ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നാവശ്യപ്പെട്ട് ‘ഇന്ത്യ’ സഖ്യത്തിന്റെ മഹാറാലി ഞായറാഴ്ച നടക്കും. 12 മണിക്ക് രാംലീല മൈതാനിയിലേക്കാണ് റാലി. കൊണാട്ട് പ്ലേസിൽ നിന്നാരംഭിക്കുന്ന റാലി രാംലീല മൈതാനിയിൽ പൊതുസമ്മേളനത്തോടെ സമാപിക്കും.

To advertise here,

കേരളത്തിൽനിന്നടക്കം ആയിരക്കണക്കിന് നേതാക്കളും പ്രവർത്തകരും ശനിയാഴ്ച തലസ്ഥാനത്തെത്തി. 10 ലക്ഷം പേരെ അണിനിരത്താനാണ് ഒരുക്കങ്ങളെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. മഴകാരണം നനഞ്ഞ മണ്ണിൽ തുണിവിരിക്കുന്നതടക്കമുള്ള പ്രവൃത്തി പുരോഗമിക്കുന്നു. ഡൽഹിയിലെങ്ങും സർക്കാർ കേന്ദ്രസേനയെ വിന്യസിച്ചു.

റാലിയിൽ 18,000 പേരെ പങ്കെടുപ്പിക്കുമെന്ന് സി.പി.എം. രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസും 15,000 പേരെ പങ്കെടുപ്പിക്കുമെന്ന് സി.പി.ഐ. രാജ്യസഭാ നേതാവ് പി. സന്തോഷ് കുമാറും പറഞ്ഞു.

ഗ്യാനേഷിന് പുറത്തുപോകേണ്ടിവരും -രാഹുൽ ഗാന്ധി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൂട്ടുനിന്ന ഗ്യാനേഷ് കുമാറിന് അധികകാലം ആ പദവിയിൽ തുടരാനാവില്ലെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. കൃത്യമായ തെളിവുകൾ പ്രതിപക്ഷത്തിന്റെ പക്കലുണ്ട്. ഭരണഘടനാസ്ഥാപനത്തിന്റെ മറവിൽ എക്കാലവും ഒളിച്ചിരിക്കാൻ കഴിയില്ല. ഗ്യാനേഷിന് പുറത്തുപോകേണ്ടിവരും -രാഹുൽ പറഞ്ഞു. ഇന്ത്യസഖ്യത്തിന്റെ പബ്ലിക് ഇംപീച്ച്‌മെന്റിൽ സംസാരിക്കയായിരുന്നു അദ്ദേഹം.

“ഇവിടെയുള്ള ആളുകൾ ഈ ലോകത്തിലെ ഗ്യാനേഷ് കുമാറുമാരോട് പറയുന്നത് ഇതാണ്, നിങ്ങൾ സംരക്ഷിക്കാമെന്ന് സത്യംചെയ്ത അതേ സ്ഥാപനത്തിനുപിന്നിലാണ് നിങ്ങൾ ഒളിക്കുന്നത്. എപ്പോഴും ആ സ്ഥാപനത്തിനുപിന്നിൽ ഒളിച്ചിരിക്കാനാകില്ല. ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക് ജനപ്രതിനിധികളെ അഭിമുഖീകരിക്കേണ്ടിവരും. മോദിയും ഷായും അധികാരത്തിൽ ഉണ്ടായേക്കാം. അവരെ ഞങ്ങൾ നേരിട്ടോളാം. നിങ്ങൾ അവരുടെ ഉപകരണമാണ്. അതുകൊണ്ടുതന്നെ ഞങ്ങളുടെ ആദ്യ ലക്ഷ്യം നിങ്ങളാണ്. നിങ്ങൾ ചെയ്തത് ഞങ്ങൾ പൊറുക്കാനും മറക്കാനും പോകുന്നില്ല. കാരണം, ഇത് ജനങ്ങളുടെ ശബ്ദത്തിനുനേരേയുള്ള കടന്നാക്രമണമാണ്. അല്പം അഴിമതി നടത്തി, ചെറിയൊരു തട്ടിപ്പ് നടത്തി എന്ന മട്ടിലുള്ള ഒന്നല്ല ഇത്. ഇക്കാര്യത്തിൽ താൻ നിരാശാവാദിയല്ല”- രാഹുൽ പറഞ്ഞു.

നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും ആജ്ഞാനുവർത്തിയായി ഗ്യാനേഷ് കുമാർ ഭരണഘടനയുടെ അടിത്തറ തകർക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. പരിപാടിയിൽ പ്രമേയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ‘‘ബിഹാറിൽ പരീക്ഷിച്ച് രാജ്യവ്യാപകമാക്കിയ എസ്.ഐ.ആർ. നടപടികൾ ആളുകളെ ചേർക്കാനല്ല, പ്രതിപക്ഷവോട്ടർമാരെ പുറന്തള്ളാനാണ്. മരിച്ചവരെ ഒഴിവാക്കുന്നതിൽ എതിർപ്പില്ല. എന്നാൽ, എത്രപേരെ ഒഴിവാക്കുന്നുവെന്ന കൃത്യമായ കണക്ക് നൽകണം. തെറ്റുകൾ മറയ്ക്കാൻ നുഴഞ്ഞുകയറ്റക്കാരെ പഴിചാരുന്നത് അവസാനിപ്പിക്കണം’’ -ഖാർഗെ പറഞ്ഞു.

മീര കുമാർ അധ്യക്ഷയായി. സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ, കപിൽ സിബൽ, മഹുവ മൊയ്ത്ര, യോഗേന്ദ്ര യാദവ്, നേഹാ ബോറ, ഇ.ടി. മുഹമ്മദ് ബഷീർ, എൻ.കെ. പ്രേമചന്ദ്രൻ, ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ, ജോസ് കെ.മാണി, ജി. ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു.