാസക്കാലം രാജ്യം സമീപകാലത്തെ ഏറ്റവും വലിയ ഊർജ്ജ വെല്ലുവിളിയാണ് നേരിട്ടത്. എന്നാൽ കൃത്യമായ ആസൂത്രണത്തിലൂടെ പെട്രോൾ പമ്പുകളിൽ ഇന്ധനക്ഷാമമുണ്ടാകാതെയും വീടുകളിലേക്കുള്ള എൽപിജി വിതരണം തടസ്സപ്പെടാതെയും സംരക്ഷിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു.

To advertise here,

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഊർജ്ജ അടിസ്ഥാന സൗകര്യ വികസനത്തിൽ ഇന്ത്യ നടത്തിയ ദീർഘകാല നിക്ഷേപങ്ങളാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തിന് കരുത്തായതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. എൽപിജി ഇറക്കുമതി ടെർമിനലുകളുടെ എണ്ണം 11-ൽ നിന്ന് 22 ആയും പൈപ്പ്‌ലൈൻ ശൃംഖല 6,242 കിലോമീറ്ററായും വർദ്ധിപ്പിച്ചത് വിതരണ ശൃംഖലയുടെ ശേഷി മൂന്നിരട്ടിയാക്കി. കൂടാതെ, ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം 27-ൽ നിന്ന് 41 ആയി വർദ്ധിപ്പിച്ചതിലൂടെ ഗൾഫ് മേഖലയെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കാൻ ഇന്ത്യക്ക് സാധിച്ചു. 5.33 ദശലക്ഷം ടൺ ശേഷിയുള്ള തന്ത്രപ്രധാന പെട്രോളിയം ശേഖരവും നഗരങ്ങളിലെ ഗ്യാസ് വിതരണ ശൃംഖലയുടെ വിപുലീകരണവും ഈ ഘട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ചു.

ഇന്ത്യൻ നയതന്ത്ര കാര്യാലയവും ഇറാനിയൻ ഉദ്യോഗസ്ഥരും തമ്മിലുള്ള നിരന്തരമായ ഇടപെടലിലൂടെ അധിക ചാർജുകളോ ട്രാൻസിറ്റ് നികുതിയോ കൂടാതെ ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് ഹോർമൂസിലൂടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ സഹായിച്ചു. അന്താരാഷ്ട്ര വിപണിയിൽ വില കുതിച്ചുയർന്നപ്പോഴും പെട്രോൾ, ഡീസൽ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപ കുറച്ചതിലൂടെ ഉപഭോക്താക്കളെ വലിയ വിലക്കയറ്റത്തിൽ നിന്ന് സർക്കാർ സംരക്ഷിച്ചു. 1,600 രൂപയ്ക്ക് മുകളിൽ ഇറക്കുമതി ചിലവ് വന്ന എൽപിജി സിലിണ്ടറുകൾ വെറും 942 രൂപയ്ക്ക് നൽകിയതിലൂടെ വൻ സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കുകയായിരുന്നു.

നിലവിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ക്രമമായതോടെ രാജ്യം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി വിതരണം പഴയ നിലയിലേക്ക് പുനഃസ്ഥാപിച്ചു. റഷ്യ, ബ്രസീൽ, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ബദൽ മാർഗ്ഗങ്ങളിലൂടെ ഇന്ധനം എത്തിച്ചതും പ്രതിസന്ധി മറികടക്കാൻ സഹായിച്ചു. കടുത്ത ഇന്ധന പ്രതിസന്ധിക്കിടയിലും വിദേശനാണ്യ ശേഖരം 728 ബില്യൺ ഡോളറിന് മുകളിൽ നിലനിർത്താനും സാമ്പത്തിക വളർച്ച സുസ്ഥിരമായി കൊണ്ടുപോകാനും ഇന്ത്യക്ക് സാധിച്ചു. ആഗോളതലത്തിൽ ഇന്ധന വില കുതിച്ചുയർന്നപ്പോഴും ഏറ്റവും കുറഞ്ഞ വിലവർദ്ധനവ് രേഖപ്പെടുത്തിയ പ്രമുഖ സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ മാറി.