വാഷിങ്ടൺ: ഇറാനിൽ വീണ്ടും സൈനികനടപടി വേണമോയെന്ന കാര്യത്തിൽ പുതുവർഷാരംഭംവരെ തീരുമാനമെടുക്കില്ലെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരേ പുതിയ ബോംബാക്രമണപരമ്പര ആരംഭിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സമ്മർദം ശക്തമാക്കുന്നതിനിടെയാണ് ട്രംപിന്റെ നിലപാട്. ഇറാന്റെ കാര്യത്തിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കാനില്ലെന്നും പുതുവർഷം തുടങ്ങിയതിനുശേഷം സാഹചര്യം വിലയിരുത്തുമെന്നും വ്യാഴാഴ്ച എയർഫോഴ്‌സ് വണ്ണിൽ വെച്ച് ‘ആക്‌സിയോസി’ന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.

To advertise here,

ഇറാനെതിരേ മറ്റൊരു വലിയ സൈനിക നീക്കത്തിനുള്ള സാധ്യത കുറവാണെന്ന് കഴിഞ്ഞയാഴ്ച ട്രംപ് പറഞ്ഞിരുന്നു. എങ്കിലും സൈനികനടപടി പൂർണമായി തള്ളിയിട്ടില്ല. പിക്കാക്സ് മലനിര ഉൾപ്പെടെ ഇറാന്റെ സംശയാസ്പദമായ ആണവകേന്ദ്രങ്ങൾ, പാലങ്ങൾ, വൈദ്യുതനിലയങ്ങൾ, ഉന്നത സൈനിക-സിവിലിയൻ ഉദ്യോഗസ്ഥർ എന്നിവരെ ലക്ഷ്യമിട്ടുള്ള ആക്രമണസാധ്യതകളാണ് അമേരിക്ക പരിശോധിക്കുന്നത്.

അമേരിക്കയും ഇസ്രയേലും സംയുക്ത ആക്രമണം നടത്തിയാൽ ഗൾഫ് രാജ്യങ്ങളിലെ എണ്ണ-വാതക അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടിക്കുമോയെന്നതാണ് പ്രധാന ആശങ്ക. ഇതിനിടെ, ആക്രമണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മൊസാദ് മേധാവി റോമൻ ഗോഫ്മാനെ നെതന്യാഹു യു.എസിലേക്കയച്ചു. സി.ഐ.എ. മേധാവി ജോൺ റാറ്റ്ക്ലിഫ്, വൈറ്റ്ഹൗസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരുമായി അദ്ദേഹം ചർച്ചനടത്തി. ഇറാൻ, രാസായുധവികസനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും പരീക്ഷണങ്ങളും വേഗത്തിലാക്കിയെന്ന ഇസ്രയേലിന്റെ രഹസ്യാന്വേഷണവിവരങ്ങൾ അമേരിക്കയെ അറിയിച്ചെന്നാണ് റിപ്പോർട്ട്.