തെഹ്റാൻ: അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും വീണ്ടും മുന്നറിയിപ്പുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) മേധാവി അഹമ്മദ് വാഹിദി. ശത്രുക്കൾക്ക് ഇനിയും നാണം കെടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ 'മിസൈൽ സിറ്റി' എന്ന് വിശേഷിപ്പിക്കുന്ന, ഇറാന്റെ ഭൂഗർഭ ആയുധകേന്ദ്രം സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇപ്പോൾ ശത്രുക്കൾ നേരിടുന്നത് തുടക്കം മാത്രമാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ തിരിച്ചടികൾ കാണേണ്ടിവരുമെന്നും വാഹിദി മുന്നറിയിപ്പ് നൽകി.

To advertise here,

'ശത്രുക്കൾക്ക് ഇപ്പോൾ സംഭവിച്ചത് തുടക്കം മാത്രമാണ്. അവർ കൂടുതൽ അപമാനിക്കപ്പെടുന്നതും നാണംകെടുന്നതും നാം കാണും. സത്യമാണ് വിജയിക്കുന്നതെന്ന് വ്യക്തമാകും. അസത്യം ഇല്ലാതാകണമെന്നാണ് ദൈവത്തിന്റെ തീരുമാനം' -ഐആർജിസി മേധാവി അഹമ്മദ് വാഹിദി പറഞ്ഞതായി ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഐആർജിസി മേധാവിയുടെ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ടു. ഐആർജിസി എയ്റോസ്പേസ് ഫോഴ്സ് മേധാവി മജീദ് മൗസവിയും വാഹിദിക്കൊപ്പം മിസൈൽ സിറ്റി സന്ദർശിച്ചു. പുതിയ ഇരട്ട മിസൈൽ വിക്ഷേപണ സംവിധാനം സന്ദർശനത്തിനിടെ പ്രദർശിപ്പിച്ചു. എന്നാൽ ഈ ഭൂഗർഭ കേന്ദ്രം ഇറാനിലെ ഏത് സ്ഥലത്താണെന്ന് വ്യക്തമല്ല. കഴിഞ്ഞ ആഴ്ചയും സമാനമായ ഭൂഗർഭ മിസൈൽ കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇപ്പോൾ പുറത്തുവിട്ടതും നേരത്തേ പുറത്തുവിട്ടതും ഒരേ കേന്ദ്രത്തിന്റെ ദൃശ്യങ്ങളാണോ എന്ന കാര്യത്തിലും വ്യക്തതയില്ല.

ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ എംക്യു-9 റീപ്പർ ഡ്രോൺ വെടിവെച്ചിട്ടതായി ശനിയാഴ്ച ഐആർജിസി അവകാശപ്പെട്ടിരുന്നു. പുതുതായി വിന്യസിച്ച വ്യോമപ്രതിരോധ സംവിധാനമാണ് ഇതിനായി ഉപയോഗിച്ചതെന്നാണ് ഇറാന്റെ അവകാശവാദം. കടലിടുക്കിലെ വ്യോമനീക്കങ്ങൾ നിരീക്ഷിക്കുന്നതിനിടെയാണ് ഡ്രോൺ കണ്ടെത്തിയതെന്നും തുടർന്ന് തടഞ്ഞ് വെടിവെച്ചിട്ടെന്നും ഐആർജിസി അറിയിച്ചു. ഇറാൻ വെടിവെച്ചിട്ട 58-ാമത്തെ അമേരിക്കൻ എംക്യു-9 ഡ്രോണാണിതെന്നും സൈനിക വൃത്തങ്ങൾ അവകാശപ്പെട്ടു. ഇറാൻ ഇന്റർനാഷണലാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. ദീർഘനേരം പറക്കാൻ ശേഷിയുള്ള അമേരിക്കൻ സൈനിക ഡ്രോണാണ് എംക്യു-9 റീപ്പർ. രഹസ്യവിവരങ്ങൾ ശേഖരിക്കൽ, നിരീക്ഷണം, ശത്രുക്കളുടെ നീക്കങ്ങൾ കണ്ടെത്തൽ, കൃത്യമായി ലക്ഷ്യത്തിലേക്ക് ആക്രമണം നടത്തൽ തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഇത് ഉപയോഗിക്കുന്നത്.

അമേരിക്കയുമായി ദീർഘകാലം യുദ്ധവുമില്ല, സമാധാനവുമില്ല എന്ന അവസ്ഥ അംഗീകരിക്കില്ലെന്ന് ഐആർജിസി വക്താവ് ബ്രിഗേഡിയർ ജനറൽ ഹൊസൈൻ മൊഹെബ്ബി വ്യാഴാഴ്ച പറഞ്ഞിരുന്നു. എല്ലാ തരത്തിലുള്ള സൈനിക സാഹചര്യങ്ങളെയും നേരിടാൻ ഇറാൻ തയ്യാറാണ്. 12 ദിവസം നീണ്ട യുദ്ധത്തിനുശേഷം ഇറാൻ സ്വന്തം വ്യോമപ്രതിരോധ ശേഷി ശക്തിപ്പെടുത്തി. മേഖലയിൽ കുറഞ്ഞത് മൂന്ന് പുതിയ പ്രതിരോധ സംവിധാനങ്ങളെങ്കിലും വികസിപ്പിച്ചെടുത്തിട്ടുണ്ട്. പുതിയ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യാനും നിർമിക്കാനും ഐആർജിസിയുടെ എയ്റോസ്പേസ് ഫോഴ്സിലെ ഉദ്യോഗസ്ഥർ രാവും പകലും പ്രവർത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ബഹ്‌റൈനിലെ അമേരിക്കൻ റഡാർ കേന്ദ്രത്തിനുനേരെ ഡ്രോൺ ആക്രമണം നടത്തിയതായും ഐആർജിസി അവകാശപ്പെട്ടിരുന്നു. നവംബർ 15-ന് അൽ റിഫ ഹെലികോപ്റ്റർ താവളത്തിലെ അമേരിക്കൻ വ്യോമപ്രതിരോധ റഡാർ സംവിധാനമാണ് ലക്ഷ്യമിട്ടത്. ആറ് ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് ഐആർജിസിയുടെ വിശദീകരണം. അമേരിക്കൻ സൈനിക നടപടികൾക്ക് തിരിച്ചടി നൽകുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നും ഇറാൻ അവകാശപ്പെട്ടു. എന്നാൽ ഇറാന്റെ നിരവധി വ്യോമാക്രമണങ്ങൾ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതായി ബഹ്‌റൈൻ അറിയിച്ചു.