റഷ്യ-യുക്രൈന് യുദ്ധത്തെക്കുറിച്ചും സംയുക്ത പ്രഖ്യാപനത്തില്‍ പരാമര്‍ശമില്ല

ബീജിങ്: പെട്രോളിയം ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും. വ്യാഴാഴ്ച പുറത്തിറക്കിയ സംയുക്ത 'സമാധാന പ്രഖ്യാപന'ത്തിലാണ് മൂന്ന് രാഷ്ട്രത്തലവന്മാരും ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ അമേരിക്കയുടെ നേതൃത്വത്തിൽ ഇറാനെതിരേ നടക്കുന്ന യുദ്ധത്തിന്റെ പ്രധാന കേന്ദ്രമായി മാറിയ ഹോർമുസ് കടലിടുക്കിനെക്കുറിച്ച് പ്രഖ്യാപനത്തിൽ പരാമർശമില്ല. ലോകത്തെ എണ്ണവിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന പ്രധാന ജലപാതയാണ് ഹോർമുസ് കടലിടുക്ക്.
സംഘർഷം തുടരുന്നതിനിടെ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതവും എണ്ണനീക്കവും ഇപ്പോഴും ഭീഷണി നേരിടുകയാണ്. കടലിടുക്ക് ഇതുവരെ പൂർണമായി തുറന്നിട്ടില്ല. അതേസമയം പൂർണമായി അടച്ചിട്ടുമില്ല. കടുത്ത നിയന്ത്രണങ്ങളോടെയാണ് നിലവിൽ കപ്പൽ ഗതാഗതം നടക്കുന്നത്. ഇതുവഴിയുള്ള സമുദ്രഗതാഗതം ഗുരുതര ഭീഷണിയിലാണ്. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് മൂന്ന് രാജ്യങ്ങളുടെയും സംയുക്ത പ്രഖ്യാപനത്തിൽ ഹോർമുസിനെക്കുറിച്ച് വ്യക്തമായ പരാമർശം ഇല്ലാത്തത്.
എന്നാൽ ഊർജവിതരണം തടസമില്ലാതെ തുടരേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രഖ്യാപനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എല്ലാ രാജ്യങ്ങൾക്കും പ്രയോജനപ്പെടുന്ന വിധത്തിൽ ശുദ്ധീകരിച്ച പെട്രോളിയം ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും വർധിപ്പിക്കാനാണ് മൂന്ന് രാജ്യങ്ങളുടെയും പദ്ധതിയെന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഊർജത്തിന്റെ സ്ഥിരമായ 'ഒഴുക്ക്' ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും നേതാക്കൾ ആവർത്തിച്ചു വ്യക്തമാക്കി. അതേസമയം, റഷ്യ-യുക്രൈൻ യുദ്ധത്തെക്കുറിച്ചും സംയുക്ത പ്രഖ്യാപനത്തിൽ പരാമർശമില്ല. അഞ്ച് വർഷത്തോളമായി യുദ്ധം തുടരുകയാണ്.
ചൈനയിലെ ഷെൻഷെൻ നഗരത്തിലെ കൈലിൻ വില്ലയിൽ വെച്ചാണ് മൂന്ന് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ഏഷ്യ -പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെയാണ് (അപെക്) മൂന്ന് വൻശക്തികളുടെ നേതാക്കൾ പങ്കെടുക്കുന്ന ചരിത്രപരമായ ത്രികക്ഷി കൂടിക്കാഴ്ച. ഫിലിപ്പീൻസ് സന്ദർശനത്തിനുശേഷം ബുധനാഴ്ച ഷെൻഷെനിലെത്തിയ ട്രംപിനെ ഷി ജിൻപിങ് വിമാനത്താവളത്തിലെത്തി സ്വീകരിച്ചിരുന്നു. ചുവന്ന പരവതാനിയും സൈനിക ബഹുമതികളും നൃത്തസംഘങ്ങളുടെ അകമ്പടിയോടെയുമായിരുന്നു സ്വീകരണം. നേരത്തേ എത്തിയ പുതിനുമായി ഷി രണ്ടുമണിക്കൂറോളം ചർച്ച നടത്തിയിരുന്നു.
Content Highlights: US President Donald Trump, Chinese President Xi Jinping, and Russian President Vladimir Putin issued a joint peace declaration pledging increased petroleum production and supply, while remaining conspicuously silent on the Strait of Hormuz crisis.
Published: 19 Nov 2026, 09:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented