ന്യൂഡൽഹി: ഇന്ന് രാംലീല മൈതാനത്ത് നടക്കുന്ന ഇന്ത്യാസഖ്യത്തിന്റെ റാലിയിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് വരുന്നവർ, പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനൊപ്പം പ്രാദേശിക വിപണികളിൽനിന്ന് സാധനങ്ങൾ വാങ്ങണമെന്ന് അഭ്യർഥിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷത്തിന്റെ റാലി രാജ്യതലസ്ഥാനത്തെ വ്യാപാരികൾക്ക് തിരിച്ചടിയാകില്ലെന്നും മറിച്ച് അവർക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

പ്രതിഷേധിക്കൂ, മാർച്ച് ചെയ്യൂ, റാലികൾ സംഘടിപ്പിക്കൂ, അതിനൊപ്പം ചെറിയ ഷോപ്പിങ്ങും നടത്തൂ. അത് വ്യാപാരികൾക്ക് സഹായകമാകും, രാഹുൽ പറഞ്ഞു. സാമൂഹികമാധ്യമമായ എക്‌സിൽ പങ്കുവെച്ച വീഡിയോയിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം.

മാർച്ചിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിനാളുകൾ വരുമെന്നാണ് കരുതുന്നതെന്ന് പറഞ്ഞ അദ്ദേഹം, ഈ ഉത്സവകാലത്ത് ചെറുകിട വ്യാപാരികളിൽനിന്ന് സാധനങ്ങൾ വാങ്ങാൻ അവരോട് അഭ്യർഥിക്കുകയും ചെയ്തു.

റാലി, കച്ചവടക്കാർക്ക് ദോഷംചെയ്യില്ലെന്ന് തനിക്കറിയാം. എന്നാൽ, ബിജെപി ഭയത്തിലാണ്, അതിനാലാണ് അവർ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതെന്നും രാഹുൽ പറഞ്ഞു. മാർച്ചും റാലിയും നടക്കുമെന്നും ലക്ഷക്കണക്കിനാളുകൾ ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യാസഖ്യത്തിന്റെ റാലി കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തെ വ്യാപാരികളുടെ സംഘടനകൾ ആശങ്ക ഉയർത്തിയിരുന്നു.