ഹൈദരാബാദ്: തെലങ്കാന കോൺഗ്രസിൽ മുഖ്യമന്ത്രിയും പാർട്ടി എം.എൽ.എ.യും തമ്മിൽ വാക്പോര്. വിമതസ്വരം ഉയർത്തുന്ന നേതാക്കളെ ‘പേപ്പട്ടി കടിച്ചവർ’ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശത്തിനെതിരേ വിമർശനവുമായി കോൺഗ്രസ് എം.എൽ.എ. കോമറ്റിറെഡ്ഡി രാജ്‌ഗോപാൽ റെഡ്ഡി രംഗത്തെത്തി.

To advertise here,

ഉന്നത പദവികൾ വഹിക്കുന്നവർ സംസാരിക്കുമ്പോൾ മാന്യതയും സംയമനവും പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തിലിരിക്കുന്നവർ അധികാരത്തിന്റെ അഹങ്കാരം കാണിക്കുകയാണ്. അഴിമതിയിലും ജനങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും എം.എൽ.എ. ആരോപിച്ചു.

സിദ്ദിപേട്ടിൽ നടന്ന പൊതുയോഗത്തിലായിരുന്നു ചില കോൺഗ്രസ് എം.എൽ.എ.മാരെ ലക്ഷ്യമിട്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന. ആരുടെയും പേര് പരാമർശിച്ചിരുന്നില്ല. പാർട്ടിയിലെ ചിലരെ പേപ്പട്ടി കടിച്ചിട്ടുണ്ടെന്ന് തോന്നുന്നുവെന്നാണ് രേവന്ത് പറഞ്ഞത്. പരസ്യമായി എല്ലാത്തിനെയും വിമർശിക്കും. എന്നാൽ, വീട്ടിലെത്തിയാൽ സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ പ്രശംസിക്കും. ഇത്തരക്കാരെ കോൺഗ്രസ് പ്രവർത്തകർ മാനസികാരോഗ്യ കേന്ദ്രമായ എറഗഡയിലേക്ക് കൊണ്ടുപോകുമെന്നും രേവന്ദ് റെഡ്ഡി പറഞ്ഞു.

അടുത്തിടെ സർക്കാരിനെ വിമർശിച്ച കോമറ്റിറെഡ്ഡി രാജ്‌ഗോപാൽ റെഡ്ഡിയെയും അനിരുദ്ധ് റെഡ്ഡിയെയും ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ പരാമർശമെന്നാണ് വിലയിരുത്തൽ. പിന്നാലെയാണ് രാജ്ഗോപാൽ റെഡ്ഡി വെള്ളിയാഴ്ച സാമൂഹികമാധ്യമമായ എക്‌സിലൂടെ മുഖ്യമന്ത്രിക്കെതിരേ രംഗത്തെത്തിയത്. ഉന്നത പദവികൾ വഹിക്കുന്നവർ പൊതുവേദികളിൽ സംസാരിക്കുമ്പോൾ മാന്യത കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തിന്റെ അഹങ്കാരത്തിൽ ഏകപക്ഷീയമായി പെരുമാറിയാൽ ജനങ്ങൾ അംഗീകരിക്കില്ല.

അധികാരത്തിലെത്തിയവർ അഴിമതിയിൽ മുഴുകുകയും ജനങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കുകയും ജനവിരുദ്ധഭരണത്തിന് നേതൃത്വംനൽകുകയും ചെയ്താൽ തെലങ്കാനയിലെ ജനങ്ങളോ ചരിത്രമോ അവരോട് പൊറുക്കില്ല. ഒരുപക്ഷേ, ഭാഗ്യംകൊണ്ടായിരിക്കാം ചിലർക്ക് ഉന്നതപദവികൾ ലഭിച്ചത്. പ്രധാന പദവികളിലിരിക്കുന്ന നേതാക്കൾക്ക് വിവേകവും ആത്മപരിശോധന നടത്താനുള്ള കഴിവും നൽകണമെന്ന് അയ്യപ്പനോട് പ്രാർഥിക്കുന്നതായും അദ്ദേഹം എക്‌സിൽ കുറിച്ചു.

മാധ്യമങ്ങളോടും രാജ്‌ഗോപാൽ റെഡ്ഡി മുഖ്യമന്ത്രിക്കെതിരേ വിമർശനം ഉന്നയിച്ചു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത സർക്കാർ പ്രതിപക്ഷ പാർട്ടികളെ വിമർശിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സർക്കാരിൽ അഴിമതി പൂർണമായും ഇല്ലെന്ന് ഹൃദയത്തിൽ കൈവെച്ച് പറയാൻ രേവന്ത് റെഡ്ഡിക്ക് കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.

വികസനപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കുന്നതിൽ സർക്കാർ വിവേചനം കാണിക്കുന്നുവെന്ന ആരോപണവുമായി രാജ്ഗോപാൽ റെഡ്ഡി നേരത്തേ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക, മന്ത്രി എൻ. ഉത്തംകുമാർ റെഡ്ഡി എന്നിവർക്കെതിരേയും അദ്ദേഹം വിമർശനമുന്നയിച്ചിരുന്നു. വികസനപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് തുല്യമായി വിതരണംചെയ്യുന്നില്ലെന്നായിരുന്നു ആരോപണം.