ന്യൂഡൽഹി: ബിജെപിക്കും ആർഎസ്എസിനുമെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ് പ്രകാശന ചടങ്ങിൽ തൻ്റെ മാതാപിതാക്കളുടെ ബന്ധത്തെക്കുറിച്ച് രാഹുൽ നടത്തിയ പരാമർശങ്ങളിൽ ബിജെപി വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് പ്രതികരണം.

To advertise here,

ബിജെപിയും ആർഎസ്എസും അത്യാഗ്രഹികളും ജാതിവാദികളും പുരുഷാധിപത്യ ചിന്താഗതിക്കാരുമാണെന്നും ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ലെന്നും രാഹുൽ ആരോപിച്ചു. ഞായറാഴ്ച എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് വിമർശനം. ശിവനും പാർവതിയും ഒന്നിച്ചുള്ള അർധനാരീശ്വര ശിൽപ്പത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യയുടെ ആത്മീയവും മതപരവുമായ പാരമ്പര്യങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കുന്തോറും ഇക്കാര്യം കൂടുതൽ വ്യക്തമാകുന്നുവെന്നായിരുന്നു രാഹുലിന്റെ കുറിപ്പ്. മഹാരാഷ്ട്രയിലെ എലിഫന്റ ഗുഹകളിലുള്ള ശിവന്റെയും പാർവതിയുടെയും അർധനാരീശ്വര രൂപത്തിലുള്ള ശിൽപ്പത്തിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. ശിവനും പാർവതിയും ഒരേ ശരീരത്തിന്റെ രണ്ട് പകുതികളായി ചിത്രീകരിക്കപ്പെടുന്ന രൂപമാണ് അർധനാരീശ്വരൻ.

ബിജെപി, ആർഎസ്എസ് പ്രവർത്തകരുടെ മനസിൽ ഭയവും ദേഷ്യവും വിദ്വേഷവും നിറഞ്ഞുനിൽക്കുകയാണെന്നും അതാണ് സ്നേഹം പ്രകടിപ്പിക്കുന്നതിൽനിന്ന് അവരെ തടയുന്നതെന്നും രാഹുൽ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തെത്തി. രാഹുൽ ഗാന്ധിക്ക് സനാതന ധർമത്തോട് വെറുപ്പാണുള്ളതെന്നും ഹിന്ദുക്കളെ അക്രമികളെന്ന് വിളിച്ച അദ്ദേഹത്തിൽനിന്ന് ജനങ്ങൾ ഉപദേശം സ്വീകരിക്കേണ്ടതില്ലെന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.

അമ്മ സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ 'ബിലോങിങ്: എ ജേർണി ഓഫ് ലവ്' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കവെ, ഭക്ഷണം കഴിക്കുന്ന സമയങ്ങളിൽ അമ്മ അച്ഛൻ രാജീവ് ഗാന്ധിയുടെ മടിയിൽ ഇരിക്കാറുണ്ടായിരുന്നുവെന്ന് രാഹുൽ പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് ഇതൊരു സാധാരണ കാര്യമായാണ് താൻ കരുതിയിരുന്നതെന്നും സുഹൃത്തുക്കളുടെ വീടുകളിൽ ഇതുപോലെ കാണാത്തപ്പോൾ അതേക്കുറിച്ച് അവരോട് ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ ഈ പരാമർശത്തിനെതിരെ ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. സോണിയ ഗാന്ധിക്ക് നാണക്കേടുണ്ടാക്കുന്ന പരാമർശമാണ് രാഹുൽ നടത്തിയതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഉൾപ്പെടെയുള്ളവർ വിമർശിച്ചിരുന്നു.