മനാമ, ടെഹ്റാൻ: ബഹ്റൈനുനേരെ ഇറാൻ ആക്രമണം. ബഹ്റൈനിലെ അൽ-റഫ, അവാലി വ്യോമത്താവളങ്ങളിലുള്ള യുഎസ് വ്യോമ പ്രതിരോധ റഡാർ സംവിധാനങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ അറിയിച്ചു. അതേസമയം ഒരു വ്യാവസായിക കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ബഹ്റൈൻ വ്യക്തമാക്കി.

To advertise here,

ഇറാൻ ഒരു സിവിലിയൻ വ്യാവസായിക കേന്ദ്രം ലക്ഷ്യമിടുകയും ഇത് തീപ്പിടിത്തത്തിനും നാശനഷ്ടങ്ങൾക്കും കാരണമാവുകയും ചെയ്തതായി ബഹ്‌റൈൻ അധികൃതർ അറിയിച്ചു. ഏത് വ്യാവസായിക കേന്ദ്രത്തിലാണ് ആക്രമണം നടന്നതെന്ന് ബഹ്‌റൈൻ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും ആളപായം ഇല്ലെന്നും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇതിനിടെ വ്യോമാതിർത്തി ലംഘിച്ച ഒരു അമേരിക്കൻ യുദ്ധവിമാനത്തിനുനേരെ മിസൈലാക്രമണം നടത്തിയതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. ഇറാന്റെ തെക്കൻ തീരത്തിന് അടുത്തുള്ള ജലാശയത്തിന് മുകളിലൂടെ പറന്ന എഫ്-16 യുദ്ധവിമാനത്തിനുനേരെയാണ് ആക്രമണം നടത്തിയതായി പറയുന്നത്.

വ്യോമാതിർത്തി ലംഘിച്ച അമേരിക്കൻ ജെറ്റിന് നേരെ മിസൈൽ ആക്രമണം നടത്തുകയും അതിന് കേടുപാടുകൾ വരുത്തുകയും, ദൗത്യം ഉപേക്ഷിച്ച് പ്രദേശത്തെ ഏതെങ്കിലും ഒരു വ്യോമത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്താൻ പൈലറ്റിനെ നിർബന്ധിതനാക്കുകയും ചെയ്തുവെന്നും ഇറാൻസൈന്യം അറിയിച്ചു.

എന്നാൽ ഇറാന്റെ അവകാശവാദം യുഎസ് സെൻട്രൽ കമാൻഡ് തള്ളി. 'ഇന്നലെ ഇറാൻ ഒരു യു.എസ്. എഫ്-16 യുദ്ധവിമാനത്തെയും ആക്രമിച്ചിട്ടില്ല. മിഡിൽ ഈസ്റ്റിലുള്ള യു.എസ്. സൈന്യത്തിന്റെ എല്ലാ യുദ്ധവിമാനങ്ങളും സുരക്ഷിതമാണ്. അവയെല്ലാം കൃത്യമായി കണക്കിലുണ്ട്' എന്നും യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചു.