ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയ ഇ.സി.ഐ. നെറ്റ് സംവിധാനത്തിന്റെ പ്രവർത്തനം വിവാദമുയർത്തുന്നതിനിടെ, ഉത്തർപ്രദേശിൽ ഈ സംവിധാനത്തെപ്പറ്റി പുതിയ നിർദേശം. വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ നിയമസഭാ മണ്ഡലങ്ങളിൽ വിന്യസിച്ച 806 കംപ്യൂട്ടർ എൻജിനിയർമാരുടെ ഇ.സി.ഐ. നെറ്റ് ലോഗിൻ ഐ.ഡി.കൾ ഉടൻ നിർജീവമാക്കാൻ സംസ്ഥാന ഇലക്‌ടറൽ ഓഫീസറുടെ ഓഫീസ് ശനിയാഴ്ച അടിയന്തര നിർദേശം നൽകി.
പീലീഭീത്, അസംഗഢ് തുടങ്ങിയ ജില്ലകളിൽ പോർട്ടലിലെ ലോഗിൻ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടെന്ന് പരാതി ഉയർന്നിരുന്നു. വോട്ടർപട്ടിക കൈകാര്യം ചെയ്യുന്നതിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. പീലീഭീത് നിയമസഭാ മണ്ഡലം സംബന്ധിച്ച കേസിൽ ആരോപണവിധേയനായ കംപ്യൂട്ടർ അസിസ്റ്റന്റിന്റെ സേവനം ഉടൻ അവസാനിപ്പിക്കാൻ ഔട്ട്‌സോഴ്സിങ് ഏജൻസിക്ക് സംസ്ഥാന തിരഞ്ഞടുപ്പ് ഓഫീസ് നിർദേശം നൽകി.
ഓരോ നിയമസഭാ മണ്ഡലത്തിലും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ (ഇ.ആർ.ഒ.) ഓഫീസിലെ വോട്ടർ രജിസ്‌ട്രേഷൻ കേന്ദ്രങ്ങളിൽ ഓപ്പറേറ്റർമാരായി രണ്ടു കമ്പ്യൂട്ടർ അസിസ്റ്റന്റുമാർ വീതമുണ്ട്. ഇ.സി.ഐ. നെറ്റ് പോർട്ടൽ ഉപയോഗിക്കാൻ ഇവർക്കുണ്ടായിരുന്ന അനുമതിയാണ് പിൻവലിച്ചത്. ബൂത്ത് ലെവൽ ഓഫീസർമാരിൽ (ബി.എൽ.ഒ.) പലർക്കും ബി.എൽ.ഒ. ആപ്പിൽ പ്രവർത്തിക്കാൻ പരിശീലനം ലഭിക്കാത്തതിനാലാണ് തുടക്കത്തിൽ പോർട്ടൽ ഉപയോഗിക്കാൻ കംപ്യൂട്ടർ അസിസ്റ്റന്റുമാർക്ക് അനുമതി നൽകിയത്. ഇപ്പോൾ ഭൂരിഭാഗം ബി.എൽ.ഒ. മാർക്കും ആപ്പ് ഉപയോഗിക്കാൻ പരിശീലനം കിട്ടിയതിനാൽ ഇനി ഓപ്പറേറ്റർമാരുടെ സഹായം വേണ്ടെന്നാണ് കമ്മിഷന്റെ വിശദീകരണം.
പോളിങ് ബൂത്തുമായി ബന്ധപ്പെട്ട ഫോമുകൾ അതത് ബൂത്തിലെ ബി.എൽ.ഒ. മാത്രമേ സമർപ്പിക്കാവൂ എന്നാണ് പുതിയ നിർദേശം. ഇ.സി.ഐ. നെറ്റ്, ബി.എൽ.ഒ. ആപ്പ് എന്നിവവഴി ഓൺലൈൻ മുഖേനയോ നേരിട്ടോ ഫോം സമർപ്പിക്കാം. ഇ.ആർ.ഒ. മാർക്ക് സ്വന്തം ലോഗിൻ വിവരം ഉപയോഗിച്ച് സിസ്റ്റത്തിൽ പ്രവേശിക്കാൻ തുടർന്നും സൗകര്യമുണ്ടാകും.
പുതിയ നിർദേശം
ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലെയും കംപ്യൂട്ടർ അസിസ്റ്റന്റുമാരുടെ ലോഗിൻ ഐ.ഡി.കൾ നിർജീവമാക്കുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്തെന്ന് ഉറപ്പാക്കാൻ ചീഫ് ഇലക്ടറൽ ഓഫീസർ നവ്ദീപ് റിൻവ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ലോഗിൻ ഐ.ഡി.കൾ നിർജീവമാക്കിയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ച് ഉറപ്പിക്കണം. തുടർനടപടികളുടെ റിപ്പോർട്ട് ചീഫ് ഇലക്ടറൽ ഓഫീസർക്ക് നൽകണം.
Content Highlights: UP Chief Electoral Officer ordered immediate deactivation of ECI Net login IDs for 806 computer engineers., Action taken following complaints of portal misuse in districts like Pilibhit and Azamgarh., Computer assistants' portal access withdrawn as Booth Level Officers (BLOs) are now trained to use the BLO app., Only BLOs are authorized to submit polling booth-related forms moving forward.
Published: 01 Nov 2026, 07:16 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented