മനാമ: ബഹ്‌റൈനിലെ സിവിൽ വ്യവസായശാലയ്ക്ക് നേരെ ശനിയാഴ്ച ഇറാന്റെ മിസൈൽ ആക്രമണം. സിത്ര മേഖലയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഫാക്ടറിക്ക് തീ പിടിച്ചു. ഇറാന്റെ ആക്രമണത്തിന്റെ ഭാഗമായാണ് തീപിടിത്തമുണ്ടായതെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആക്രമണത്തിൽ വൻ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ടുകൾ. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണവിധേയമാക്കാൻ പ്രവർത്തിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. അടിയന്തര സാഹചര്യത്തിൽ ജാഗ്രത പാലിക്കാനും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാനും മന്ത്രാലയം പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.
യു.എസ്. നാവികസേനയുടെ അഞ്ചാം ഫ്‌ലീറ്റ് സ്ഥിതിചെയ്യുന്ന ബഹ്‌റൈൻ, കഴിഞ്ഞ ആഴ്ചയിൽ നിരവധി ഇറാനിയൻ വ്യോമാക്രമണങ്ങൾ തടഞ്ഞതായി അറിയിച്ചിട്ടുണ്ട്. അമേരിക്കയും ഇസ്രായേലുമായുള്ള ഇറാന്റെ ഏറ്റുമുട്ടൽ മേഖലയിലുടനീളം വ്യാപിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംഭവവികാസങ്ങൾ.
അതേസമയം യുഎസ് അഞ്ചാം ഫ്‌ലീറ്റിന്റെ ആസ്ഥാനമായ ബഹറൈനിലെ നാല് അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടാണ് ഇറാൻ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് രണ്ട് ഘട്ടങ്ങളിലായി ആക്രമണം നടത്തിയതെന്ന് ബഹറൈൻ സർക്കാരും ഇറാനിയൻ മാധ്യമങ്ങളും അറിയിച്ചു.
ശൈഖ് ഈസ, ജുഫൈർ എന്നിവയുൾപ്പെടെയുള്ള നാല് യുഎസ് താവളങ്ങളാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇറാന്റെ ഫാർസ് വാർത്താ ഏജൻസി അവകാശപ്പെട്ടു. എന്നാൽ ഇറാന്റെ പല ആക്രമണങ്ങളെയും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞതായി ബഹറൈൻ ഭരണകൂടം വ്യക്തമാക്കി. ആക്രമണത്തെത്തുടർന്ന് ബഹറൈനിൽ വലിയ സ്‌ഫോടനശബ്ദങ്ങൾ കേട്ടതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു.
ഈ ആക്രമണത്തിന് തൊട്ടുപിന്നാലെ ദക്ഷിണ ഇറാനിലെ സിരിക് മേഖലയിലും സ്‌ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
Content Highlights: Iran launched missile and drone attacks targeting US military bases in Bahrain., A civil industrial plant in the Sitra area caught fire due to the strike., Bahraini authorities confirmed no casualties and civil defense is controlling the fire., US Fifth Fleet headquarters and four military bases were the primary targets., Explosions were also reported in the Sirik region of southern Iran following the incident.
Published: 22 Nov 2026, 03:43 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented