ന്യൂഡൽഹി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ മാറി, കാലാവസ്ഥ തെളിഞ്ഞതോടെ രാജ്യതലസ്ഥാനത്തേക്ക് 'ഇന്ത്യ' സഖ്യത്തിന്റെ 'ചലോ ദില്ലി' മഹാറാലിക്കായി ജനങ്ങൾ ഒഴുകിയെത്തുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ഡൽഹി കൊണാട്ട് പ്ലേസിൽ 'ഇന്ത്യ' സഖ്യത്തിലെ പ്രമുഖ നേതാക്കളും പ്രവർത്തകരും ഒരുമിച്ചുകൂടും. തുടർന്ന് അവിടെനിന്ന് രാംലീല മൈതാനിയിലേക്ക് മാർച്ച് ആരംഭിക്കും. തുടർന്ന് പൊതുസമ്മേളനം.

To advertise here,

'ഇന്ത്യ' സഖ്യത്തിന്റെ മുതിർന്ന നേതാക്കളെല്ലാം നിലവിൽ ഡൽഹിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. തുറന്ന വാഹനത്തിൽ റാലിയായി ഇവർ രാംലീല മൈതാനിയിലേക്ക് പോകും. റാലിയിൽ 10 ലക്ഷത്തോളം പേരെ അണിനിരത്താനാണ് ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള ഐക്യമാണ് ഇന്ത്യ സഖ്യത്തിനകത്ത് നിലവിൽ രൂപംകൊണ്ടിരിക്കുന്നത്. സുപ്രധാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ഗ്യാനേഷ് കുമാറിനെതിരേ പ്രതിപക്ഷം പ്രതിഷേധം ശക്തിപ്പെടുത്തുകയാണ്.

 

വൻ സുരക്ഷാക്രമീകരണങ്ങളാണ് ഡൽഹിയിൽ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. 10,000 പോലീസുകാരെയും അർദ്ധസൈനികരെയും തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. രാംലീല മൈതാനത്തിനു ചുറ്റിലും, മിന്റോ ബ്രിഡ്ജിൽനിന്ന് റാലി വേദിയിലേക്കുള്ള വഴിയിലുമായി നാലായിരത്തോളം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കൊണാട്ട് പ്ലേസ്, ജന്തർ മന്തർ, ഭഗവാൻദാസ് റോഡ്, സുപ്രീം കോടതി, തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസ് എന്നിവയ്ക്ക് സമീപങ്ങളിലും കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബാരിക്കേഡുകളും മറ്റും വെച്ച് പ്രദേശം അടച്ചിട്ടുണ്ട്. 250-ഓളം സിസിടിവികളാണ് പ്രദേശത്ത് മാത്രം ഒരുക്കിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽവെച്ച് പ്രതിപക്ഷ നേതാക്കൾ ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ 'ജനകീയ കുറ്റവിചാരണ' പ്രമേയം പാസാക്കിയിരുന്നു. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന ശക്തമായ ആവശ്യവുമായാണ് ഇന്ത്യാ സഖ്യം പ്രതിഷേധത്തിന് ഇറങ്ങുന്നത്.