
ഹാജിപുർ (ബിഹാർ): പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ബിഹാറിലെ നിതീഷ് സേതുവിൽ രാഷ്ട്രീയ പ്രതിഷേധവുമായി ആർജെഡി പ്രവർത്തകർ. പാലത്തിൽ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഭരണകക്ഷിയായ എൻഡിഎ നേതാക്കളുടെയും പോസ്റ്ററുകളും ബാനറുകളും ആർജെഡി പ്രവർത്തകർ വലിച്ചുകീറി. ആർജെഡി നേതാക്കളായ ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനും അനുകൂലമായി പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ഉദ്ഘാടനച്ചടങ്ങിലേക്ക് പ്രതിപക്ഷനേതാവായ തേജസ്വി യാദവിനെ ക്ഷണിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. തേജസ്വി യാദവിന്റെ മണ്ഡലമായ രാഘോപുരിലാണ് പാലത്തിന്റെ ഒരുഭാഗം സ്ഥിതിചെയ്യുന്നത്. തേജസ്വി യാദവ് സംസ്ഥാന സർക്കാരിന്റെ ഭാഗമായിരുന്ന സമയത്താണ് പദ്ധതിയുടെ തറക്കല്ലിട്ടതെന്നും എന്നാൽ ഉദ്ഘാടനച്ചടങ്ങിലേക്ക് അദ്ദേഹത്തിന് ക്ഷണം ലഭിച്ചില്ലെന്നും പ്രവർത്തകർ ആരോപിച്ചു.
നവംബർ 21-നാണ് ബിഹാറിലെ വൈശാലി ജില്ലയിൽ ഗംഗാനദിക്ക് കുറുകെ നിർമിച്ച ആറുവരി നിതീഷ് സേതു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. 4,280 കോടി രൂപ ചെലവിൽ നിർമിച്ച 9.76 കിലോമീറ്റർ നീളമുള്ള പാലം പട്നയിലെ കച്ചി ദർഗയെയും വൈശാലിയിലെ ബിദുപുരിനെയും ബന്ധിപ്പിക്കുന്നു. ബിഹാറിന്റെ വടക്കൻ, തെക്കൻ മേഖലകൾ തമ്മിലുള്ള ഗതാഗതബന്ധം മെച്ചപ്പെടുത്തുന്നതിനും മഹാത്മാഗാന്ധി സേതുവിലെ തിരക്ക് കുറയ്ക്കുന്നതിനും പാലം സഹായിക്കുമെന്നാണ് സർക്കാരിൻ്റെ വാദം.
സംസ്ഥാനത്തെ വികസനപ്രവർത്തനങ്ങളെ സ്വാഗതംചെയ്യുന്നതിന് പകരം പ്രതിപക്ഷം രാഷ്ട്രീയ നാടകങ്ങളാണ് കളിക്കുന്നതെന്ന് ബി.ജെ.പി വക്താവ് നീരജ് കുമാർ ശർമ്മ ആരോപിച്ചു. എന്നാൽ, പാലത്തിന്റെ ഉദ്ഘാടനം നേരത്തെ തന്നെ കഴിഞ്ഞതാണെന്നും വീണ്ടും പേരുമാറ്റാൻ കോടികൾ ചെലവഴിച്ച് സംഘടിപ്പിച്ച വ്യാജ ചടങ്ങാണിതെന്നും ആർ.ജെ.ഡി എം.പി സുധാകർ സിങ് ആരോപിച്ചു.
പാലത്തിന്റെ പേരിനെച്ചൊല്ലിയും നേരത്തെ വിവാദം ഉയർന്നിരുന്നു. കച്ചി ദർഗ–ബിദുപുർ പാലത്തിന് ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേര് നൽകാനുള്ള തീരുമാനത്തെയാണ് തേജസ്വി യാദവ് ചോദ്യംചെയ്തത്. പാലത്തിന് സിഖ് മതസ്ഥാപകനായ ഗുരു ഗോബിന്ദ് സിങ്ങിന്റെ പേരിടണമെന്നായിരുന്നു കോൺഗ്രസിന്റെയും ആർജെഡിയുടെയും ആവശ്യം. പാലത്തിന് 'അക്ഷയവത് റായ് സേതു' എന്ന് പേരിടണമെന്ന് ആവശ്യപ്പെട്ട് താൻ നേരത്തെ സർക്കാരിന് നിവേദനം നൽകിയിരുന്നതായും തേജസ്വി വ്യക്തമാക്കിയിരുന്നു.
Content Highlights: RJD workers staged a violent protest on the newly inaugurated Nitish Setu bridge in Vaishali, Bihar., NDA boards and posters of Prime Minister Narendra Modi and Chief Minister Nitish Kumar were torn down., RJD MP Sudhakar Singh claimed the inauguration was a fake event to rename the bridge, wasting crores., Controversy arose over naming the bridge 'Nitish Setu' instead of Guru Gobind Singh.
Published: 22 Nov 2026, 03:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented